വേളൂക്കരയിലെ വനിതാ രത്നങ്ങൾ
Friday, November 10, 2023 5:38 PM IST
അടുക്കളയിൽ നിന്ന് അന്താരാഷ്ട്ര വിപണിയിലേക്കു നീളുന്ന കൈപ്പുണ്യവുമായി തൃശൂർ ജില്ലയിൽ ചാലക്കുടിക്കടുത്തുള്ള വേളൂക്കരയിലെ ആറ് വീട്ടമ്മമാർ.
ബന്ധുക്കളും പ്രദേശവാസികളുമായ ഷെന്നി ജോയ്, മകൾ ജെന്നി റോസ്, മേരി സ്റ്റീഫൻ, ജിജി ജോയ്, ടിൻസി ജിയോ, ലിസി സ്റ്റാബി എന്നിവരാണ്.
മലയാള നാടിന്റെ രുചികൾ മറുനാട്ടിലെ തീൻമേശകളിലെത്തിച്ചു വിദേശ നാണ്യം നേടുന്നത്. വിറ്റാ റിച്ച് ഇന്റർനാഷണൽ എന്ന ഇവരുടെ ഭക്ഷ്യസംസ്കരണ കന്പനി, വനിത സംരംഭകത്വത്തിന്റെയും സ്ത്രീ ശാക്തീകരണത്തിന്റെയും മികച്ച മാതൃകയാണ്.
ഷെന്നി ജോയിയാണ് കന്പനിയുടെ മാനേജിംഗ് പാർട്ണർ. ഷെന്നിയുടെ വീടിനോട് ചേർന്നുള്ള ഷെഡിലാണ് ഉത്പാദന യൂണിറ്റ് പ്രവർത്തിക്കുന്നത്.
ഗുണമേന്മയിലും പരിശുദ്ധിയിലും റിച്ച് ആയ നാടൻ ഉത്പന്നങ്ങളാണ് വിറ്റാ റിച്ചിന്റെ ഹൈലൈറ്റ്. പ്രത്യക്ഷമായും പരോക്ഷമായും പത്തോളം സ്ത്രീകൾക്ക് ഈ സംരംഭം തൊഴിൽ നൽകുന്നുണ്ട്.
മൂല്യവർധിത ചക്ക
പുറത്തു മുള്ളുണ്ടെങ്കിലും അകത്ത് മധുരിക്കുന്ന ആരോഗ്യഫലങ്ങൾ ഉള്ള കംപ്ലീറ്റ് ഫ്രൂട്ട് ആണ് ചക്ക. ചക്കയുടെ ബ്രാൻഡ് അംബാസഡർമാരായ ഷെന്നിയും സഹ പാർട്ണർമാരും ചേർന്ന്, 2022 മേയിലാണ് വിറ്റാ റിച്ച് ഇന്റർനാഷണൽ എന്ന കന്പനി ആരംഭിച്ചത്.
2008 ൽ ഷെന്നി, ലിസി, മേരി എന്നിവർ മറ്റ് ചിലരുമായി ചേർന്ന് ഒരു ചക്ക സംസ്കരണ യൂണിറ്റ് തുടങ്ങിയിരുന്നുവെങ്കിലും, അന്ന് മാർക്കറ്റിംഗ് സാധ്യതകൾ കുറവായിരുന്നതിനാൽ വിജയിക്കാനായില്ല.
ഉണക്കച്ചക്ക, ചക്കപ്പൊടി, സ്ക്വാഷ് എന്നിവയായിരുന്നു അന്നത്തെ ഉത്പന്നങ്ങൾ. പെട്ടിയിൽ കാശ് വന്നില്ലെങ്കിലും, ചക്കയെ കയ്യൊഴിയാൻ ഇവർ തയാറല്ലായിരുന്നു.
പള്ളി പെരുന്നാളിനോട് അനുബന്ധിച്ചുള്ള ഭക്ഷ്യമേളയിൽ ഇടിഞ്ചക്ക കട്ലറ്റ്, ചക്കക്കുരു അവലോസുണ്ട, ചക്ക ഉണ്ണിയപ്പം എന്നിവയുമായി ഇവരെത്തി. പലഹാരങ്ങൾ ചൂടപ്പം പോലെ വിറ്റഴിഞ്ഞതോടെ സാധ്യത തിരിച്ചറിഞ്ഞു.
തുടർന്ന്, തൃശൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടന്ന, മൂല്യവർധിത ഉത്പന്നങ്ങളെ കുറിച്ചുള്ള ക്ലാസുകളിൽ പങ്കെടുത്തു.
ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ വളർച്ചയോടെ വിപണനത്തിന് പുതിയ അവസരങ്ങളും തുറന്നു കിട്ടിയതോടെ വിറ്റാ റിച്ച് ഇന്റർനാഷണലിന് ടേക്ക് ഓഫ് ആയി. ഒൻപതര ലക്ഷം രൂപ ബാങ്ക് ലോണ് എടുത്താണ് സംരംഭം ആരംഭിച്ചത്.
യന്ത്രസാമഗ്രികൾ വാങ്ങാൻ ഐസിഐസിഐ ഫൗണ്ടേഷന്റെ സാന്പത്തിക സഹായം ലഭിച്ചു.

കടൽ കടന്ന കൈപ്പുണ്യം
ചക്ക പുട്ടുപൊടി, ദോശപ്പൊടി, ചപ്പാത്തിപ്പൊടി, ബനാന പുട്ടുപൊടി, ചക്ക ഉപ്പുമാവ്, ഇഡലിപ്പൊടി, നെല്ലി ക്ക കാന്താരി, നറുനീണ്ടി, ജാതിക്ക സ്ക്വാഷുകൾ, അച്ചാറുകൾ തുടങ്ങി റിച്ചാണ് കന്പനിയുടെ ഉത്പന്ന നിര.
യുഎഇ അമേരിക്ക എന്നിവിടങ്ങളിലേക്കാണു പ്രധാനമായും കയറ്റുമതി. ഒരു വർഷത്തിനിടയിൽ ആറുതവണ ഈ രാജ്യങ്ങളിലേക്ക് ഉത്പന്നങ്ങൾ കയറ്റി അയച്ചു. കഴിഞ്ഞമാസം മാത്രം യുഎഇയിലേക്ക് അയച്ചത് മൂന്നു ടണ്.
പ്രവാസി മലയാളി ബിസിനസുകാരാണ് സാധനങ്ങൾക്ക് ഓർഡർ നൽകുന്നത്. നാട്ടിലെ വില്പനയിൽ ഏറെയും, വാട്സ്ആപ്പ്, ഫേസ്ബുക്ക് കൂട്ടായ്മകളിലൂടെയാണ്.
ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും കൃഷിവകുപ്പിന്റെയും കിസാൻ സർവീസ് സൊസൈറ്റിയുടെയും കാർഷിക മേളകളിൽ സ്റ്റാളുകൾ ഇടാറുണ്ട്.
ഇവിടെ തത്സമയം പലഹാരങ്ങൾ തയാറാക്കി നൽകുകയും ചെയ്യുന്നു. ഒരു ഗ്ലാസ് പുട്ടു പൊടിക്ക് ഒരു ഗ്ലാസ് ചൂടുവെള്ളവും തേങ്ങാപ്പീരയും അതാണ് കണക്ക്. കയറ്റുമതിക്ക് ഓർഡർ ലഭിക്കുന്നതും ഇത്തരം കാർഷിക മേളകളിലൂടെ തന്നെ.
തദ്ദേശ ശ്രീ
നാട്ടിലെ വീടുകളിൽ നിന്നാണ് ചക്ക വാങ്ങുന്നത്. അരിഞ്ഞ് വൃത്തിയാക്കിയ ചക്ക (സീസണ് അനുസരിച്ച്) കിലോ 40-60 രൂപക്കു വാങ്ങും.
പ്രദേശവാസികളായ ഏതാനും വീട്ടമ്മമാർക്കും ഇത്തരത്തിൽ വരുമാനം ലഭിക്കുന്നു. വാഴക്കുല അടുത്തുള്ള നാട്ടുചന്തയിൽ നിന്നു വാങ്ങും.
പൊടികൾ
അരിഞ്ഞ ചക്ക/ബനാന നീരാവി കൊള്ളിച്ച ശേഷം 14 മണിക്കൂർ വരെ ഡ്രയറിൽ ഉണക്കിയ ശേഷം സ്വന്തം മില്ലിൽ പൊടിച്ചെടുക്കുന്നു. ഒറ്റത്തവണ 50 -60 കിലോ വരെ ഉണക്കാൻ ശേഷിയുള്ള ഡ്രയറാണ് ഇവിടെയുള്ളത്.
സ്ക്വാഷ്
പഴുത്ത ചക്ക, ആവിയിൽ പുഴുങ്ങി മിക്സിയിൽ അടിച്ച് പഞ്ചസാരയും വെള്ളവും ചേർത്ത് എടുത്താൽ സ്ക്വാഷ് റെഡി.
വരമായി വരുമാനം
ഉത്പന്നങ്ങൾ വിറ്റുകിട്ടുന്ന പണത്തിന്റെ ഏറിയ പങ്കും കന്പനി വിപുലീകരിക്കുന്നതിനായി മുടക്കുകയാണ്. (ഓർഡർ അനുസരിച്ച്) ആറ് പാർട്ണർമാരും ചേർന്നാണ് ഉത്പന്നങ്ങൾ തയാറാക്കുന്നത്.
ജോലിയുള്ള ദിവസങ്ങളിൽ എല്ലാവർക്കും 500 രൂപ വീതം വേതനം. ഉത്സവങ്ങളോട് അനുബന്ധിച്ച് ചെറിയൊരു തുക ബോണസും കിട്ടും. ഇതിനു പുറമേ എല്ലാവരും ചേർന്ന് കന്പനിയുടെ പേരിൽ ചിട്ടിയും ചേർന്നിട്ടുണ്ട്.
ചക്കയിൽ നിന്ന് ഇത്രയധികം വിഭവങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്ന് അറിയില്ലായിരുന്നു എന്ന് ഈ വനിതാ സംരംഭകർ. ന്ധകയറ്റുമതി ഓർഡർ ഉള്ളപ്പോൾ രാത്രി രണ്ടുവരെയൊക്കെ ജോലിയുണ്ടാകും ഇതൊക്കെ രസകരമായ അനുഭവങ്ങളാണ്.
ചക്ക ബനാന പുട്ടുപൊടികൾ, നെല്ലിക്ക കാന്താരി, നറുനീണ്ടി, ചക്ക സ്ക്വാഷുകൾ എന്നിവയ്ക്കാണ് ഏറ്റവും ഡിമാൻഡ് എന്ന് സംരംഭകരിൽ ഒരാളായ മേരി സ്റ്റീഫൻ പറഞ്ഞു.
നെല്ലിക്ക കാന്താരി സ്ക്വാഷ് 160 രൂപയാണ് വില (അര ലിറ്റർ സ്ക്വാഷിൽ നിന്നും 25 ഗ്ലാസോളം ജ്യൂസ് ലഭിക്കും), നറുനീണ്ടി (750 എം എൽ) 180 രൂപ, ചക്ക, ബനാന പുട്ടുപൊടികൾ(കാൽ കിലോ)100 രൂപ, ജ്യൂസ് (ഒരു ഗ്ലാസ്) 30 രൂപ എന്നിങ്ങനെയാണ് ഓരോന്നിന്റെയും വില.
കന്പനിയിൽ നേരിട്ട് എത്തി വാങ്ങുന്നവർക്കും, മൊത്ത വ്യാപാരികൾക്കും ഡിസ്കൗണ്ട് ഉണ്ട്.
ബന്ധങ്ങളുടെ ഇഴയടുപ്പം
പാലാട്ടി, വട്ടോലി, ആച്ചാടൻ, ചക്കാലക്കൽ, കണ്ണന്പുഴ കുടുംബാംഗങ്ങളാണ് സംരംഭകരായ വനിതകൾ. തങ്ങളുടെ പ്രവർത്തനങ്ങൾക്ക് ഭർത്താക്ക·ാരുടെ പൂർണ പിന്തുണയുണ്ടെന്ന് ഇവർ പറയുന്നു.
എക്സ് സർവീസ് മെൻസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി ജോയ് ആണ് ഷെന്നിയുടെ ഭർത്താവ്, മകൻ ജെന്നറ്റ്, മകൾ ജെന്നി റോസ്. സ്റ്റാബിയാണ് ലിസിയുടെ ഭർത്താവ്, മക്കൾ അലീന, അലക്സ്.
മറ്റുള്ളവർ: ജിജി ഭർത്താവ് ജോയ്, മക്കൾ: സെലിൻ റോസ്, ഏബൽ. മേരി ഭർത്താവ് സ്റ്റീഫൻ, മക്കൾ: ഫിമ, നിമ, സാനിയ, സേറ. ടിൻസി ഭർത്താവ് ജിയോ മക്കൾ: ആഗ്നസ് മരിയ ആൽബർട്ട്, അലോഷ്യസ്. ജെന്നി റോസ് ഭർത്താവ് ഫിന്റോ ആന്റണി, മക്കൾ: ഡേവിഡ് ഫിന്േറാ, റെയ്ച്ചൽ മേരി ഫിന്റോ.
ഫോണ്: 9496530677
രജീഷ് നിരഞ്ജൻ