ആടിന്റെ വലിപ്പമുള്ള പശുക്കൾ, ഈ ദന്പതികൾക്ക് ചങ്കാണ് പുങ്കാനൂർ
Saturday, September 30, 2023 3:41 PM IST
ലോകത്തിലെ ഏറ്റവും വലിപ്പം കുറഞ്ഞ പുങ്കാനൂർ ഇനം പശുവിനെ സ്വന്തമാക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഇടുക്കി ജില്ലയിൽ കോളപ്ര ചെളിക്കണ്ടത്തിൽ റിട്ട. അധ്യാപകരായ രാജു ഗോപാൽ, അജിതകുമാരി ദന്പതികൾ.
മനോഹരമായ മലങ്കര ജലാശയത്തോടു ചേർന്ന് തൊടുപുഴ -പുളിയൻമല സംസ്ഥാന പാതയ്ക്കരികിലാണ് ഇവരുടെ വീടും പശുക്കളുടെ തൊഴുത്തും. കാസർഗോഡ് കുള്ളൻ, കപില, വെച്ചൂർ ഇനം നാടൻ പശുക്കളും ഇവർക്കുണ്ട്.
പുങ്കാനൂർ സ്വന്തമായ വഴി
അധ്യാപക വൃത്തിയിൽ നിന്നു വിരമിച്ച ശേഷം മുഴുവൻ സമയവും കൃഷിയിലാണു രാജു ഗോപാലും അജിതകുമാരിയും. കോളപ്രയിലും വയനക്കാവിലുമായി ആറേക്കർ റംബൂട്ടാൻ തോട്ടവും രണ്ടേക്കർ ഹൈബ്രീഡ് ഇനം തെങ്ങ്, മാവ്, പുലാസാൻ, പേര, ചാന്പ എന്നിവയെല്ലാം അടങ്ങിയ ഫലവൃക്ഷത്തോട്ടവുമുണ്ട്.
കൃഷിക്ക് ആവശ്യമായ ചാണകം വാങ്ങിയിരുന്നത് തമിഴ്നാട്ടിൽ നിന്നാണ്. എന്നാൽ, നാടൻ പശുവിന്റെ പാലിനും ചാണകത്തിനും ഗുണമേന്മ കൂടുതലാണെന്ന് അയൽക്കാരനായ കൃഷി ഓഫീസർ മാർട്ടിൻ തോമസാണു പറഞ്ഞത്.
അതോടെ ആ വഴിക്കായി അന്വേഷണം. തുടർന്ന് മൂവാറ്റുപുഴയ്ക്ക് സമീപം ആവോലിയിൽ നിന്നു കാസർഗോഡ് കുള്ളൻ ഇനം പശുവിനെ വാങ്ങി. ഈ പശുവിൽ കൃത്രിമ ബീജസങ്കലനം നടത്തി വെളുത്ത ഇനം വെച്ചൂർ പശുവിനെ സ്വന്തമാക്കി.
ഈ പശുവിനെ കാണാനിടയായ വെറ്ററിനറി ഡോക്ടർ വേണുഗോപാൽ ആന്ധ്രയിലെ പുങ്കാനൂർ ഇനം മൂരിയുടെ ബീജം എത്തിച്ച് ഈ പശുവിൽ ബീജസങ്കലനം നടത്തിയതോടെയാണ് രാജുവിന്റെ തൊഴുത്തിൽ ലോകത്തിലെ ഏറ്റവും ചെറിയ ഇനം പുങ്കാനൂർ കിടാരികൾ ജന്മമെടുത്തത്.
പ്രത്യേകതകൾ
തൂവെള്ള നിറം, മനുഷ്യരോട് നല്ല ഇണക്കം, രോഗപ്രതിരോധ ശേഷിയിൽ ആഗ്രഗണ്യൻ, പാലിന്റെ ഗുണമേന്മയിൽ മുന്പൻ, ചൂടിനെ പ്രതിരോധിക്കാൻ കഴിവ്, കുറച്ചു തീറ്റ... പുങ്കാനൂർ ഇനം പശുവിന്റെ പ്രത്യേകതകളെക്കുറിച്ച് പറയാൻ തുടങ്ങിയാൽ രാജു-അജിതകുമാരി ദന്പതികൾക്ക് നൂറു നാവ്. ഒരാടിന്റെ മാത്രം വലുപ്പമുള്ള ഇവയ്ക്ക് 80 സെന്റീമീറ്റർ ഉയരമാണുള്ളത്.
വിളിപ്പേര്
ഫാമിൽ വളർത്തുന്ന ഓരോ പശുവിനും പേരുണ്ട്. പുങ്കാനൂർ ചെറിയ ഇനം പശുവിന് കണ്ണകിയെന്നാണ് പേര്, കിടാരിക്ക് കണ്മണിയെന്നും. വലിയ ഇനത്തിനു പൊന്നി, കിടാരിക്ക് പൊന്നൻ, കപിലയ്ക്ക് നന്ദിനിക്കുട്ടി, കിടാരിക്ക് നന്തി, വെച്ചൂരിനു കുഞ്ഞിപെണ്ണ്, കിടാരിക്ക് കുഞ്ഞാമി, കാസർഗോഡ് കുള്ളന് സപ്പു, കിടാരിക്ക് നന്ദിനിക്കുട്ടി എന്നിങ്ങനെയാണ് വിളിപ്പേരുകൾ. നന്ദിനിക്കുട്ടിയാണ് ഈ ഫാമിൽ ആദ്യം പിറന്നത്.
പുങ്കാനൂർ ഇനത്തെ പേര് ചൊല്ലി വിളിച്ചാൽ ഓടി അരികിലെത്തും. അരികിലെത്തുന്ന അവയെ ബ്രഷ് ഉപയോഗിച്ച് തലോടിയാൽ തൊട്ടുരുമ്മി നിൽക്കും. അത്രയ്ക്ക് ഇണക്കമാണ് ഇവയ്ക്ക്. നാലിനത്തിൽപ്പെട്ട ആറു പശുക്കളും നാലുകിടാരികളും ഫാമിലുണ്ട്.
മോഹവില
പുങ്കാനൂർ ഇനത്തിന് അഞ്ചുലക്ഷം രൂപ വരെയാണ് മോഹവില . ഇതിന്റെ വീഡിയോ കണ്ട് ഒമാൻ, ദുബായ് ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നു കിടാരികളെ ആവശ്യപ്പെട്ടു ധാരാളം ഫോണ്വിളികൾ വരുന്നുണ്ട്.
എന്നാൽ ഇവയെ വിൽക്കാൻ ഈ ദന്പതികൾക്ക് മനസ് വരുന്നില്ല. പുങ്കാനൂരിന്റെ നടത്തം കണ്ടാൽ ആരും നോക്കി നിന്നുപോകും. അത്രയേറെ അഴകും ചന്തവുമുണ്ട് അവയുടെ നടത്തത്തിന്. ഇവയെകുറിച്ച് കേട്ടറിഞ്ഞ് ധാരാളം പേർ വീട്ടിൽ സന്ദർശകരായി എത്തുന്നുണ്ട്.
ഇഷ്ട ഭക്ഷണം
മാന്പഴം, ചക്കപ്പഴം, റംബൂട്ടാൻ എന്നിവയാണു പുങ്കാനൂരിന്റെ ഇഷ്ട ഭക്ഷണം. തീറ്റയും കുറച്ചുമതി. ഒരു ദിവസം അഞ്ചു കിലോ പുല്ലുണ്ടെങ്കിൽ ധാരാളം. ഗോതന്പു തവിട് ചേർത്ത വെള്ളമാണ് കുടിക്കാൻ നൽകുന്നത്.
കൂടുതൽ നേരം വെയിലത്ത് കിടക്കുന്നത് ഇവയുടെ ശീലമാണ്. ചൂടിനെ പ്രതിരോധിക്കാൻ കഴിവുള്ള ഇനമാണിത്. വേനൽ കാലത്ത് കരിയില കിട്ടിയാൽ ഇഷ്ടം പോലെ തിന്നും. എന്നാൽ നനഞ്ഞ ഇല ഒന്നുപോലും തിന്നില്ല. അതാണു പൂങ്കാനൂരിന്റെ രീതി.
എടു മിൽക്ക്
എടു മിൽക്ക് എന്നറിയപ്പെടുന്ന പുങ്കാനൂർ ഇനം പശുവിന്റെ പാലിന് ഗുണമേ· കൂടുതലാണ്. ഒരു ലിറ്ററിന് 140 രൂപയാണു വില. ചെറിയ ഇനത്തിന് ഒന്നര ലിറ്റർ മുതൽ രണ്ട് ലിറ്റർ വരെയും പുങ്കാനൂർ വലിയ ഇനത്തിന് നാല് മുതൽ നാലര ലിറ്റർ വരെയും പാൽ ലഭിക്കും.
പാലിന് കൂടുതൽ വിലയുണ്ടെങ്കിലും ഒരു തുള്ളി പോലും വിൽക്കാറില്ല. വീട്ടാവശ്യം കഴിഞ്ഞുള്ളതു കിടാരികൾക്കാണ്. ഈയിനം പശുക്കളുടെ ചാണകത്തിനും മൂത്രത്തിനും ഗുണമേന്മ പതിമടങ്ങാണ്. വെച്ചൂർ , കാസർഗോഡ് കുള്ളൻ, കപില ഇനം പശുക്കളുടെ പാലിന് ലിറ്ററിന് 120 രൂപയാണ് വില.
ഫാം ടൂറിസവും ഹെൽത്ത് ടൂറിസവും
പുലരും മുന്പേ കറവയും വീട്ടുജോലികളും തീർത്ത് ആറേക്കർ റംബൂട്ടാൻ തോട്ടത്തിലേക്ക് ഇറങ്ങുന്ന രാജു - അജിതകുമാരി ദന്പതികൾ ഫാം ടൂറിസത്തിന്റെയും ഹെൽത്ത് ടൂറിസത്തിന്റെയും അനന്തസാധ്യതകൾ പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിലാണ്.
ഇതിനായി മലങ്കര ജലാശയതീരത്ത് വയനക്കാവിൽ വിനോദസഞ്ചാരികൾക്കായി മൂന്നുനില കെട്ടിടത്തിന്റെ നിർമാണം നടന്നു വരികയാണ്. മകൾ ഡോ. നീതുരാജിന്റെയും ഭർത്താവും ഐടി എൻജിനിയറുമായ മിഥുന്റെയും സഹകരണത്തോടെ ഇവിടെ ആയുർവേദ ചികിത്സാകേന്ദ്രം ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് ഇവർ.
ഫോണ്: 97453 12423
ജോയി കിഴക്കേൽ