നെല്ലിന് ഭീഷണിയായി കരിഞ്ചാഴി
Friday, October 27, 2023 4:18 PM IST
കുട്ടനാടൻ പാടശേഖരങ്ങളിൽ നെല്ലിനു ഭീഷണിയായി കരിഞ്ചാഴി വീണ്ടും പ്രത്യക്ഷപ്പെട്ടതോടെ കർഷകർ അങ്കലാപ്പിലായി. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി സംഭവിക്കുന്ന മഴക്കുറവും ഉയർന്ന ചൂടും കുറഞ്ഞ അന്തരീക്ഷ ആദ്രതയുമാണു കരിഞ്ചാഴി പെരുകുന്നതിനു കാരണം.
കോട്ടയം ജില്ലയിലെ നാട്ടകം തെക്കേകോതകരി, കുമരകം ചേലക്കാപ്പള്ളി, തിരുവാർപ്പ് തട്ടാർകാട്, വെങ്ങാലിക്കാട്, മണലാടി തുടങ്ങിയ പാടശേഖരങ്ങളിലാണു രൂക്ഷമായ കരിഞ്ചാഴി/വട്ടച്ചാഴി (ആഹമരസ യൗഴ) ആക്രമണമുണ്ടായത്.
സാധാരണ 60 ദിവസത്തിന് മുകളിൽ പ്രായമുള്ള ചെടികളിലാണ് ആക്രമണമുണ്ടാകുന്നത്. തെക്കേകോതകരി പാടത്ത് വിരിപ്പ് കൃഷി ചെയ്ത മയൂരി നെല്ലാണ് കരിഞ്ചാഴി ആക്രമണത്തിൽ നശിച്ചത്.
മുപ്ലി വണ്ടിനോട് സാമ്യമുള്ള ചാഴി ഗണത്തിൽപ്പെട്ട കീടമാണിത്. നെൽച്ചെടികളിൽ മഞ്ഞപ്പുണ്ടാകുന്നതാണു കരിഞ്ചാഴി ആക്രമണത്തിന്റെ പ്രാഥമിക ലക്ഷണം. അനുകൂലമായ കാലാവസ്ഥ നിലനിന്നാൽ ഒരാഴ്ചയ്ക്കകം ഇവ പെരുകുകയും പാടം മൊത്തം കരിഞ്ഞു പോവുകയും ചെയ്യും.
പകൽ സമയം നെല്ലിന്റെ ചുവട്ടിൽ പറ്റിയിരിക്കുന്ന കീടങ്ങൾ, രാത്രികാലങ്ങളിൽ നെല്ലോലകളിലേക്കു കയറുകയും നീര് ഊറ്റിക്കുടിക്കുകയും ചെയ്യും. കീടങ്ങൾ വല്ലാതെ പെരുകിയാൽ പകൽ സമയങ്ങളിലും നെല്ലോലകളിൽ ഇവയെ കാണാം.
നിയന്ത്രണം
പാടത്ത് ദിവസം മുഴുവൻ വെള്ളം കെട്ടിനിറുത്തുകയാണു പ്രധാന നിയന്ത്രണമാർഗം. അങ്ങനെ ചെയ്യുന്നതുവഴി കീടങ്ങളുടെ മുട്ടകളെയും കുഞ്ഞുങ്ങളെയും നശിപ്പിക്കാൻ കഴിയും.
പിന്നീട് വെള്ളം വാർത്തുകളഞ്ഞ് അസഫേറ്റ് എന്ന കീടനാശിനി ഏക്കറിന് 320 ഗ്രാം എന്ന കണക്കിൽ നെൽച്ചെടികളുടെ ചുവട്ടിൽ വീഴത്തക്കവിധം തളിച്ചു കൊടുക്കണമെന്ന് കുമരകം കെ.വി.കെയിലെ ശാസ്ത്രജ്ഞർ നിർദേശിച്ചു.
ഫോണ്: 8289816660
ജെ.എസ്. അനന്തു
കൃഷി ഓഫീസർ, നാട്ടകം