നമുക്കും കൃഷി ചെയ്യാം; കൈപ്പില്ലാ പാവൽ
Tuesday, May 2, 2023 4:47 PM IST
കേരളത്തിന്റെ കാലാവസ്ഥയിൽ നന്നായി വളരുന്ന, ധാരാളം ഔഷധ ഗുണങ്ങൾ നിറഞ്ഞ, ഏറെ രുചികരമായ ഒരു പച്ചക്കറി വിളയാണ് ഗന്റോല അഥവാ കൈപ്പില്ലാ പാവൽ. ബംഗ്ലാദേശിലും, ഇന്ത്യയുടെ കിഴക്കൻ, വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ഇതു വ്യാപകമായി കൃഷി ചെയ്തു വരുന്നു. മഴക്കാല കൃഷിക്ക് എറെ അനുയോജ്യമായ ഗന്റോല നനയ്ക്കാൻ സൗകര്യമുള്ള സ്ഥലങ്ങളിൽ വേനൽക്കാലത്തും നന്നായി വിളയും. മാർച്ച് -ഏപ്രിൽ, ഡിസംബർ-ജനുവരി മാസങ്ങളാണു നടീലിനു പറ്റിയ കാലം.
കൃഷി രീതി
ഇടമഴ മുറയ്ക്കു കിട്ടുന്ന സമയത്തു നിലമൊരുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. കൃഷി രീതികൾ ഏതാണ്ടു പാവലിന്റേതു പോലെ തന്നെ. ഒരടി താഴ്ചയിൽ നിലം ഉഴുത് നിരപ്പാക്കണം. 1.5 : 1.5 മീറ്റർ അകലത്തിൽ 2 അടി വ്യാസമുള്ള കുഴികൾ എടുത്ത് 150 ഗ്രാം കുമ്മായം വിതറണം. പുളിപ്പ് മാറാൻ ഒരു മഴ പെയ്തു വെള്ളം മണ്ണിലിറങ്ങാൻ അനുവദിക്കണം. (കുഴികൾ നന്നായി നനച്ചാലും മതിയാകും) പിന്നീട്, അഞ്ചു കിലോ വീതം ്രെടെക്കോഡെർമ സന്പുഷ്ട ചാണകപ്പൊടിയുമായി കലർത്തി മേൽമണ്ണ് ചേർത്തു നിറച്ചു കുഴി മൂടുക. പിള്ളക്കുഴി എടുത്ത് അതിൽ മുളച്ച ചെടികൾ നടുക.
ഗന്റോല ദ്വിലിംഗ പുഷ്പിയാകയാൽ ആണ്, പെണ് ചെടികൾ തമ്മിൽ വ്യത്യാസമുണ്ട്. വിത്തുകൾ മുളയ്ക്കാൻ താമസമുള്ളതിനാലും വിത്ത് മുളച്ചുണ്ടാകുന്ന ചെടി പെണ് ചെടിയാകുമെന്ന് ഉറപ്പില്ലാത്തതിനാലും മുൻ വർഷങ്ങളിൽ കായ്ഫലം തന്ന പെണ് ചെടികളുടെ ചുവട്ടിൽ നിന്നു ശേഖരിച്ച കിഴങ്ങുകളാണു നല്ല നടീൽ വസ്തു. വലിയ കിഴങ്ങുകൾ പുറം തൊലിക്കു ക്ഷതമേൽക്കാതെ കഷണ ങ്ങളാക്കി മുറിച്ചും നടാം.
മുറിച്ച കഷണങ്ങൾ രണ്ടു ശതമാനം ബാവി സ്റ്റിൻ /ഇൻഡോഫിൻ ങ 45ൽ മുപ്പതു മിനിറ്റു മുക്കിവച്ച ശേഷം തണലിൽ ഉണക്കി, ഈർപ്പമുള്ള സ്ഥലത്തു പുതയിട്ടു മൂടി രണ്ടു മൂന്നാഴ്ച വച്ചു മുളപ്പിച്ചശേഷം മാറ്റി നടുന്നതാകും ഉത്തമം. ഹോർമോണ് ലായനികളിൽ മുക്കി വേരു പിടിപ്പിച്ച വളളിത്തലപ്പുകളും നടാൻ ഉപയോ ഗിക്കാം. വളർച്ച സാവധാന മായിരി ക്കുമെന്നു മാത്രം. 10 സെന്റ് തോട്ടത്തിൽ കുറഞ്ഞത് 45 ആണ് ചെടി കളെങ്കിലും നട്ടു പരിപാലിക്കണം. എങ്കിൽ മാത്രമെ കൃത്യസമയത്തുള്ള പരാഗണത്തിലൂടെ എല്ലാ പെണ് പൂക്കളും കായ്കളായി മാറുകയുള്ളൂ. സ്വയം പരാഗണം പരിമിതമായതിനാൽ, വാനിലയുടേതുപോലെ ഇതിനും ആണ് പൂക്കൾ പെണ് പൂക്കളിൽ മുട്ടിച്ചു കൊടുക്കേണ്ടതുണ്ട്.
തുടർ പരിചരണം
കിഴങ്ങുകളിൽ നിന്നു വളർത്തിയ ഗന്റോല ചെടികൾ ഏതാണ്ട് 35 ദിവസത്തിനുള്ളിൽ പൂവിടും. ഉറപ്പുള്ള തൂണുകളിൽ നിർമിച്ച പന്തൽ അത്യാവശ്യമാണ്. ചെടിയുടെ ചുവട്ടിൽ വൈക്കോലും ജൈവ വസ്തുക്കളും ഉപയോഗിച്ചുള്ള പുത ഇടുന്നതു കള നിയന്ത്രിക്കാനും വളർച്ച ത്വരിത പ്പെടുത്താനും സഹായിക്കും. തൈകൾ മുളച്ചു ഒരാഴ്ചക്കകം തന്നെ പന്തലിൽ കയറും. കൈകൊണ്ടു പരാഗണം നടത്താനുള്ള സൗകര്യത്തിനു നടപ്പാ തകളും ക്രമീകരിക്കണം.
ഒരു മാസം പ്രായമായ ചെടികളുടെ ചുവട്ടിൽ 250 ഗ്രാം വേപ്പിൻ പിണ്ണാക്കും രണ്ടു കിലോ ഉമിയും ചേർത്തു വിതറിയ ശേഷം ചെറുതായി കൊത്തി ഇളക്കിക്കൊടുത്താൽ നിമാവിരകളുടെ ശല്യം കുറയും. തുടർന്നു 3-4 മാസ ക്കാലത്തേക്കു മാസത്തിലൊരിക്കൽ വേപ്പിൻ പിണ്ണാക്ക് വെള്ളത്തിൽ കുതിർത്ത് അതിന്റെ തെളി ചുവട്ടിൽ ഒഴിച്ചു കൊടുത്തുകൊണ്ടിരുന്നാൽ നിമാവിരകളുടെ ശല്യം തീർത്തും ഇല്ലാതാകും.
ധാരാളം പൂക്കൾ ഉണ്ടാകാനും അതുവഴി മെച്ചപ്പെട്ട വിളവ് കിട്ടാനും ആദ്യ നാലു മാസം ജൈവ വളങ്ങൾ ദ്രവരൂപത്തിൽ കൊടുക്കുന്നതാണു നല്ലത്. അതിനായി ഒരു കിലോ വീതം കടലപിണ്ണാക്ക്, വേപ്പിൻപിണ്ണാക്ക്, എല്ലുപൊടി എന്നിവ അഞ്ച് കിലോ പച്ചചാണകത്തിൽ കലർത്തി, ആവശ്യത്തിനു വെള്ളമൊഴിച്ചു അഞ്ചു ദിവസം പുളിപ്പിച്ചശേഷം പത്തിരട്ടി വെള്ളം ചേർത്തു നേർപ്പിച്ച് അഞ്ചു ലിറ്റർ വീതം തടങ്ങളിൽ ഒഴിച്ചു കൊടുക്കുന്നത് അത്യുത്തമമാണ്. ആഴ്ചയി ലൊരിക്കൽ ഒലകളിൽ ഫിഷ് അമിനോ ആസിഡ് മൂന്നു മില്ലി, ഒരു ലിറ്റർ വെള്ളത്തിൽ ചേർത്തു തളിച്ചു കൊടുത്താൽ പൂക്കൾ ധാരാളമായി ഉണ്ടാകും.
കൃത്രിമ പരാഗണവും വിളവെടുപ്പും
ആണ് പൂക്കളിൽ നിന്നു ശേഖരിച്ച പൂന്പൊടി കഴിവതും ഉച്ചക്കു മുന്പായി (ഈർപ്പമുള്ള കാലാവസ്ഥ) പെണ് പൂക്കളിൽ എത്തിക്കുന്നതാണു നല്ലത്. ചെറിയ ബ്രഷ് ഉപയോഗിച്ചു പൂന്പൊടി ശേഖരിച്ചു നേരിട്ട് പെണ് പൂക്കളിലെത്തിക്കാം. അല്ലെങ്കിൽ ആണ്പൂക്കൾ മുറിച്ചെടുത്തു പെണ്പൂക്കളിൽ മുട്ടിച്ചു പരാഗണം നടത്താം.
പരാഗണത്തിനു ശേഷം 10-12 ദിവസം കഴിയുന്നതോടെ വിളവെടുക്കാം. നീളമുള്ള ഞെട്ടുകൾ സഹിത മാണു കായ്കൾ പറിച്ചെടുക്കേണ്ടത്. ശരാശരി 10-12 കിലോ കായ്കൾ നാലു മാസം നീണ്ടു നിൽക്കുന്ന വിളവെടുപ്പു കാലത്ത് ഓരോ ചെടിയിൽ നിന്നും കിട്ടും. നല്ല പരിചരണം ഉറപ്പാക്കിയാൽ ഒറ്റപ്പെട്ട ചെടികളിൽ നിന്നു 20 കിലോയിലധികം വിളവ് ലഭിക്കും. പറിച്ചെടുത്ത കായ്കൾ ഈർപ്പം നഷ്ടപ്പെടാതെ നനഞ്ഞ തുണി കൊണ്ടു മൂടി തണലിൽ ശേഖരിച്ചു വിപണിയിൽ എത്തിക്കാം. വായു കടക്കാത്ത പോളി ബാഗുകളിലാക്കി രണ്ടാഴ്ച വരെയും ശീതികരിച്ചു സൂക്ഷിക്കാം. പാവക്ക ചേർത്തുണ്ടാ ക്കുന്ന എല്ലാ നാടൻ കറികൾക്കും അച്ചാർ, വറ്റൽ തുടങ്ങി യവയ്ക്കും ഗന്റോല വളരെ വിശേഷപ്പെട്ടതാണ്.
അഞ്ചാറു മാസങ്ങൾക്കുള്ളിൽ ചെടികൾ വളർച്ച മുരടിച്ചു ഇലകൾ മഞ്ഞ നിറമാകുന്നതോടെ നന നിർത്തി ചെടികളെ വിശ്രമിക്കാൻ വിടുക. തലപ്പുകൾ ഉണങ്ങുന്ന മുറയ്ക്കു ചുവട് കൊത്തിക്കിളച്ച് കിഴങ്ങുകൾ ശേഖരിച്ചു തണലിൽ ഒരു കുഴിയിൽ ഇട്ടു മൂടി വച്ചാൽ പിന്നീട് ഇത് വിത്തായി ഉപയോഗിക്കാം.
മൂന്നുനാലു മാസം കഴിഞ്ഞ് മുൻ വർഷത്തെ ഗന്റോല ചെടികളുടെ ചുവട്ടിൽ നിന്ന് അങ്ങിങ്ങായി പടർന്ന വേരുകളിൽ നിന്നു മുളച്ചു വരുന്ന തൈകൾ അകലം പാലിച്ചു പന്തലിൽ കയറ്റിവിട്ടാൽ രണ്ടാം വർഷവും വലിയ മുതൽ മുടക്കില്ലാതെ ഒരു വിളവു കൂടി ലഭിക്കും. നിമാവിര ശല്യം ഒഴിവാ ക്കാൻ ഗന്േറാലയും മറ്റു വെള്ളിരിവർഗ വിളകളും ഒരേ കൃഷിയിടത്തിൽ തുടർച്ചയായി കൃഷി ചെയ്യാതിരിക്കുകയാണ് നല്ലത്.
കീടരോഗങ്ങളും നിയന്ത്രണ മാർഗങ്ങളും
കന്പിളിപ്പുഴു, കായീച്ച, ശല്ക്ക കീടങ്ങൾ, നിമാവിരകൾ എന്നിവയാണു ഗന്റോലയുടെ പ്രധാന ശത്രുക്കൾ . കന്പിളിപ്പുഴുക്കളെ പിടിച്ചു നശിപ്പിക്കു കയോ 100 ഗ്രാം കാന്താരി മുളക് ഒരു ലിറ്റർ ഗോമൂത്രത്തിൽ അരച്ചു കലക്കി 10 ലിറ്റർ വെള്ളം ഒഴിച്ചു നേർപ്പിച്ചു തളിച്ചു കൊടുക്കുകയോ ചെയ്യാം. വെളുത്തുള്ളി, വേപ്പെണ്ണ, കാന്താരി മുളക്, ബാർ സോപ്പ് മിശ്രിതം ശല്ക്ക കീടങ്ങൾ ഉൾപ്പെടെയുള്ള മിക്ക കീടങ്ങൾക്കും ഫലപ്രദമാണ്. ഇളം കായ്ക്കൾ പൊതിഞ്ഞു കെട്ടിയും ഫിറമോണ് കെണി, ശർക്കര തുളസിക്കെണി, തുടങ്ങിയവ ഉപയോഗിച്ചും ബുവേറിയ ബാസിയാനാ എന്ന മിത്രകുമിൾ തടങ്ങളിൽ വിതറിയും ഈച്ച കുത്തിയ കായ്ക്കൾ പറച്ചു നശിപ്പിച്ചും കായീച്ചകളെ നിയന്ത്രിക്കാം. ഈസ്റ്റും കീടനാശിനിയും ചേർത്തു ചിരട്ടക്കെണികൾ സ്ഥാപി ച്ചും കീടങ്ങളെ നശിപ്പിക്കാം.
ഫോണ്: 94474 68077
സുരേഷ്കുമാർ കളർകോട്