കരുതലും പ്രതിരോധവും
Wednesday, November 8, 2023 5:25 PM IST
ക്ഷീരമേഖലയിൽ കനത്തസാന്പത്തികനഷ്ടമുണ്ടാക്കുന്ന കന്നുകാലികളിലെ സാംക്രമിക വൈറസ് രോഗമാണ് ഫൂട്ട് ആൻഡ് മൗത്ത് ഡിസീസ് (എഫ്എംഡി) അഥവാ കുളന്പുരോഗം.
പികോർണ എന്ന വൈറസ് കുടുംബത്തിലെ ആഫ്ത്ത എന്നയിനം രോഗാണുക്കളാണ് രോഗമുണ്ടാക്കുന്നത്. ആട്, പന്നി തുടങ്ങിയ ഇരട്ടക്കുളന്പുള്ള വളർത്തുമൃഗങ്ങളേയും രോഗം ബാധിക്കും.
രോഗപകർച്ച
രോഗം ബാധിച്ചതോ രോഗവാഹകരോ ആയ കാലികൾ നിശ്വാസവായുവിലൂടെയും ഉമിനീർ, പാൽ തുടങ്ങിയ ശരീരസ്രവങ്ങളിലൂടെയും ചാണകത്തിലൂടെയും മൂത്രത്തിലൂടെയും വൈറസിനെ ധാരാളമായി പുറംതള്ളും.
രോഗബാധയേറ്റതോ രോഗാണുവാഹകരോ ആയ കന്നുകാലികളുമായി നേരിട്ടോ അല്ലാതെയോ ഉള്ള സന്പർക്കത്തിലൂടെയും വായുവിലൂടെയുമാണു കുളന്പുരോഗം പ്രധാനമായും പടരുന്നത്.
രോഗം ബാധിച്ച കന്നുകാലികളുടെ ചാണകവും മൂത്രവും ശരീരസ്രവങ്ങളും കലർന്ന് രോഗാണുമലിനമായ തീറ്റയിലൂടെയും വെള്ളത്തിലൂടെയും രോഗം വ്യാപിക്കും. ഫാമിലെത്തുന്ന വാഹനങ്ങളിലൂടെയും ഫാം ഉപകരണങ്ങളിലൂടെയുമെല്ലാം രോഗം പടരാം.
മനുഷ്യരെ ഈ രോഗം ബാധിക്കില്ലെങ്കിലും രോഗബാധയേറ്റ കന്നുകാലികളുമായി ഇടപഴകുന്നവരുടെ വസ്ത്രത്തിലൂടെയും പാദരക്ഷകളിലൂടെയുമെല്ലാം പരോക്ഷമായി രോഗം മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിക്കാം.
തണുത്തതും ഈർപ്പമുള്ളതുമായ അന്തരീക്ഷം കാറ്റിലൂടെയുള്ള രോഗാണുവ്യാപനം എളുപ്പമാക്കും. അനുകൂലസാഹചര്യങ്ങളിൽ വായുവിലൂടെ 60 കിലോമീറ്റർ വരെ ദൂരത്തേക്ക് വ്യാപിക്കാൻ വൈറസിന് ശേഷിയുണ്ട്.
മാത്രമല്ല രോഗബാധിച്ചവയുടെ വിസർജ്യവും ശരീരസ്രവങ്ങളും കലർന്ന് മലിനമായ മണ്ണിൽ മൂന്ന് ദിവസം മുതൽ നാല് ആഴ്ച വരെ നിലനിൽക്കാനും ചാണകസ്ലറിയിൽ ആറുമാസം വരെ പിടിച്ചുനിൽക്കാനും കുളന്പുരോഗ വൈറസിന് കഴിയും.
ലക്ഷണങ്ങൾ ശ്രദ്ധിക്കാം
കുളന്പുരോഗം ഉണ്ടാക്കുന്ന വൈറസിന് സീറോടൈപ്പുകൾ എന്നറിയപ്പെടുന്ന 7 പ്രധാന വകഭേദങ്ങളുണ്ട്.
ഓരോന്നിനും ഉപവകഭേദങ്ങൾ വേറെയുമുണ്ട്. മുൻവർഷങ്ങളിൽ നിന്നു വ്യത്യസ്തമായി ഏഷ്യ 1, എ എന്നീ സീറോടൈപ്പിൽ പെട്ട വൈറസുകളാണ് ഏറ്റവും അവസാനം സംസ്ഥാനത്ത് രോഗബാധ ഉണ്ടാക്കിയത്.
പശുക്കുട്ടികളിലാണു തീവ്രമായ രോഗലക്ഷണങ്ങൾ കണ്ടുവരുന്നത്. വൈറസ് പശുക്കളിലെത്തി രണ്ട് മുതൽ 14 ദിവസത്തിനകം ലക്ഷണങ്ങൾ കണ്ടുതുടങ്ങും.
ശക്തമായ പനി, പേശികളുടെ വിറയൽ, ശരീരവേദന കാരണം നടക്കാനുള്ള പ്രയാസം, തീറ്റമടുപ്പ്, മൂക്കൊലിപ്പ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. കറവയുള്ള പശുക്കളിൽ പാലുത്പാദനം ഒറ്റയടിക്ക് കുറയും.
പശുക്കളുടെ വായിൽ നിന്ന് ഉമിനീർ പതഞ്ഞു പുറത്തേക്കു ധാരധാരയായി നൂലുപോലെ ഒലിച്ചിറങ്ങും. പശുക്കൾ വായ് തുറന്നടയ്ക്കുന്പോൾ ഉമിനീർ പതഞ്ഞ് ന്ധചപ്, ചപ്ന്ധ എന്ന ശബ്ദം കേൾക്കാം.
ഒന്നോ രണ്ടോ ദിവസത്തിനകം വായയിലും നാക്കിലും മോണയിലും മൂക്കിലും അകിടിലും കുളന്പുകൾക്കിടയിലും ചുവന്നു തിണർത്തു നീര് നിറഞ്ഞ പോളകൾ കണ്ടുതുടങ്ങും. ഇരുപത്തിനാലുമണിക്കൂറിനുള്ളിൽ ഈ തിണർപ്പുകൾ പൊട്ടി വ്രണങ്ങളാകും.
രോഗബാധയേറ്റ പശുക്കളുടെ നാവും മോണയും പരിശോധിച്ചാൽ പുറംതൊലി പല ഭാഗങ്ങളിലായി അടർന്ന് മുറിവായതായി കാണാം. കൈകാലുകളിലെ വ്രണങ്ങളിൽ പുഴു ബാധക്കും സാധ്യതയുണ്ട്.
പുഴു ബാധയേറ്റാൽ പശുക്കൾ വേദനമൂലം കൈകാലുകൾ നിരന്തരം കുടയുന്നതു കാണാം. വ്രണങ്ങളിൽ മുറിവുണങ്ങാൻ മതിയായ ചികിത്സ നൽകിയില്ലങ്കിൽ കുളന്പ് അടർന്നു പോവുന്നതടക്കമുള്ള പ്രശ്നങ്ങൾ വരാം.
രോഗാണു ഹൃദയപേശിയെ ഗുരുതരമായി ബാധിക്കുന്നതിനാൽ പശു, എരുമ കിടാക്കളിൽ മരണനിരക്ക് കൂടുതലാണ്. വലിയ പശുക്കളിൽ മരണനിരക്ക് കുറവാണെങ്കിലും രോഗലക്ഷണങ്ങൾ തീവ്രമായി പ്രകടമാവും. പകർച്ചാനിരക്കും കൂടുതലാണ്.
ഹോൾസ്റ്റൈൻ ഫ്രീഷ്യൻ, ജേഴ്സി തുടങ്ങിയ സങ്കരയിനം പശുക്കളെ അപേക്ഷിച്ചു നാടൻ പശുക്കൾ പൊതുവെ കുളന്പ് രോഗത്തിനെതിരെ സ്വാഭാവിക പ്രതിരോധശേഷി പുലർത്താറുണ്ട്. ഇവയിൽ രോഗം ബാധിക്കുമെങ്കിലും ലക്ഷണങ്ങൾ തീവ്രമാവുന്നതും മരണം സംഭവിക്കുന്നതും കുറവാണ്.
കുളന്പുരോഗം സ്ഥിരീകരിച്ചാൽ
കന്നുകാലികളിൽ കുളന്പുരോഗത്തിന്റെ പ്രാരംഭലക്ഷണങ്ങൾ കണ്ടാൽ ഉടൻ അടുത്തുള്ള മൃഗാശുപത്രിയിൽ വിവരം അറിയിക്കണം.
രോഗവ്യാപനം തടയാൻ ഒന്നുമുതൽ അഞ്ചുകിലോമീറ്റർ ചുറ്റളവിൽ എല്ലാ കന്നുകാലികൾക്കും റിംഗ് വാക്സിനേഷൻ ഉൾപ്പെടെയുള്ള പ്രതിരോധ നടപടികൾക്കു വേണ്ടിയാണിത്. രോഗം സംശയിക്കുന്നവയെ മാറ്റി പാർപ്പിച്ചു ചികിത്സയും പരിചരണവും നൽകണം.
സങ്കരയിനം പശുക്കളിൽ കുരലടപ്പൻ, തൈലേറിയ, അനാപ്ലാസ്മ, ബബീസിയ തുടങ്ങിയ രോഗാണുക്കൾ വ്യാപകമായി കാണുന്നതിനാൽ കുളന്പുരോഗം ബാധിച്ച് പശുക്കളുടെ ശരീരം സമ്മർദത്തിലാവുന്പോൾ ഈ രോഗാണുക്കൾ പെരുകാനും പാർശ്വാണു ബാധകൾ മൂർച്ഛിക്കാനും കുളന്പുരോഗം കൂടുതൽ തീവ്രമാകാനും സാധ്യതയുമുണ്ട്.
കുളന്പുരോഗം ബാധിച്ച വലിയ പശുക്കളിൽ മരണം സംഭവിക്കുന്നതു പലപ്പോഴും ഇത്തരം പാർശ്വാണുബാധകൾ മൂലമാണ്. കുളന്പുരോഗത്തിനൊപ്പമെത്തുന്ന അകിടുവീക്കത്തെയും സൂക്ഷിക്കണം.
അനുബന്ധ അണുബാധകൾക്കെതിരെയും ലക്ഷങ്ങളുടെ തീവ്രത കുറയ്ക്കാനും ആന്റിബയോട്ടിക്, ആന്റി ഇൻഫ്ളമേറ്ററി, കരൾ സംരക്ഷണ മരുന്നുകളും, പനി, വേദന സംഹാരികളും, ജീവകധാതു മിശ്രിത കുത്തിവയ്പുകളും രോഗാരംഭത്തിൽ തന്നെ രോഗം ബാധിച്ച കന്നുകാലികൾക്ക് നൽകണം.
കുളന്പുരോഗം ബാധിച്ച കാലികളുടെ പരിചരണത്തിൽ ശ്രദ്ധിക്കാൻ
രോഗം ബാധിച്ച കാലികൾക്കു വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിനൊപ്പം അവയുടെ ദൈനംദിന പരിചരണത്തിലും ശ്രദ്ധിക്കേണ്ടതുണ്ട്. രോഗമില്ലാത്തവയെ പരിചരിച്ചശേഷം മാത്രമേ രോഗമുള്ളവയുമായി ഇടപഴകാൻ പാടുള്ളൂ.
രോഗം ബാധിച്ചവയുടെ വായ് ദിവസവും പല തവണയായി പൊട്ടാസ്യം പെർമാൻഗനേറ്റ് ഒരു ശതമാനം വീര്യമുള്ള ലായനിയോ, സോഡിയം ബൈകാർബണേറ്റ് (അപ്പക്കാരം) രണ്ടു ശതമാനം വീര്യമുള്ള ലായനിയോ ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം.
നാവിലെയും വായിലെയും വ്രണങ്ങളിൽ ബോറിക് ആസിഡ് പൗഡർ ഗ്ലിസറിനിലോ (ബൊറാക്സ് ഓയിൻമെന്റ്) തേനിലോ ചാലിച്ചു പുരട്ടുകയും വേണം.
വിപണിയിൽ ലഭ്യമായ വായിലെ വ്രണമുണക്കത്തിനു സഹായിക്കുന്ന പ്രത്യേക മരുന്നുകൾ (ഉദാ: ടോപിക്യൂർ എസ്ജി) വാങ്ങിയും പ്രയോഗിക്കാം. വായിൽ വ്രണങ്ങളും വേദനയുമുള്ള സാഹചര്യത്തിൽ വൈക്കോൽ, പൈനാപ്പിൾ ഇല അടക്കമുള്ള ചവച്ചിറക്കാൻ പ്രയാസമുള്ള തീറ്റകൾ ഒഴിവാക്കണം.
രോഗം ബാധിച്ച കാലികളുടെ കൈകാലുകൾ രണ്ടു ശതമാനം വീര്യമുള്ള തുരിശ് ലായനി (കോപ്പർ സൾഫേറ്റ് പൗഡർ 20 ഗ്രാം വീതം ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് ലായനി തയാറാക്കാം ) ഉപയോഗിച്ച് കഴുകിയ ശേഷം വ്രണങ്ങളിൽ ആന്റിസെപ്റ്റിക് ലേപനങ്ങൾ പ്രയോഗിക്കണം.
അയഡിൻ ലേപനം, സൾഫാനിലമൈഡ് പൗഡർ തുടങ്ങിയവയൊക്കെ ഉപയോഗിക്കാം. വ്രണങ്ങൾ കഴുകാൻ രണ്ട് ശതമാനം വീര്യമുള്ള അലക്കുകാര ലായനിയും ഉപയോഗിക്കാം.
ഈച്ചകളെ അകറ്റാനും പുഴുബാധ തടയാനും ഡോക്ടറുടെ നിർദേശപ്രകാരം പ്രത്യേക ഓയിൻമെന്റുകളോ, കുത്തിവയ്പ്പോ പ്രയോഗിക്കാം. വേപ്പണ്ണ, പൂവ്വത്തെണ്ണ തുടങ്ങിയ ജൈവക്കൂട്ടുകളും മുറിവുകളിൽ നിന്നും പരാദങ്ങളെ അകറ്റി നിർത്തും.
കുളന്പുകളിലെ മുറിവുകളിൽ കോൾടാറും തുരിശും 5 : 1 എന്ന അനുപാതത്തിൽ ചേർത്ത ലേപനം പുരട്ടാവുന്നതാണ്.
മുൻകരുതലുകൾ
ഫാമുകളിൽ അനാവശ്യ സന്ദർശകരുടെയും, വാഹനങ്ങളുടെയും പോക്കുവരവ് നിയന്ത്രിക്കണം. ഫാമിന്റെ ഗേറ്റിലും തൊഴുത്തിന്റെ കവാടത്തിലും അണുനാശിനി നിറച്ചു പ്രത്യേകം ഫൂട്ട് ബാത്ത് ടാങ്ക്, ടയർ ഡിപ്പ് എന്നിവ ക്രമീകരിക്കാം.
പുറത്തുനിന്ന് ഫാമിലേക്കുള്ള ഉപകരണങ്ങൾ കൊണ്ടുവരുന്പോൾ അണുവിമുക്തമാക്കിയ ശേഷം ഫാമിൽ കയറ്റുക. മൂന്ന് ശതമാനം വീര്യമുള്ള ബ്ലീച്ചിംഗ് പൗഡർ ലായനി, നാല് ശതമാനം വീര്യമുള്ള അലക്കുകാരലായനി എന്നിവ അണുനശീകരണത്തിന് ഉപയോഗിക്കാം.
രോഗബാധ കണ്ടെത്തിയ പ്രദേശങ്ങളിലേക്കുള്ള കന്നുകാലികളുടെ പോക്കുവരവും, അവിടെ നിന്നു പശുക്കളെ വാങ്ങുന്നതും വിൽക്കുന്നതും പുല്ലും വൈക്കോലും മറ്റ് തീറ്റകളും ശേഖരിക്കുന്നതും താത്കാലികമായി ഒഴിവാക്കണം.
കശാപ്പിനായി കൊണ്ടുവന്ന ഉരുക്കളെ കെട്ടുന്നതും മേയാൻമവിടുന്നതുമായ സ്ഥലങ്ങളിൽ പശുക്കളെ കെട്ടുകയോ മേയാൻ വിടുകയോ ചെയ്യരുത്. ഈ സ്ഥലങ്ങളിൽ നിന്നും തീറ്റപ്പുല്ല് ശേഖരിക്കുന്നതും ഒഴിവാക്കണം.
രോഗം ബാധിച്ച പശുക്കളുള്ള സ്ഥലങ്ങൾ സന്ദർശിക്കുന്നതും ഒഴിവാക്കണം. കശാപ്പ് നടക്കുന്ന സ്ഥലങ്ങളിലും കന്നുകാലി, പന്നി മാംസ വിൽപന കേന്ദ്രങ്ങളിലും പോയി വന്നശേഷം വസ്ത്രവും പാദരക്ഷയും മാറാതെ ഫാമിനുള്ളിൽ കയറി പശുക്കളുമായി ഇടപഴകരുത്.
തൊഴുത്തിനകത്ത് ഉപയോഗിക്കാൻ പ്രത്യേകം പാദരക്ഷകളും വസ്ത്രങ്ങളും കരുതുന്നത് ഉചിതമാണ്.
പുതിയ പശുക്കളെ വാങ്ങുന്പോൾ ആറുമാസം മുന്പുവരെ കുളന്പുരോഗം ബാധിച്ചിട്ടില്ല എന്നുറപ്പുള്ള പ്രദേശങ്ങളിൽ നിന്നോ പ്രതിരോധകുത്തിവയ്പ് നടത്തി മൂന്നാഴ്ചകൾക്കു ശേഷം മാത്രമോ വാങ്ങുന്നതാണ് ഉത്തമം.
പുതുതായി പശുക്കളെ ഫാമിൽ കൊണ്ടുവരുന്പോൾ ചുരുങ്ങിയത് മൂന്നാഴ്ച മുഖ്യ ഷെഡിൽ നിന്നു മാറ്റി പാർപ്പിച്ച് ക്വാറന്ൈറൻ പരിചരണം നൽകണം.
ഇതരസംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവന്ന പ്രതിരോധകുത്തിവയ്പ് നൽകിയതായി ഉറപ്പില്ലാത്ത കന്നുകാലികൾക്ക് ക്വാറന്റെൻ കാലയളവിൽ പ്രതിരോധകുത്തിവയ്പ് നൽകണം.
കുത്തിവയ്പിനുശേഷം മൂന്നാഴ്ച കഴിഞ്ഞു മാത്രമേ ഇവയെ ഫാമിലെ മറ്റ് പശുക്കൾക്കൊപ്പം ചേർക്കാവൂ. രോഗം ബാധിച്ച പശുക്കളുടെ പാലിൽ വൈറസ് സാന്നിധ്യം ഉണ്ടാവുമെന്നതിനാൽ പശുക്കിടാക്കളെ കുടിപ്പിക്കരുത്.
പ്രതിരോധ കുത്തിവയ്പ്
കറവപ്പശുക്കളിൽ പാലുത്പാദനം കുറയുമെന്ന തെറ്റിദ്ധാരണ മൂലം കർഷകർ പശുക്കൾക്ക് കുളന്പുരോഗ പ്രതിരോധ കുത്തിവയ്പ്പെടുക്കാൻ വിമുഖത കാണിക്കാറുണ്ട്. ആറു മാസത്തെ ഇടവേളയിൽ നൽകുന്ന പ്രതിരോധ കുത്തിവയ്പിലൂടെ മാത്രമേ രോഗത്തെ പൂർണമായും തടയാനാകൂ.
പശുക്കിടാങ്ങൾക്ക് നാല് മാസം പ്രായമെത്തുന്പോൾ ആദ്യത്തെ കുത്തിവയ്പ് നൽകണം. അതിനുശേഷം മൂന്നാഴ്ച കഴിഞ്ഞ് ബൂസ്റ്റർ ഡോസ് കൊടുക്കണം. 4 മുതൽ 6 മാസം വരെ ഈ പ്രതിരോധശേഷി നിലനിൽക്കും. പിന്നീട് ഓരോ ആറുമാസം കൂടുന്പോഴും കുത്തിവയ്പ് ആവർത്തിക്കണം.
എത്ര പ്രാവശ്യം രോഗപ്രതിരോധ കുത്തിവയ്പ് എടുക്കുന്നു എന്നത് പ്രധാനമാണ്. സ്ഥിരമായി ആറുമാസത്തിലൊരിക്കൽ കുത്തിവയ്പ് എടുക്കുന്ന പശുക്കൾക്ക് തൃപ്തികരമായ പ്രതിരോധശേഷി ലഭിക്കുകയും രോഗസാധ്യത കുറയുകയും ചെയ്യുന്നു.
ഒന്നോ രണ്ടോ കുത്തിവയ്പ് എടുത്തതുകൊണ്ടു മാത്രം രോഗം വരാതിരിക്കണമെന്നില്ല. ഇവയിൽ തീവ്രത കുറഞ്ഞ രീതിയിൽ രോഗലക്ഷണങ്ങൾ കാണാറുണ്ട്. ഏഴുമാസത്തിന് മുകളിൽ ഗർഭിണികളായ പശുക്കളെ വാക്സിൻ നൽകുന്നതിൽ നിന്ന് ഒഴിവാക്കാമെങ്കിലും പ്രസവശേഷം വാക്സിൻ നൽകണം.
ഫോൺ: 94951 87522
ഡോ.എം.മുഹമ്മദ് ആസിഫ്