ശംഖുപുഷ്പം
Friday, October 20, 2023 5:23 PM IST
ഉപയോഗത്തിന്റെ അടിസ്ഥാനത്തിൽ മേധഔഷധങ്ങളുടെ കൂട്ടത്തിൽ ആയൂർവേദം ശംഖുപുഷ്പത്തെ ഉൾപ്പെടുത്തിയിരിക്കുന്നു.
ശംഖുപുഷ്പി, ശംഖാഹ്വാ, ദേവകുസുമ, അപരാജിത തുടങ്ങിയ സംസ്കൃതനാമങ്ങളിൽ അറിയപ്പെടുന്ന ഈ ഔഷധസസ്യം ബട്ടർഫ്ളൈ ബീൻ എന്നാണ് ഇംഗ്ലീഷിൽ അറിയപ്പെടുന്നത്.
ബുദ്ധിശക്തിയും മേധാശക്തിയും ഉണ്ടാക്കുന്ന ഈ സസ്യം ഉദ്യാനങ്ങളിൽ നട്ടുപിടിപ്പിക്കാവുന്നതാണ്. ഇതു സാധാരണ ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് കാണപ്പെടുന്നത്.
വളരെ മനോഹരമായ നിലയും വെള്ളയും താമ്രവർണത്തിലും (ചെന്പിന്റെ നിറം) കാണപ്പെടുന്ന ഇത് ഒരു വള്ളിച്ചെടിയാണ്. വിത്തുകൾക്ക് മഞ്ഞകലർന്ന തവിട്ടു നിറമാണ്.
ഫാബേസി സസ്യകുടുംബത്തിൽപ്പെട്ട ഇതിന്റെ ശാസ്ത്രനാമം ക്ലിറ്റോറിയ ടെർണേറ്റിയ എന്നാണ്. ഇതിന്റെ വേര്, പൂവ്, സമൂലവും ഒൗഷധങ്ങൾക്കായി ഉപയോഗിക്കുന്നു.
ആയൂർവേദ വിധിപ്രകാരം ശംഖുപുഷ്പത്തിന്റെ രാസാദിഗുണങ്ങൾ തിക്തകഷായ രാസവും തീഷ്ണരാസ ഗുണവും ഉഷ്ണവീര്യവും വിപാകത്തിൽ കടുവുമാണ്. രാസഘടകങ്ങൾ ശംഖുപുഷ്പ വിത്തിൽ എണ്ണ, റെസിൻ, അന്നജം, കയ്പുള്ള അമ്ലവസ്തു എന്നിവ അടങ്ങിയിരിക്കുന്നു.
ഇതിന്റെ വേരിലുള്ള തൊലിയിൽ ടാനിൻ, റെസിൻ, അന്നജം എന്നിവയുമുണ്ട്. വെള്ള ശംഖുപുഷ്പമാണ് നീലയേക്കാൾ ഔഷധയോഗ്യം. വെള്ളശംഖു പുഷ്പത്തിന്റെ വേര് ഇടിച്ചു പിഴിഞ്ഞ നീര് മൂക്കിൽ നസ്യം ചെയ്താൽ ഒറ്റച്ചെന്നിക്കുത്ത് ശമിക്കും.
വെള്ള ശംഖുപുഷ്പത്തിന്റെ പൂവ് ഓരോ ഗ്രാം അരച്ച് ദിവസം മൂന്നുനേരം തേനിൽ കഴിച്ചാൽ ഗർഭാശയത്തിൽ നിന്നുള്ള രക്തസ്രാവത്തിന് ശമനമുണ്ടാകും. നീലശംഖുപുഷ്പം സമൂലം കഷായം വച്ചു സേവിച്ചാൽ ഉറക്കമില്ലായ്മ, മദ്യലഹരി, ഉന്മാദം, ശാസകോശ രോഗം എന്നിവയ്ക്ക് ആശ്വാസമാകും.
ശംഖുപുഷ്പത്തിന്റെ വേര് പച്ചയായി അരച്ചത് ഒരു ഗ്രാം വെണ്ണയിൽ ചാലിച്ച് അതിരാവിലെ കുഞ്ഞുങ്ങൾക്ക് കൊടുത്താൽ ബുദ്ധിശക്തിയും ഓർമശക്തിയും വർധിക്കും. ശംഖുപുഷ്പത്തിന്റെ വേര് (3 മുതൽ 6 ഗ്രാം വരെ) പച്ചക്ക് അരച്ചു കഴിക്കുന്നത് മൂർഖൻ പാന്പ് വിഷത്തിന് ഫലപ്രദമാണ്.
ശംഖുപുഷ്പത്തിന്റെ വേര് ഇടിച്ചുപിഴിഞ്ഞത് (20 ഗ്രാം നീര്) പച്ചപാലിൽ ചേർത്തു കൊടുത്താൽ ശ്വാസനാളരോഗത്താലുണ്ടാവുന്ന കഫം മാറും.
പനികുറയാനും ഉറക്കം ത്വരിതപ്പെടുത്താനും ഗർഭാശയജന്യരോഗങ്ങൾ മൂലമുണ്ടാവുന്ന രക്തസ്രവം തടയാനും, ഉന്മാദം, മദ്യാസക്തി തുടങ്ങിയ മാനസിക രോഗങ്ങൾ ശമിപ്പിക്കാനും ശരീരബലവും ലൈംഗികശക്തിയും വർധിപ്പിക്കാനും ശംഖുപുഷ്പത്തിന് കഴിയും.
ശംഖുപുഷ്പത്തിന്റെ വേര്, വയന്പ്, കൊട്ടം എന്നിവ സമം എടുത്ത് അതിൽ ബ്രഹ്മി സമൂലമെടുത്ത് നീരിൽ പഴയ നെയ്യ് ചേർത്ത് അരച്ചുകലക്കി സേവിക്കുന്നത് അപസ്മാരത്തിന് ഉത്തമമാണ്.
ഫോണ്: 96335 52460.
പ്രഫ. കെ. നസീമ