പൊന്നു വിളയും ഭൂമിയിൽ ഉണർവോടെ കർഷകർ
Sunday, October 29, 2023 4:42 PM IST
രണ്ടേക്കർ തരിശു ഭൂമിയിൽ വിത്തെറിയുന്പോൾ ഇത്ര തഴച്ചു വളരുമെന്ന് ആരും കരുതിയില്ല. ഉണർവ് റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ആരംഭിച്ച കരനെൽകൃഷി അത്രമാത്രം ആവേശമാണ് അംഗങ്ങൾക്കു പകർന്നു നൽകുന്നത്.
ഇടുക്കി ജില്ലയിലെ കോളപ്രയിൽ 93 കുടുംബങ്ങൾ ചേർന്ന് 2020 -ൽ ആരംഭിച്ച റസിഡന്റ്സ് അസോസിയേഷൻ കൃഷിയിൽ അദ്ഭുതം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ്. കൂത്താട്ടുകുളത്തു നിന്നു വാങ്ങിയ കരനെൽ വിത്തിന്റെ വിതയും പരിപാലനവുമെല്ലാം അസോസിയേഷൻ അംഗങ്ങളായ കർഷകരാണു നിർവഹിക്കുന്നത്.
പുതുവർഷത്തിൽ വിളവെടുപ്പ് നടത്താമെന്ന പ്രതീക്ഷയിലാണ് അവർ. 2000 ചുവട് മരച്ചീനി, ചേന, ചേന്പ്, കാച്ചിൽ, മധുരക്കിഴങ്ങ്, ഇഞ്ചി, മഞ്ഞൾ തുടങ്ങിയ തന്നാണ്ടുവിളകളുണ്ട്.
കരനെല്ലിനും തന്നാണ്ടുവിളകൾക്കും ജൈവവളമാണ് നൽകുന്നത്. ചാണകം, ചാരം, തേയില പിണ്ഡം എന്നിവ മാറിമാറി നൽകും. നെല്ലിനുമാത്രം ചെറിയ അളവിൽ ഫാക്ടംഫോസ് ഇട്ടു കൊടുക്കും.
എന്നാൽ കീടനാശിനികളുടെ ഉപയോഗം തീരെയില്ല. മരച്ചീനി, തന്നാണ്ടുവിളകൾ എന്നിവയെല്ലാം അസോസിയേഷൻ അംഗങ്ങളുടെ ഉപയോഗത്തിനുശേഷം വരുന്നവ വിപണിയിലോ വീടുകളിലോ വിൽക്കാനാണ് തീരുമാനം.
വീടുകളുടെ തൊടികളിൽ നിന്നു തന്നാണ്ടു വിളകളും നെൽകൃഷിയും അപ്രത്യക്ഷമാകുന്പോൾ പുതുതലമുറയെ കൃഷിയോട് അടുപ്പിക്കുകയും വിഷരഹിത ഉത്പന്നങ്ങൾ ലഭ്യമാക്കുകയുമാണ് ലക്ഷ്യമെന്ന് ഉണർവ് റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ഫ്രാൻസിസ് കരിന്പാനിയും നിയമ വിദ്യാർഥിനികൂടിയായ സെക്രട്ടറി അഞ്ജന ചന്ദ്രൻ പടിഞ്ഞാറേ ചേനാട്ടും പറഞ്ഞു.
ഫോണ് : 9497794945
ജോയി കിഴക്കേൽ