രാമചന്ദ്രന്റെ കൃഷിയിടത്തിൽ തേങ്ങയുടെ വലിപ്പമുള്ള മാങ്ങ
Saturday, October 28, 2023 4:34 PM IST
കൃഷിയോടു ആഭിമുഖ്യമുണ്ടെങ്കിൽ ഏതു പ്രതികൂല സാഹചര്യങ്ങൾക്കും കർഷകനെ പരാജയപ്പെടുത്താനാവില്ലെന്നതിന്റെ നേർ സാക്ഷ്യമാണു കോട്ടയം ജില്ലയിൽ വൈക്കം ഉദയനാപുരം വല്ലകം പടിഞ്ഞാറക്കര കറുകേലിൽ കെ.ജി. രാമചന്ദ്രൻ.
വളക്കൂറുള്ള മണ്ണാണെങ്കിലും വർഷക്കാലത്തുണ്ടാകുന്ന വെള്ളപ്പൊക്കം വൈക്കം പടിഞ്ഞാറക്കര പ്രദേശത്ത് കൃഷിനാശമുണ്ടാക്കുന്നതു സാധാരണയാണ്.
എന്തു നട്ടാലും വെള്ളം കൊണ്ടുപോകുമെന്ന സ്ഥിതി വന്നതോടെ കൃഷിയിൽ നിന്നു പലരും പിന്മാറിത്തുടങ്ങിയപ്പോഴാണു വെള്ളപ്പൊക്കത്തെ അതിജീവിക്കുന്ന തന്ത്രങ്ങളുമായി രാമചന്ദ്രൻ കൃഷിവിജയം നേടിയെടുക്കുന്നത്.
വെള്ളം കയറി കുരുമുളക് നശിക്കുന്നത് തടയാൻ പിവിസി പൈപ്പിൽ മണ്ണു നിറച്ചും തിപ്പലി മരത്തിന്റെ ശാഖയിൽ ഗ്രാഫ്റ്റു ചെയ്തും കുരുമുളക് വളർത്തി നേട്ടം കൈവരിച്ചു. താഴെ നിന്നുതന്നെ കുരുമുളക് പറിച്ചെടുക്കാമെന്നതാണ് ഈ കൃഷിരീതിയുടെ പ്രയോജനം.
കേരള ബാങ്കിൽ സീനിയർ അക്കൗണ്ടന്റായി വിരമിച്ച രാമചന്ദ്രന്റെ കൃഷിയിടത്തിൽ വിളഞ്ഞ നാളികേരത്തിന്റെ വലിപ്പമുള്ള മാങ്ങയാണിപ്പോൾ നാട്ടിലെ താരം. ഒരു മാങ്ങയ്ക്ക് 1.810 ഗ്രാം തൂക്കം വരും. തൈ വികസിപ്പിച്ചെടുത്ത തൊടുപുഴ തൊമ്മൻകുത്തിലെ കൊശേരി വീട്ടിൽ നിന്നാണ് രാമചന്ദ്രൻ മാവിൻ തൈ വാങ്ങിയത്.
നട്ട് നാലാം വർഷം മാവ് കായ്ച്ചു. ആദ്യ കാലങ്ങളിൽ 1.350 ഗ്രാം വരെ തൂക്കമുള്ള മാങ്ങകൾ ലഭിച്ചെങ്കിലും ഇപ്പോഴാണ് 1.800 ഗ്രാമിലധികം ഭാരമുള്ള മാങ്ങ ലഭിക്കുന്നത്. പച്ചമാങ്ങയ്ക്ക് നല്ല പുളിയാണ്. പഴുത്താൽ നല്ല മധുരവും.
കടുത്ത വരൾച്ച ഉള്ളപ്പോൾ മാത്രം നനയ്ക്കുന്നതൊഴിച്ചാൽ മറ്റു പരിചരണങ്ങളൊന്നുമില്ല. ഇത്തരം മാങ്ങയെക്കുറിച്ച് 18 വർഷം മുന്‍പ് പത്രത്തിൽ വായിച്ചാണ് രാമചന്ദ്രൻ അറിയുന്നത്.
രാമചന്ദ്രന്റെ 84 സെന്റ് പുരയിടത്തിൽ ജാതി കൃഷി ചെയ്തിരിക്കുന്ന രീതിയും ഏറെ ശ്രദ്ധേയമാണ്. വെള്ളം കയറാതിരിക്കാൻ ഓരോ മരത്തിന്റെ ചുവടിനും തറ നിരപ്പിൽ നിന്നു നാലടി ഉയരമുണ്ട്.
നാളികേരത്തിന്റെ തൊണ്ടടുക്കി മീതെ പൂഴിമണ്ണ് നിറച്ചാണ് തടമൊരുക്കിയിരിക്കുന്നത്. ഇതുമൂലം ജാതിയുടെ ചുവട്ടിൽ എപ്പോഴും നനവുണ്ടാകും. നാളികേരത്തിന്റെ തൊണ്ടിലെ ചകിരിച്ചോർ മികച്ച ജൈവ വളമായതിനാൽ ജാതിക്ക് അത് ഏറെ ഗുണപ്രദവുമാണ്.
വെള്ളപ്പൊക്കത്തിൽ പടിഞ്ഞാറക്കര ഭാഗത്തും സമീപത്തുമായി ആയിരക്കണക്കിന് ജാതി ഉണങ്ങിപ്പോയെങ്കിലും രാമചന്ദ്രന്റെ ജാതി മരങ്ങൾക്ക് കുഴപ്പമൊന്നും സംഭവിച്ചില്ല.
കൃഷിയെ നെഞ്ചിലേറ്റുന്ന രാമചന്ദ്രന്റെ കൃഷിയിടത്തിൽ ആപ്പിൾ, ഓറഞ്ച്, മുന്തിരി, മുസംബി, മാങ്കോസ്റ്റിൻ, റംന്പുട്ടാൻ തുടങ്ങിയവയുണ്ട്. ഉദയനാപുരം വാഴമനയിലും തലയാഴത്തെ മണ്ണാറം കണ്ടത്തിലുമായി മൂന്നേക്കർ നെൽകൃഷിയുമുണ്ട്.
ഇതിനു പുറമെ മത്സ്യകൃഷിയിലും ചെറുതേനിച്ച കൃഷിയിലും രാമചന്ദ്രൻ വ്യാപൃതനാണ്. തോടുകളിൽ കരിമീനും നാടൻ വരാലും കാരിയും വളർത്തുന്നതിന് പുറമെ കോണ്‍ക്രീറ്റു ടാങ്കിൽ കരിമീനും കാരിയും അനാബസും വളർത്തുന്നുണ്ട്.
കോണ്‍ക്രീറ്റു ടാങ്കിൽ സ്വാഭാവിക ആവാസ വ്യവസ്ഥ ഒരുക്കി കരിമീനെ ബ്രീഡ് ചെയ്യിക്കാനുള്ള പരീക്ഷണത്തിലേർപ്പെട്ടിരിക്കുകയാണ് ഈ സമ്മിശ്ര കർഷകൻ.
ഫോണ്‍: 9496804018
സുഭാഷ് ഗോപി