റബർതോട്ടങ്ങളിൽ കോഴിവളർത്തിയാൽ നേട്ടങ്ങൾ പലത്
Wednesday, November 1, 2023 5:15 PM IST
ചോദ്യം: റബർതോട്ടങ്ങളിലെ തുറന്നുവിട്ടുള്ള കോഴിവളർത്തലിനെപറ്റി എന്താണ് അഭിപ്രായം?
ഉത്തരം : റബറിന്റെ വിലയിടിവ് ചെറുകിട റബർ കൃഷിക്കാർ, തോട്ടം തൊഴിലാളികൾ, കച്ചവടക്കാർ തുടങ്ങിയവരുടെ ജീവിത നിലവാരത്തെ വളരെയധികം പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.
ഈ പ്രതികൂലാവസ്ഥയെ തരണം ചെയ്യാൻ കൃഷിക്കാർക്ക് ചെയ്യാവുന്ന പല കർമപരിപാടികളിൽ ഒന്നാണു ചെറുകിട തോട്ടങ്ങളിലെ തുറന്നു വിട്ടുള്ള കോഴിവളർത്തൽ.
മലേഷ്യൻ റബർ ഗവേഷണ കേന്ദ്രം റബർ തോട്ടങ്ങളിലെ കോഴിവളർത്തലിനെപ്പറ്റി നടത്തിയ പഠനത്തിൽ റബർ തോട്ടങ്ങളിൽ കോഴികളെ തുറന്നുവിട്ട് വളർത്തിയപ്പോൾ കോഴിക്കാഷ്ടം മണ്ണിൽ കലരുന്നതിനാൽ മണ്ണിന്റെ ഫലപുഷ്ടി കൂടുന്നതായി കണ്ടു.
കോഴി വളർത്തൽ കാരണം തോട്ടത്തിലെ കളകളുടെ വളർച്ച ഇല്ലാതായതും ശ്രദ്ധിക്കപ്പെട്ടു. ഏറ്റവും ശ്രദ്ധേയമായ കണ്ടെത്തൽ റബർ മരങ്ങൾ ഏതാണ്ട് ഒന്നര വർഷം നേരത്തെ ടാപ്പുചെയ്യാൻ തക്ക വണ്ണമെത്തി എന്നുള്ളതാണ്. റബർ തോട്ടങ്ങലുടെ ഉത്പാദനക്ഷമത വർധിക്കുകയും ചെയ്യും.
നമ്മുടെ നാട്ടിൽ റബർ തോട്ടങ്ങളിൽ തുറന്നുവിട്ട് വളർത്താൻ സാധാരണ നാടൻ കോഴികൾക്ക് പുറമെ രോഗങ്ങളെ ചെറുത്തു നിൽക്കാൻ നല്ല കഴിവുള്ള കരിങ്കോഴികൾ, വാത്തകൾ എന്നിവയേയും ഉപയോഗിക്കാം. തോട്ടത്തിൽ പാന്പുകൾ ഉണ്ടെങ്കിൽ അവയെ തുരത്തനും വാത്തകൾ സഹായിക്കും.
കോഴി ഇറച്ചിക്കും മുട്ടയ്ക്കും ഇപ്പോൾ കേരളത്തിൽ നല്ല വിപണനസാധ്യത ഉള്ളതിനാൽ റബർ ബോർഡും കേരളാ സ്റ്റേറ്റ് പൗൾട്രി ഡവലപ്പ്മെന്റ് കോർപ്പറേഷനും റബർ ഉത്പാദകസംഘങ്ങളും സഹകരിച്ചു തുറന്നുവിട്ടുള്ള കോഴി വളർത്തൽ പ്രചരിപ്പിക്കാൻ വേണ്ട പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പാക്കുന്നതു ചെറുകിട റബർ കർഷകർക്ക് അനുഗ്രഹമായിരിക്കും.
കോഴിവളർത്തലിൽ പശിശീലനം
ചോദ്യം : മുട്ടക്കോഴി വളർത്തലിൽ പരിശീലനം നൽകുന്ന സ്ഥാപനങ്ങൾ എവിടെയൊക്കെയാണ് ഉള്ളതെന്ന് അറിയാൻ ആഗ്രഹിക്കുന്നു.
ഉത്തരം : താഴെ പറയുന്ന സ്ഥലങ്ങളിൽ കേരള ഗവണ്മെന്റിന്റെ കോഴിവളർത്തൽ പരിശീലന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
1. തിരുവനന്തപുരം ജില്ല- കുടപ്പനക്കുന്ന് : 0471-2732918
2. കൊല്ലം ജില്ല- കൊട്ടിയം : 0474 - 2537300
3. ആലപ്പുഴ ജില്ല- ചെങ്ങന്നൂർ : 0479-2452277, 9188522703
4. കോട്ടയം ജില്ല - തലയോലപ്പറന്പ് : 04829-234323
5. എറണാകുളം ജില്ല- ആലുവ : 0484-2631355
6. കണ്ണൂർ ജില്ല- മുണ്ടയാട് : 0497-2763473
കോഴികുഞ്ഞുങ്ങളെ കെപ്കോയിൽ കിട്ടും
ചോദ്യം : മുട്ടക്കോവികളെ വളർത്താൻ താല്പര്യമുണ്ട് നല്ലയിനം കോഴിക്കുഞ്ഞുങ്ങളെ എവിടെ നിന്നും വാങ്ങാൻ കിട്ടും?
ഉത്തരം : ഒരു കേരളഗവണ്മെന്റ് സ്ഥാപനമായ കേരള സ്റ്റേറ്റ് പൗൾട്രി ഡെവലപ്പമെന്റ് കോർപ്പറേഷനിൽ നിന്നു നല്ലയിനം കോഴികുഞ്ഞുങ്ങളെ വിതരണം ചെയ്തു വരുന്നതായി അറിയാൻ കഴിഞ്ഞു. താഴെ കൊടുത്തിരിക്കുന്ന ഫോണ് നന്പറുകളിൽ ബന്ധപ്പെടാൻ വിശദ വിവരങ്ങൾ ലഭിക്കും.
ഫോണ്: 94950 00910, 94350 00915, 94950 00918, 0471 246 8585.
കെ. കെ. രാമചന്ദ്രൻ പിള്ള
റബർബോർഡ് (റിട്ട)