മട്ടുപ്പാവിൽ ചെടികൾക്കൊപ്പം വിജയ കിരീടം
Sunday, November 5, 2023 4:22 PM IST
നട്ടു വളർത്തിയ ചെടികളിലൊന്ന് അല്പമൊന്നു വാടിയാൽ വിജയ ഭാസ്കറുടെ മനസ് വല്ലാതെ വിഷമിക്കും. ആവശ്യത്തിനു വെള്ളവും വളവും നൽകിക്കഴിഞ്ഞാൽ മാത്രമേ സമാധാനമാകൂ.
എത്ര പരിപാലിച്ചാലും ചില ചെടികൾ കായ്ക്കാതെ നില്ക്കും. അപ്പോൾ ചെറുതായൊന്നു ശാസിക്കും. പിന്നെ അധികം താമസമുണ്ടാകില്ല.
മനസ് നിറച്ചു നിറയെ പൂത്തു കായ്ക്കും. ദിവസവും ചെടികളെ കണ്ടില്ലെങ്കിൽ, താലോലിച്ചില്ലെങ്കിൽ സങ്കടമാണ്. ചെടികൾക്കൊപ്പം നില്ക്കുന്പോൾ വിജയ ഭാസ്കർ മറ്റെല്ലാം മറക്കും.
2022 ലെ സംസ്ഥാന സർക്കാരിന്റെ മികച്ച മട്ടുപ്പാവ് കർഷകർക്കുള്ള അവാർഡ് ഏറ്റുവാങ്ങിയ വിജയ ഭാസ്കറിന്റെ വാക്കുകൾ ഹൃദയം തൊടുന്നതാണ്. മണ്ണിനും ചെടികൾക്കും നൽകുന്ന സ്നേഹം പ്രകൃതി നൂറിരട്ടിയായി മടക്കി നൽകുന്നു.
ജൈവകൃഷിയെ സ്നേഹിച്ച്, പ്രകൃതിക്കായി ജീവിക്കുന്പോൾ മടക്കി കിട്ടുന്നത് സുരക്ഷിതമായ ഭക്ഷ്യവിഭവങ്ങളും പൂക്കളും മാത്രമല്ല മികച്ച ആരോഗ്യവും ആഹ്ലാദവുമാണെന്ന് വിജയ ഭാസ്കറിന്റെ ജീവിതം അടയാളപ്പെടുത്തുന്നു.
ഭർത്താവ് ഭാസ്കരൻ നായർ നൽകുന്ന പിന്തുണയും സഹായവും എപ്പോഴും ശക്തിയാണ്. തിരുവനന്തപുരം അരുവിക്കരയിലെ മുള്ളിലവിൻമൂടിലെ നന്ദഭവൻ അക്ഷരാർഥത്തിൽ ചെടികളുടെ പറുദീസയാണ്.
വെണ്ടയും ചീരയും പയറും പാവലും കാബേജും തഴച്ചുവളർന്നു കായ്ച്ചുനില്ക്കുന്നത് കണ്ടാൽ അത്ഭുതം തോന്നും. വിളഞ്ഞ് പാകമായ ഡ്രാഗണ് ഫ്രൂട്ടും ചെറുതക്കാളിയും ചാന്പയ്ക്കയും ബട്ടർനട്ടും വായിൽ വെള്ളമിറ്റിക്കും.
വെള്ളരി, പടവലം, വള്ളിപ്പയർ, കത്തിരി, തക്കാളി, ബീൻസ്, വിവിധയിനം മുളകുകൾ, കോവൽ, പാവൽ, ഇഞ്ചി, മഞ്ഞൾ, വഴുതന, പുതിന, പൊന്നാം കണ്ണിചീര, കുരുമുളക്, പാലക് ചീര... അങ്ങനെ നീളുന്നു നന്ദഭവനിലെ ജൈവ വൈവിധ്യം.
വിളവെത്തിയ ശീതകാല പച്ചക്കറികളായ കാബേജ്, ബ്രോക്കോളി, കോളിഫ്ളവർ, ലെറ്റൂസ്, സെലറി. ചേന, ചേന്പ്, മുൾക്കിഴങ്ങ് നനകിഴങ്ങ്, കാച്ചിൽ, മധുരക്കിഴങ്ങ് തുടങ്ങിയ കിഴങ്ങുവർഗങ്ങൾ വേറെ.

ചേനയും കാച്ചിലുമൊക്കെ വലിയ ചാക്കിലാണ് നട്ടിരിക്കുന്നത്. ഉരുളക്കിഴങ്ങ് പോലെ കറികളിൽ ഉപയോഗിക്കാവുന്ന നൂൽക്കോലും പിന്നെ പച്ചകത്തിരിക്കയും ഇഷ്ടംപോലെ നാടൻ പാവയ്ക്കയും.
നന്ദഭവനിലെ മട്ടുപ്പാവിലും മുറ്റത്തും വിജയ ഭാസ്ക്കർ ആദ്യം നട്ടുപിടിപ്പിച്ചത് പുഷ്പ ചെടികളായിരുന്നു. പലതരം റോസയും മുല്ലയും പിച്ചിയും ജമന്തിയും ഡാലിയയും സീനിയയും. അത് ഏതാണ്ട് 15 വർഷം മുന്പായിരുന്നു.
ഇഷ്ടം പോലെ പൂക്കൾ. ആവശ്യക്കാർക്ക് ഇറുത്ത് കൊടുക്കാനും ഇരുവർക്കും മടിയില്ലായിരുന്നു. ഒന്പത് വർഷങ്ങൾക്കു മുന്പാണ് നന്ദഭവനിലെ മട്ടുപ്പാവിലും പറന്പിലും പച്ചക്കറി കൃഷി തുടങ്ങുന്നത്.
സെക്രട്ടേറിയറ്റിൽ നിന്ന് അണ്ടർ സെക്രട്ടറിയായി വിരമിച്ച ഭാസ്കരൻ നായർക്കും കൃഷി ഇഷ്ടമായിരുന്നു. അങ്ങനെയാണ് വിജയ ഭാസ്കറും ഭാസ്കരൻ നായരും ജൈവകർഷകൻ ഉള്ളൂർ ആർ. രവീന്ദ്രന്റെ ആത്മ സ്കൂളിൽ കാർഷിക പരിശീലനത്തിനായി ചേരുന്നത്.
രവീന്ദ്രൻ നൽകിയ കത്തിരി, വഴുതന, ചീര, മുളക്, വെണ്ട, തക്കാളി വിത്തുകൾ ആറു ഗ്രോ ബാഗുകളിൽ പാകിയാണു കൃഷിയുടെ തുടക്കം. ചെടികൾ തഴച്ചുവളർന്നതോടെ ഗ്രോ ബാഗുകളുടെ എണ്ണം ആറിൽ നിന്ന് അറുപതായി, അറുന്നൂറായി.
ഇപ്പോൾ 1200 ൽ അധികം ഗ്രോ ബാഗുകളിലും ചെടിച്ചട്ടികളിലും കാനുകളിലും ചാക്കുകളിലുമൊക്കെയായി കൃഷി. രാവിലെ ആറിനു ചായ കുടിച്ചശേഷം ചെടികളെ പരിപാലിക്കാൻ മട്ടുപ്പാവിൽ എത്തും.
എട്ടരവരെ തുടരും. വൈകുന്നേരം നാലിനു പിന്നെയും എത്തും. അത് ആറ് വരെ നീളും. ആർ. രവീന്ദ്രന്റെ ശിക്ഷണത്തിൽ പഞ്ചഗവ്യം, ഫിഷ് അമിനോസ്, മുട്ട മിശ്രിതം കടലപിണ്ണാക്ക് കുതിർത്ത തെളിവെള്ളം, പച്ചക്കറി വേസ്റ്റ് കൊണ്ടുണ്ടാക്കുന്ന വളം തുടങ്ങിയവ തയാറാക്കാനും ദന്പതിമാർ പരിശീലിച്ചിട്ടുണ്ട്.
ഈ വളങ്ങളാണ് ചെടികൾക്ക് നൽകുന്നത്. കീടങ്ങളെ ചെറുക്കാൻ ജൈവ കീടനാശിനികൾ ഉപയോഗിക്കും. കീടങ്ങളെ അകറ്റാൻ ജമന്തിയും ചോളവുമുണ്ട്. അധികം കൃഷിചെയ്യപ്പെടാത്ത ഹെൽത്തി പ്ലാന്റ്സുകളും ഇവിടെ ധാരാളമായി നട്ടിട്ടുണ്ട്.
കൃഷിയിടം ഒരുക്കുന്നതിൽ മാത്രമല്ല വിജയ ഭാസ്കറുടെയും ഭാസ്കരൻ നായരുടെയും ശ്രദ്ധ. തങ്ങൾ അറിഞ്ഞതും അനുഭവിക്കുന്നതുമായ ജൈവ കൃഷിയുടെ വലിയ പ്രചാരകർ കൂടിയാണ് അവർ.
കൃഷിയെ സ്നേഹിക്കുന്നവർക്കു വിത്തും ചെടികളും സൗജന്യമായി നല്കുകയും എങ്ങനെയാണ് കൃഷി ചെയ്യേണ്ടതെന്നു പറഞ്ഞു കൊടുക്കുകയും ചെയ്യുന്നു. ഉള്ളൂർ ആർ. രവീന്ദ്രന്റെ നേതൃത്വത്തിൽ നടത്തിവരുന്ന അനന്തപുരി ജൈവ കൃഷി പഠനക്കളരിയിൽ ഇരുവരും സജീവമാണു താനും.
വീട്ടാവശ്യത്തിനും അടുപ്പക്കാർക്കു കൊടുത്തതിനും ശേഷം മിച്ചം വരുന്ന ജൈവ പച്ചക്കറികൾ ഫാം ജേർണലിസ്റ്റ് ഫോറത്തിന്റെയും അനന്തപുരി ജൈവകൃഷി പഠനകളരി ഗ്രൂപ്പിന്റെയും ഗാന്ധി സ്മാരകനിധിയുടെയും മേൽനോട്ടത്തിൽ എല്ലാ ശനിയാഴ്ചയും തൈക്കാട് നടത്തുന്ന സ്വദേശി കർഷക വിപണന കേന്ദ്രത്തിൽ എത്തിച്ച് വിൽക്കും.
കൃഷിയിടം കാണാനെത്തുന്നവരെ വിജയ ഭാസ്കർ ഒരിക്കലും വെറും കൈയോടെ മടക്കി അയയ്ക്കാറില്ല. വിത്തും തൈയും കൊടുക്കും. ചെടികൾ നട്ടു പരിപാലിക്കണമെന്ന നിബന്ധനയിലാണ് വിത്തുകൾ കൊടുക്കുന്നതെന്നു മാത്രം.
ഒൗഷധ സന്പന്നങ്ങളായ പച്ചക്കറികൾ കൊണ്ട് രുചിയേറിയ വിഭവങ്ങൾ തയാറാക്കുന്ന വിധവും വിജയ ഭാസ്ക്കർ പറഞ്ഞു കൊടുക്കാറുണ്ട്. പൊന്നാങ്കണ്ണി, ലെറ്റൂസ് ഇലകൾ കൊണ്ടു തോരൻ വയ്ക്കാം. കടലമാവിൽ മുളകു പൊടിയും, കായയും ചേർത്തിളക്കി അതിൽ വലിയ ബസ്ള ഇല മുക്കി എടുത്ത് ബജി ഉണ്ടാക്കാം.
കട്ടൻ ചായയ്ക്കൊപ്പം ബസ്ള ചീര ബജി സൂപ്പറാണെന്ന് അപ്പോൾ മനസിലാകും. കുറച്ചു വർഷങ്ങൾക്കു മുന്പു നട്ടെല്ലിനുണ്ടായ തകരാറു കാരണം നടക്കാൻ പോലും കഴിയാതിരുന്ന ഒരു ഭൂതകാലം വിജയ ഭാസ്കറിനുണ്ടായിരുന്നു.
അഞ്ച് ശസ്ത്രക്രിയകൾക്കും വിധേയമായിട്ടുണ്ട്. കൃഷിയിലേക്കു പൂർണമായും തിരിഞ്ഞതോടെ അസുഖത്തെകുറിച്ച് ചിന്തിക്കാൻ പോലും നേരമില്ല. മരുന്നുകളും ചെക്കപ്പുമൊക്കെ മുറപോലെയുണ്ടെങ്കിലും രോഗങ്ങളെല്ലാം മാറി നിൽക്കുകയാണ്.
കൃഷിയാണ് ഇതിനൊക്കെ കാരണമെന്നു വിശ്വസിക്കാനാണ് വിജയ ഭാസ്കറിനിഷ്ടം. വർഷങ്ങളായി ചികിത്സിക്കുന്ന ഡോ. ഗിരിജയും അങ്ങനെ തന്നെയാണ് കരുതുന്നത്. നന്ദകുമാറും സ്മിതയുമാണ് മക്കൾ.
ഫോണ്: 9446078256
എസ്. മഞ്ജുളാദേവി