തെങ്ങു കയറാൻ ബുദ്ധിമുട്ടേണ്ട; കൂടെയുണ്ട് മാർഷൽ
Wednesday, October 25, 2023 3:02 PM IST
തെങ്ങു നട്ടു വളർത്തിയാലും തേങ്ങയിടാൻ നിവർത്തിയില്ലെങ്കിൽ എന്തു പ്രയോജനമെന്നു ചോദിക്കുന്ന കാലമാണിത്. തേങ്ങയിടാൻ ആളെ കണ്ടെത്തുന്നതു തെങ്ങ് പരിപാലനത്തേക്കാൾ ബുദ്ധിമുട്ടായിരിക്കുന്നു.
അത്തരം സാഹചര്യത്തിലാണു കോഴിക്കോട് ജില്ലയിൽ കൂട്ടാലിടയിലുള്ള മാർഷൽ ഇൻഡസ്ട്രീസ്, ഗുണഭോക്താക്കൾക്കു തികച്ചും ഇണങ്ങുന്ന വിധത്തിൽ തെങ്ങുകയറ്റ യന്ത്രം നിർമിച്ചു പുറത്തിറക്കിയത്.
യുവ സംരംഭകനായ മാക്കൽ സിൽസണ് ആണു കേരകർഷകർക്ക് ഏറെ ആശ്വാസം പകരുന്ന നിർമാണ യൂണിറ്റിന്റെ ചുമതലക്കാരൻ. 25 വർഷങ്ങൾക്ക് മുന്പു സിൽസണിന്റെ പിതാവ് ജോയി വർഗീസ് സ്വന്തമായി രൂപകല്പന ചെയ്തു നിർമിച്ചതാണ് ഈ തെങ്ങ് കയറ്റ യന്ത്രം.
സ്വന്തം നാടായ കൂട്ടാലിടയിൽ വാടക കെട്ടിടത്തിലായിരുന്നു നിർമാണ യൂണിറ്റായ മാർഷൽ ഇൻഡസ്ട്രീസ് എന്ന അഗ്രികൾച്ചറൽ എക്യുപ്മെന്റ് പ്രൊഡക്ഷൻ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചത്.
കേരകർഷകരുടെ ഇടയിൽ യന്ത്രത്തിന് വൻ സ്വീകാര്യത ലഭിച്ചതോടെ ചുരുങ്ങിയ നാൾകൊണ്ട് സംരംഭം വിജയമായി.

വൈകാതെ നിർമാണ യൂണിറ്റ് സ്വന്തം കെട്ടിടത്തിലേക്കു മാറിയെന്നു മാത്രമല്ല യന്ത്രനിർമാണം വിപുലമാക്കുകയും ചെയ്തു. 2006-ൽ യന്ത്രത്തിന്റെ ഗുണമേ·യ്ക്ക് സംസ്ഥാന സർക്കാറിന്റെ സർട്ടിഫിക്കറ്റ് ലഭിച്ചു. 2008ൽ പേറ്റൻറും.
യന്ത്രത്തെക്കുറിച്ചു കേട്ടറിഞ്ഞു സംസ്ഥാനത്തിനകത്തു നിന്നും പുറത്തു നിന്നും നിരവധിപ്പേർ എത്തിത്തുടങ്ങിയതോടെ കർണാടക, തമിഴ്നാട്, ആന്ധ്ര, ഗോവ, ത്രിപുര, മിസോറാം തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും വിതരണ ശ്രൃംഖല വ്യാപിപ്പിച്ചു.
ഇപ്പോൾ പ്രതിവർഷം പതിനായിരത്തോളം യന്ത്രങ്ങങ്ങളാണ് മാർഷൽ ഇൻസ്ട്രീസ് നിർമിച്ചു വിതരണം ചെയ്യുന്നത്. ഇതിനൊപ്പം കമുകും പനയും കയറുന്നതിനുള്ള യന്ത്രങ്ങളും തേങ്ങ ഉരിക്കുന്ന യന്ത്രവും നിർമിക്കുന്നുണ്ട്.
സർക്കാർ സ്ഥാപനങ്ങളായ റെയ്ഡ്കോ, കെയ്കോ, കോക്കനട്ട് ഡെവലപ്മെന്റ് ബോർഡ്, കൃഷിഭവൻ എന്നിവിടങ്ങളിലൂടെ സബ്സിഡി നിരക്കിലും യന്ത്രങ്ങൾ വിതരണം ചെയ്യുന്നുണ്ട്.
എട്ട് കിലോ ഭാരവും1.5 മീറ്റർ നീളവുമുള്ള യന്ത്രം നിർമിക്കാൻ സ്റ്റീൽ റോഡ്, സ്റ്റീൽ വയർ റോപ്പ്, ടയറിന്റെ ഉപയോഗ ശൂന്യമായ ഭാഗങ്ങൾ എന്നിവയാണ് ഉപയോഗിക്കുന്നത്.
85 കിലോ വരെ ഭാരമുള്ളവർക്കു രണ്ട് സ്റ്റീൽ റോഡ് ഉപയോഗിച്ചും, അതിൽ കൂടുതൽ ഭാരവമുള്ളവർക്ക് മൂന്നു സ്റ്റീൽ റോഡും ഉപയോഗിച്ച് രണ്ടു തരം യന്ത്രങ്ങളാണ് ഇവിടെ നിർമിക്കുന്നത്.
രണ്ട് സ്റ്റീൽ റോഡുള്ളതിന് 2800 രൂപയും മൂന്നു റോഡുള്ളതിന് 3000 രൂപയുമാണ് വില. കമുക് കയറ്റ യന്ത്രത്തിനും ഇതേ നിരക്കാണ് ഈടാക്കുന്നത്.
എന്നാൽ, പനകയറ്റയന്ത്രത്തിന് വില അല്പം കൂടുതലാണ് 5500 രൂപ. 10 വർഷത്തെ ഗാരറ്റിയോടെ പുറത്തിറക്കുന്ന തേങ്ങ ഉരിക്കൽ യന്ത്രത്തിന് 550 രൂപയാണ് വില.
നാളികേര വിലയിടിവ് കേരളത്തിൽ തെങ്ങ് കയറ്റ യന്ത്രത്തിന്റെ വില്പനയിൽ ഇടിവ് വരുത്തിയിട്ടുണ്ടെന്ന് സിൽസണ് പറഞ്ഞു. ജൂഹിയാണ് ഭാര്യ. മകൾ: ഇസബെല്ല. ഫോണ് : 8086273141.
ജോണ്സണ് പൂകമല