ഗാളീച്ചയ്ക്കെതിരേ കരുതൽ; ഓണപ്പച്ചക്കറിക്കു പരിചരണം
Wednesday, August 16, 2023 4:06 PM IST
നെല്ല്
മേയ് മാസം പൊടിവിത നടത്തിയ പാടങ്ങളിൽ ഈ മാസം അവസാനത്തോടെ രണ്ടാം മേൽവളം നൽകണം. കഴിഞ്ഞ മാസം നട്ട പാടങ്ങളിൽ ചിനപ്പു പൊട്ടുന്ന അവസരത്തിൽ ആദ്യ മേൽവളപ്രയോഗം. (വളത്തിന്റെ അളവ് പട്ടികയിൽ നൽകിയിട്ടുണ്ട്).
വളം നൽകുന്നതിന് ഒരു ദിവസം മുന്പ് പാടത്ത് നിന്നു വെള്ളം വാർത്തു കളയണം. വളം വിതറിയ ശേഷം കുറഞ്ഞത് 12 മണിക്കൂർ കഴിഞ്ഞു പാടത്ത് വെള്ളം കയറ്റാം. വെള്ളക്കെട്ടുള്ള പാടങ്ങളിൽ യൂറിയ ലായനിയാക്കി ഇലകളിൽ തളിച്ചുകൊടുക്കാം.
ഇതിനായി 10 ലി. വെള്ളത്തിൽ അര കിലോ പുതിയ യൂറിയ കൊണ്ട് തയാറാക്കിയ ലായനി തളിക്കണം. അതുപോലെ പോളരോഗം സ്ഥിരമായി കാണുന്ന സ്ഥലങ്ങളിൽ ആകെ നിർദേശിച്ചിട്ടുള്ളതിന്റെ പകുതി കൂടി പൊട്ടാഷ് ചേർത്ത് കൊടുക്കണം. വളപ്രയോഗത്തിന് മുന്പു കളയെടുപ്പ് നടത്തിയിരിക്കണം.
കീടരോഗങ്ങൾക്കെതിരെ സംയോജിത നിയന്ത്രണ മാർഗങ്ങൾ അവലംബിക്കണം. നട്ട പാടങ്ങളിൽ പ്രത്യേകിച്ചു വൈകി നട്ട പാടങ്ങളിൽ ഗാളീച്ചയുടെ ഉപദ്രവം കാണാം. ഞാറ്റടി മുതൽ കതിർ വരെയുള്ള ഏതു പ്രായത്തിലും ആക്രമണമുണ്ടാകാം.
ഞാറിന്റെ പ്രായത്തിൽ കീടബാധയുണ്ടായാൽ ചെടിയുടെ ചുവടുഭാഗം വീർത്തിരിക്കുന്നതായും കൂടുതൽ ചിനപ്പു പൊട്ടുന്നതായും കാണാം. അതു കഴിഞ്ഞാൽ നാന്പിലയ്ക്കു പകരം വെള്ളക്കൂന്പ് അല്ലെങ്കിൽ തിരിയുടെ ആകൃതിയിൽ പൊള്ളയായ കുഴലുകൾ കാണും.
വയലിൽ വിളക്കുകെണി സ്ഥാപിക്കുന്നത് ഗാളീച്ചയെ ഒരുപരിധിവരെ ആകർഷിച്ചു നശിപ്പിക്കും. ഓലചുരുട്ടി, തണ്ടുതുരപ്പൻ, ശലഭങ്ങൾ, മുഞ്ഞ, ചാഴി എന്നിവയേയും ഇവ ആകർഷിച്ചു നശിപ്പിക്കും.
കുഴൽപുഴുവിന്റെ ആക്രമണം കാണുന്നെങ്കിൽ വെള്ളം വാർത്തു കളയണം. വെള്ളം കയറ്റുന്ന തൂന്പിൽ അറക്കപ്പൊടിയിൽ മണ്ണെണ്ണചേർത്തു വയ്ക്കുന്നതും ഇതിനെ നിയന്ത്രിക്കാൻ സഹായിക്കും.
തണ്ടുതുരപ്പനും ഓലചുരുട്ടിക്കുമെതിരെ ട്രൈക്കോകാർഡുകൾ ഫലപ്രദമാണ്. ഒന്നോ രണ്ടോ ആഴ്ച ഇടവേളയിൽ ഏക്കറൊന്നിന് 2 സിസി എന്ന തോതിൽ കാർഡ് വയ്ക്കുക.
ചിനപ്പു പൊട്ടുന്നതു മുതൽ അടിക്കണ പരുവം വരെ പോളരോഗത്തിനും സാധ്യതയുണ്ട്. ഇതിനെതിരെ 20 ഗ്രാം സ്യൂഡോമോണാസ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിച്ചു കൊടുക്കാം.
പൊക്കാളിപ്പാടങ്ങളിൽ രണ്ടാം വാരത്തോടെ പറിച്ചു നടീൽ നടത്തണം. പറിച്ചു നടുന്നതിനു മുന്പായി ഏക്കറിന് 200 കിലോ കുമ്മായം ചേർക്കണം. വിതകഴിഞ്ഞ കുട്ടനാടൻ പാടങ്ങളിൽ നെല്ലിന് 14-22 ദിവസം പ്രായമാകുന്നതുവരെ കളനിയന്ത്രണം നിർബന്ധം.
കളനാശിനി പ്രയോഗിക്കുന്ന പാടങ്ങളിൽ കളയുടെ ഇനമനുസരിച്ച് വിദഗ്ധരുടെ ശുപാർശയോടെ മാത്രമേ കള നശീകരണം നടത്താവൂ. ജൂണ് അവസാനം വിതകഴിഞ്ഞ പാടങ്ങളിൽ 10-15 ദിവസത്തിനുശേഷം അടിവളവും ജൂണ് ആദ്യവാരം വിതകഴിഞ്ഞ പാടങ്ങളിൽ 30-35 ദിവസത്തിനുശേഷം മേൽവളവും പ്രയോഗിക്കണം.
തെങ്ങ്
കഴിഞ്ഞ മാസം വളം ചേർത്തില്ലെങ്കിൽ ഈ മാസം വളപ്രയോഗം നടത്തണം. മഴയെ ആശ്രയിച്ച് ശരാശരി നല്ല പരിചരണം നടത്തുന്ന തോട്ടങ്ങളിൽ യൂറിയ, സൂപ്പർ ഫോസ്ഫേറ്റ്, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ യഥാക്രമം 250-350 ഗ്രാം, 350-600 ഗ്രാം, 400-650 ഗ്രാം വീതവും ജലസേചിത കൃഷിയുള്ള തോട്ടങ്ങളിൽ ഇവ യഥാക്രമം 200-270 ഗ്രാം, 275-500 ഗ്രാം, 275-500 ഗ്രാമും നൽകണം.
കൂന്പുചീയൽ, ചെന്നീരൊലിപ്പ് രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം. കൂന്പുചീയൽ രോഗം വരാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ മഴക്കാലാരംഭത്തിൽ തന്നെ അന്തർവ്യാപനശേഷിയുള്ള പൊട്ടാ സ്യം ഫോസ്ഫണേറ്റ് (അക്കോമിൻ-40) എന്ന കുമിൾ നാശിനി എല്ലാ തെങ്ങുകളിലും പ്രയോഗിക്കുകയാണെങ്കിൽ ഈ രോഗത്തെ ഫലപ്രദമായി നിയന്ത്രിക്കാം.
ഇതിനായി തെങ്ങൊന്നിന് 1.5 മി.ലി അക്കോമിൻ, 300 മി.ലി. വെള്ളത്തിൽ ചേർത്ത് നാന്പോലയുടെ തൊട്ടടുത്ത ഓലക്കവിളുകളിൽ മഴയില്ലാത്ത ദിവസങ്ങളിൽ ഒഴിക്കണം. മെയ്/ജൂണ് മാസത്തിൽ ആരംഭിച്ച് നവംബർ മാസം വരെ രണ്ടു മാസത്തിലൊരിക്കൽ ഈ മരുന്നു പ്രയോഗം നടത്തണം.
കൂടുതൽ വിവരങ്ങൾക്കു കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രവുമായി (04994- 232893 എന്ന ഫോണ് നന്പറിൽ ബന്ധപ്പെടുക.) കൂന്പുചീയൽ രോഗം വന്നു കഴിഞ്ഞാൽ കേടു വന്ന ഭാഗം ചെത്തി മാറ്റി ബോർഡോ കുഴന്പ് തേച്ചു പുതിയ കൂന്പ് വരുന്നതുവരെ മഴ കൊള്ളാതെ സംരക്ഷിക്കണം.
ചെന്നീരൊലിപ്പുള്ള തെങ്ങുകളിൽ തടിയിൽ നിന്നു ചെറുതായി കടുത്ത തവിട്ടു നിറത്തിലുള്ള ദ്രാവകം ഒലിച്ചിറങ്ങുന്നതായി കാണാം.
ഇങ്ങനെ കാണുന്ന തെങ്ങുകളിൽ കറ ഒലിക്കുന്ന ഭാഗം മൂർച്ചയുള്ള ഉളിയോ കത്തിയോ കൊണ്ട് ചെത്തി മാറ്റിയശേഷം ബോർഡോ കുഴന്പോ, 5 മി.ലി. കാലിക്സിൻ 100 മി.ലി. വെള്ളത്തിൽ കലർത്തിയോ തേയ്ക്കുക. രണ്ടുദിവസത്തിനുശേഷം കോൾ ടാർ പുരട്ടുക.

കുരുമുളക്
വേരുപിടിപ്പിച്ച കുരുമുളക് വള്ളികൾ നടുന്നതു തുടരാം. കഴിഞ്ഞ മാസം നട്ട് വളർന്നുവരുന്ന വള്ളികൾ താങ്ങുകാലിനോട് ചേർത്ത് കെട്ടുകയും പടർത്തുകയും വേണം.
കുരുമുളക് തോട്ടങ്ങളിൽ വെള്ളം കെട്ടി നിൽക്കാൻ അനുവദിക്കരുത്. നിലവിലുള്ള കൊടികൾക്ക് രാസവളപ്രയോഗം തുടരാം. പൊള്ളുവണ്ടിനെതിരെ വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിക്കണം.
അതുപോലെ പൊള്ളു രോഗത്തിനെതിരെ 1% ബോർഡോ മിശ്രിതം, 2% സ്യൂഡോമോണാസോ തളിക്കുക. തണൽ ക്രമീകരണവും നടത്തണം. ദ്രുതവാട്ടം നിയന്ത്രിക്കുന്നതിനുള്ള സസ്യസംരക്ഷണമുറകൾ തുടരാം.
മഴയില്ലാത്തപ്പോൾ ഒരു ശതമാനം ബോർഡോമിശ്രിതം തളിച്ചു കൊടുക്കണം. ഗുരുതരമായ രോഗബാധയുള്ള സ്ഥലങ്ങളിൽ വള്ളികളുടെ ചുവട്ടിൽ ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം ഒഴിച്ചു കൊടുക്കണം.
ഇഞ്ചി, മഞ്ഞൾ
വളപ്രയോഗം, കളയെടുപ്പ്, നീർവാർ ച്ചയ്ക്കുള്ള ക്രമീകരണം, വാരം പിടിപ്പിക്കൽ, പുതയിടൽ മുതലായവ ചെയ്യണം. അവസാനത്തെ വളപ്രയോഗം നടത്താനും സമയമായി.
ഇഞ്ചിക്ക് സെന്റൊന്നിന് നട്ട് 90 ദിവസം കഴിഞ്ഞ് 350 ഗ്രാം യൂറിയയും 200 ഗ്രാം പൊട്ടാഷും മഞ്ഞളിന് 250 ഗ്രാം യൂറിയയും 500 ഗ്രാം പൊട്ടാഷും നൽകണം.
ഇഞ്ചിയുടെ മൂടുചീയൽ രോഗവും മഞ്ഞളിന്റെ കടചീയൽ രോഗവും തടയാൻ ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം തളിക്കണം.
ഏലം
ഒന്നാം തവാരണയിൽ നിന്നും ഏലത്തൈകൾ രണ്ടാം തവാരണയിലേക്ക് പറിച്ചു നടാം. രണ്ടാം തവാരണയിലെ നഷ്ടപ്പെട്ട തൈകൾക്ക് പകരം പുതിയ തൈകൾ വയ്ക്കണം. കളയെടുക്കലും പുതയിടലും നടത്തണം.
മൂടുചീയൽ, അഴുകൽ രോഗങ്ങൾ കാണുന്ന തോട്ടങ്ങളിൽ ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം തളിക്കണം.
ഗ്രാന്പൂ, ജാതി
വളപ്രയോഗം തുടരാം. തോട്ടങ്ങളിൽ നീർവാർച്ചയും കളനിയന്ത്രണവും ഉറപ്പുവരുത്തുക. കുമിൾ രോഗം കണ്ടാൽ ബോർഡോ മിശ്രിതം ഉപയോഗിക്കുക.
വാഴ
മഴക്കാലവിളയായി നട്ട് ഒരു മാസം കഴിഞ്ഞ നേന്ത്രന് 65 ഗ്രാം യൂറിയ, 250 ഗ്രാം റോക്ക് ഫോസ്ഫേറ്റ്, 100 ഗ്രാം പൊട്ടാഷ്, 2 മാസം കഴിഞ്ഞവയ്ക്ക് 65 ഗ്രാം യൂറിയയും, 100 ഗ്രാം പൊട്ടാഷും നൽകുക.
നട്ട് 2 മാസമായ പാളയൻകോടന് ചുവടൊന്നിന് 110, 500,335 ഗ്രാം വീതം യൂറിയ, റോക്ക് ഫോസ്ഫേറ്റ്, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ ചേർക്കാം. നീർവാർച്ച ഉറപ്പാക്കണം.
കളകൾ ചെത്തി ചുവട്ടിൽകൂടി മണ്ണിട്ടു മൂടണം. ഇല കരിച്ചിൽ കാണുന്നുണ്ടെങ്കിൽ ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം തളിക്കണം. തണ്ടുതുരപ്പൻ പുഴുവിന്റെ ആക്രമണം ശ്രദ്ധിക്കുക.
മാവ്
കഴിഞ്ഞ മാസം നട്ട ഒട്ടു തൈകളുടെ ഒട്ടിച്ച ഭാഗത്തിന് താഴെ മുളയ്ക്കുന്ന ചിനപ്പുകൾ നീക്കം ചെയ്യണം.
ചില്ലയുണക്കം കാണുന്ന മാവുകളുടെ കേടുവന്ന ഭാഗത്തിന് താഴെവച്ച് മുറിച്ച് മുറിപാടിൽ ബോർഡോ കുഴന്പ് തേയ്ക്കുക.
അനിതാ സി.എസ്