ചെറുധാന്യങ്ങളിൽ ആൻസിയുടെ വലിയ രുചിമേളം
Saturday, November 4, 2023 4:12 PM IST
ലോകം അന്താരാഷ്ട്ര ചെറുധാന്യ വർഷം ആചരിക്കുന്പോൾ, അതിൽ നിന്നു തെല്ലും മാറി നിൽക്കാൻ ഒരുക്കമല്ല കോട്ടയം ജില്ലയിൽ പാലാ ഞാവള്ളിമംഗലത്തിൽ ആൻസി മാത്യു.
ഭാവിയുടെ പോഷക ഭക്ഷണമെന്നു വിശേഷിപ്പിക്കുന്ന ചെറുധാന്യങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ കൃഷിചെയ്ത്, വിളവെടുത്ത്, രുചികരമായ നൂറിലേറെ വിഭവങ്ങൾ ഒരുക്കി പുത്തൻ വിജയഗാഥ രചിക്കുകയാണു പാചക വിദഗ്ധയായ ആൻസി.
വൈവിധ്യമാർന്ന രുചിക്കൂട്ടുകളിൽ വ്യത്യസ്തമായ വിഭവങ്ങളുണ്ടാക്കി ആയിരങ്ങളെ വിസ്മയിപ്പിച്ചിട്ടുള്ള ആൻസി, മില്ലറ്റിൽ നടത്തുന്ന പരീക്ഷങ്ങളും പ്രതീക്ഷയോടെയാണ് ആസ്വാദകർ നോക്കിക്കാണുന്നത്.
ഭിന്ന രുചിഭേദങ്ങളിൽ നിരവധി വ്യത്യസ്തയിനം കേക്കുകൾ അവതരിപ്പിച്ചാണ് ആൻസി പാചകരംഗത്തേക്കു കടന്നു വന്നത്.
15 വർഷമായി സംസ്ഥാന ഫലമായ ചക്കയെക്കുറിച്ചും അതുകൊണ്ട് ഉണ്ടാക്കാവുന്ന വിഭവങ്ങളെക്കുറിച്ചും ഗവേഷണം നടത്തി വരുന്ന ആൻസി ചക്കയിൽ നിന്നു മാത്രം മുന്നൂറിലേറെ രുചികരമായ വിഭവങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.
കപ്പയിൽ നിന്നു നൂറിലേറെ വിഭവങ്ങൾ അവതരിപ്പിച്ച ആൻസി, പച്ചക്കറികളും പഴവർഗങ്ങളും ഉപയോഗിച്ചു നൂറിലേറെ മൂല്യവർധിത ഉത്പന്നങ്ങളും വിപണിയിലെത്തിച്ചിട്ടുണ്ട്. ചക്ക വിഭവങ്ങളെക്കുറിച്ച് ഒരു പുസ്തകം തന്നെ എഴുതി 2018ൽ ഏഷ്യൻ റിക്കാർഡും സ്വന്തമാക്കി.

മില്ലറ്റ് വർഷം പ്രഖ്യാപിച്ചതോടെ ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും അതിലായതോടെയാണ് ആൻസിയും അങ്ങോട്ടു തിരിഞ്ഞത്. എറണാകുളത്തു നടന്ന മില്ലറ്റുകളുടെ പ്രദർശനത്തിൽ നിന്നാണ് വിത്ത് വാങ്ങിയത്.
കിസാൻ സർവീസ് സൊസൈറ്റിയുടേതായിരുന്നു വിത്തുകൾ. അതിൽ നിന്നു പോപ് കോണാണ് ആദ്യം ഉണ്ടാക്കിയത്. രൂചികരമെന്നു കണ്ടതോടെ കൃഷി ചെയ്താലോ എന്നു ചിന്തിച്ചു. അങ്ങനെയാണു കുടുതൽ വിത്തുകൾ വാങ്ങി പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ചെയ്തു തുടങ്ങിയത്.
മണിച്ചോളമാണ് പ്രധാനമായും കൃഷി ചെയ്തത്. വീടിനോടു ചേർന്ന് ഇഞ്ചിക്കണ്ടത്തിന്റെ മാതൃകയിൽ കണ്ടം വെട്ടിയാണു വിത്തുകൾ പാകിയത്. വിത്തുകൾ ആറു മണിക്കൂർ വെള്ളത്തിലിട്ടു. തുടർന്ന് നനഞ്ഞ തുണിയിൽ കെട്ടിവച്ചു മുളപ്പിച്ചു.
മുളച്ച വിത്തുകൾ വെട്ടിയൊരുക്കിയ കണ്ടത്തിൽ നേരിട്ടു വിതയ്ക്കുകയായിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ വിത്തുകൾ നന്നായി കിളിർത്തു. മൂന്നു മാസത്തിനകം കുലച്ചു. മൂത്ത കുലകൾ വെട്ടി വെയിലത്തിട്ട് ഉണക്കി.
തുടർന്ന് ഉരലിൽ കുത്തി ഉമി കളഞ്ഞു. അരി, ഗോതന്പ് എന്നിവ ഉപയോഗിച്ച് ഉണ്ടാക്കുന്ന എല്ലാ വിഭവങ്ങളും അതു കൊണ്ടുണ്ടാക്കി. ചോറ്, കഞ്ഞി, ബിരിയാണി, പുലാവ്, ദോശ, ഇഡ്ലി, പുട്ട്... അങ്ങനെ എല്ലാം.
മില്ലറ്റ് പൊടിച്ചോ അരച്ചോ മുളപ്പിച്ചോ വിഭവങ്ങൾ ഉണ്ടാക്കാം. മണിച്ചോളം മാത്രം മുളപ്പിച്ച് ഉപയോഗിക്കാൻ പാടില്ല. നന്നായി കഴുകി എട്ടു മണിക്കൂറെങ്കിലും വെള്ളത്തിലിട്ടു കുതിർത്തശേഷമാണു മില്ലറ്റ് ഉപയോഗിക്കേണ്ടത്.
ഈ വെള്ളം ഊറ്റിക്കളയാതെ പാചകം ചെയ്യാം. എന്നാൽ, മില്ലറ്റുകൾ കൂട്ടിക്കലർത്തി ഉപയോഗിക്കരുത്. ഒരോ മില്ലറ്റിലും അടങ്ങിയിരിക്കുന്ന ഘടകങ്ങളും ദഹിക്കാനുള്ള സമയവും വ്യത്യസ്തമാണ് എന്നതാണു കാരണം.
മില്ലറ്റുകളുടെ ഗുണങ്ങൾ കണ്ടറിഞ്ഞ ആൻസി, കൂടുതൽ ഇനങ്ങൾ കൃഷി ചെയ്യാനുള്ള തയാറെടുപ്പിലാണ്. കുടുംബശ്രീ, സഹകരണ സംഘങ്ങൾ, സൊസൈറ്റികൾ എന്നിവിടങ്ങളിലൊക്കെ ആൻസി മില്ലറ്റിന്റെ ഗുണങ്ങളെക്കുറിച്ചും മൂല്യവർധിത ഉത്പന്നങ്ങൾ ഉണ്ടാക്കുന്നതിനെക്കുറിച്ചും ക്ലാസുകളും സെമിനാറുകളും എടുക്കുന്നുണ്ട്.
ഒപ്പം പച്ചക്കറികളിൽ നിന്നും പഴവർഗങ്ങളിൽ നിന്നും മൂല്യവർധിത ഉത്പന്നങ്ങൾ ഉണ്ടാക്കുന്നതിനുള്ള പരിശീലനവും നൽകി വരുന്നു. കേന്ദ്ര വാണിജ്യമന്ത്രാലയം, നബാർഡ്, എം.എസ്.എം.ഇ, സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ, റൂറൽ സെൽഫ് എംപ്ലോയ്മെന്റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ ഒൗദ്യോഗിക ഫാക്കൽറ്റികളിലും അംഗമാണ്.
കാഴ്ചയിൽ കുഞ്ഞൻമാരാണെങ്കിലും പോഷക കാര്യത്തിൽ വലിയവർ തന്നെയാണു മില്ലെറ്റുകൾ. അരി, ഗോതന്പ് എന്നിവയെയെല്ലാം അപേക്ഷിച്ചു വളരെ ഉയർന്ന തോതിലുള്ള പ്രോട്ടീൻ, മിനറൽസ്, വിറ്റാമിനുകൾ മുതലായവയും കുറഞ്ഞ കലോറി മൂല്യവും ഇവയെ ആഹാര പദാർഥങ്ങളിലെ വിശിഷ്ട താരങ്ങളാക്കി മാറ്റിയിരിക്കുന്നു.
ഉപാപചയ പ്രവർത്തനങ്ങളെ മികച്ച രീതിയിൽ സഹായിക്കുന്ന നാരുകളാൽ സന്പന്നമാണ് എന്നതാണ് മില്ലറ്റുകളുടെ സവിശേഷത. ധാന്യങ്ങൾ ഉയർന്ന സ്റ്റാർച്ചും ഊർജ മൂല്യവും പ്രദാനം ചെയ്യുന്പോൾ ചെറു ധാന്യങ്ങളിൽ താരതമ്യേന ഇവയുടെ അളവ് കുറവായതിനാൽ മനുഷ്യന്റെ ആരോഗ്യ സുരക്ഷയ്ക്ക് ഉത്തമമാണ്.
കുറഞ്ഞ പരിപാലനത്തോടെ ഏതു മണ്ണിൽ വളരാനും കാലാവസ്ഥയെ അതിജീവിക്കാനും മില്ലറ്റുകൾക്ക് കഴിയും. അധികം ജലം ആവശ്യമില്ലാത്തതിനാൽ കർഷകർക്കും വലിയ ആശ്വാസമാണ്.
പുല്ല് വർഗത്തിൽപെട്ട ധാന്യ വിളകളായ മില്ലറ്റുകൾ പുരാതന കാലങ്ങളിൽ പക്ഷികൾക്കും മൃഗങ്ങൾക്കുമുള്ള ഭക്ഷണമായിട്ടാണ് ഉപയോഗിച്ചു വന്നിരുന്നത്. പിന്നീടാണ് ഇവയുടെ പോഷക ഗുണം മനസിലാക്കി മനുഷ്യൻ ആഹാരമാക്കാൻ തുടങ്ങിയത്.
ഫോണ് : 9447128480.
ജിബിൻ കുര്യൻ