വലിച്ചാൽ നീളാത്ത റബർ
Tuesday, October 31, 2023 5:24 PM IST
പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനം ബ്രസീലിൽ നിന്ന് ഇന്ത്യയിലെത്തിയ റബർ ഒരുകാലത്ത് മലയാളികളുടെ ആശയും പ്രതീക്ഷയുമായിരുന്നു. എന്നാൽ, കഴിഞ്ഞ കുറെ വർഷങ്ങളായി കർഷകരുടെ കണ്ണീർ വിളയായി റബർ മാറി.
വലിച്ചാൽ നീളുന്നതും വിട്ടാൽ പൂർവസ്ഥിതി പ്രാപിക്കുന്നതുമായ വസ്തുവിന് ഉത്തമോദാഹരണമായി ചൂണ്ടിക്കാണിച്ചിരുന്ന റബറിനെക്കുറിച്ചു പറയാൻ പോലും കർഷകർ തയാറല്ല.
പ്രതിവർഷം 200 സെന്റിമീറ്ററിൽ കുറയാതെ മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ കൃഷി ചെയ്ത് ആദായമുണ്ടാക്കാമെന്നതുകൊണ്ട് കേരളത്തിൽ തീരപ്രദേശങ്ങളിലൊഴികെ മിക്കയിടങ്ങളിലും റബർ വ്യാപകമായി കൃഷി ചെയ്തു.
നട്ട ശേഷം ആദായത്തിനായി അഞ്ചാറു വർഷം കാത്തിരിക്കണമെന്നതൊന്നും ആരും കാര്യമാക്കിയില്ല. കാരണം അത്രയ്ക്കായിരുന്നു അതിന്റെ വരുമാനം. കാലക്രമേണ മറ്റു വിളകൾ ചെയ്തിരുന്നവരും അത് ഉപേക്ഷിച്ചു റബറിലേക്കു ചുവടുമാറ്റി.
മികച്ച വരുമാനം കിട്ടുമെന്നതിനാൽ റബർ വളരുന്ന ഭൂമിക്കു വില പരിധിവിട്ടു കുതിച്ചു കയറി. റബർ തോട്ടങ്ങൾക്കു മോഹവിലയായി. എന്നാൽ, റബറിന്റെ വില പിടിവിട്ട് കൂപ്പു കുത്തിയപ്പോൾ കർഷകർക്കുണ്ടായ തിരിച്ചടി പല വിധത്തിലായിരുന്നു. വരുമാന സ്ഥിരത നഷ്ടപ്പെട്ടു.
ഭൂമിയുടെ വില കുത്തനെ ഇടിഞ്ഞു. ബാധ്യതകളേറി. മറ്റു കൃഷിയിടങ്ങൾ പാട്ടത്തിനു നൽകുന്നതു പോലെ ഹൃസ്വ കാലത്തേയ്ക്ക് പാട്ടത്തിനു നൽകാനോ, പാട്ടത്തിന് എടുക്കാനോ സാധിക്കാതെ വന്നതും കൂനിമേൽ കുരു പോലെയായി.
കേരളത്തിൽ 15 ലക്ഷത്തിലധികം കുടുംബങ്ങളാണു റബർ കൃഷിയെ ആശ്രയിച്ചു കഴിയുന്നത്. അതിൽ മൂന്നര ലക്ഷവും ടാപ്പിഗ് തൊഴിലാളി കളാണ്.

കേരളത്തിൽ 2020-21 ൽ 55,0650 ഹെക്ടർ സ്ഥലത്ത് റബർ കൃഷിയുണ്ടായിരുന്നത് 2021-22 ആയപ്പോൾ 55,0000 ഹെക്ടർ ആയി കുറഞ്ഞു. എന്നാൽ ഉത്പാദനക്ഷമത ഹെക്ടറിന് 1534 കിലോ എന്നത് 1565 കിലോ എന്നായി വർധിച്ചു.
റബർ ഇറക്കുമതി ചെയ്യാൻ തുടങ്ങിയതോടെയാണു കർഷകരുടെ ദുരിതപർവം ആരംഭിക്കുന്നത്. ഓരോവർ ഷവും ഇറക്കുമതിയിൽ വൻ കുതിപ്പ് രേഖപ്പെടുത്തിയതോടെ കർഷകന് ഒരുവിധത്തിലും പിടിച്ചു നിൽക്കാൻ പറ്റാത്ത അവസ്ഥയായി.
2012-13 കാലത്ത് 262753 മെട്രിക് ടണ്‍ സ്വഭാവിക റബറും, 329585 മെട്രിക് ടണ്‍ കൃത്രിമ റബറും ഇറക്കുമതി ചെയ്ത സ്ഥാനത്ത് 2021-22 ൽ സ്വഭാവിക റബർ ഇറക്കുമതി 546369 മെട്രിക് ടണ്ണായി.
10 വർഷം കൊണ്ടു സ്വാഭാവിക റബറിന്റെ ഇറക്കുമതി ഇരട്ടിയിലധികം. കൃത്രിമ റബർ ഇറക്കുമതിയാകട്ടെ 341766 മെട്രിക് ടണ്ണിലുമെത്തി.
അതേസമയം, 2012-13 ൽ ആഭ്യന്തര വിപണിയിൽ റബർ വില ക്വിന്റലിന് 17682 രൂപ ആയിരുന്നത് 2021-22 ൽ 17101 രൂപയായി കുറഞ്ഞു. 2017-18ൽ ക്വിന്റലിന് 12980 ഉം 2018-19 ൽ 12595 രൂപയുമായി കുറഞ്ഞതോടെ റബർ കൃഷിയിൽ നിന്നു കർഷകർ അകന്നു തുടങ്ങി.
അന്താരാഷ്ട്ര വിപണിയിൽ വില ആഭ്യന്തര വിലയേക്കാൾ താഴ്ന്നു നിൽക്കുന്നത് ഇറക്കുമതിയെ പ്രോത്സാ ഹിപ്പിക്കാനുള്ള ഒരു കാരണമായി മാറുകയും ചെയ്തു.
റബർ ബോർഡിന്റെ കണക്കുകൾ പ്രകാരം 2021-22 ൽ പ്രകൃതിദത്ത റബറിന്റെ ഉത്പാദനം മുൻ വർഷത്തേ ക്കാൾ 8.4% വർധിച്ചതായി പറയുന്നു. 2021-22 ൽ രാജ്യത്ത് 12.38 ലക്ഷം ടണ്‍ പ്രകൃതിദത്ത റബറിന്റെ ഉപഭോഗ മുണ്ടായി.
ഇതിൽ 5.46 ലക്ഷം ടണ്ണും ഇറക്കുമതി ചെയ്യുകയായിരുന്നു. പ്രകൃതിദത്ത റബർ കയറ്റുമതി 2020-21 ൽ 11343 ടണ്ണായിരുന്നത് 2021-22 ൽ 3560 ടണ്ണായി കുറഞ്ഞു.
കോട്ടയം, എറണാകുളം, പത്തനം തിട്ട ജില്ലകളാണു റബർ കൃഷിയിൽ മുന്നിട്ടു നിൽക്കുന്നതെങ്കിലും കീട ബാധയും മറ്റു രോഗങ്ങളും കർഷകനെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു.
ചെറുകിട, ഇടത്തരം കർഷകർക്ക് ആവശ്യത്തിനു തൊഴിലാളികളെ കിട്ടാത്തതും ഈ വിഭാഗം കർഷകർ റബർ കൃഷിയിൽ നിന്ന് അകലുന്നതിനു കാരണമായിട്ടുണ്ട്.
ഫോണ്‍: 9447505677
ആന്റണി ആറിൽചിറ