സുവർണ സങ്കല്പങ്ങൾക്ക് ചാരുത പകരും വിഷു
Friday, April 14, 2023 12:03 PM IST
മേനിനിറയെ സ്വർണമലരികൾ വാരിച്ചൂടി പ്രകൃതി വീണ്ടും ഒരു വിഷുക്കൈനീട്ടത്തിനു കൂടി കളമൊരുക്കുന്നു. മഞ്ഞക്കുട നിവർത്തിയ കൊന്നമരങ്ങൾ മീനവെയിൽ തിളങ്ങി നിൽക്കുകയാണ്.
വിഷുവായാൽ പുഷ്പിണിയാകാതിരിക്കാൻ കഴിയില്ല എന്ന് വിളംബരം മുഴക്കുകയാണ് വഴിയോരക്കാഴ്ചകൾക്ക് പീതശോഭ പകരുന്ന കണിക്കൊന്നകൾ. ചെവിയോർത്താൽ ദൂരെയെങ്ങോ നിന്ന് അമൃതധാര പോലെ ഒഴുകിയെത്തുന്ന വിഷുപ്പക്ഷിയുടെ പാട്ട് കേൾക്കാം. വിത്തും കൈക്കോട്ടുമായി പ്രത്യക്ഷപ്പെടുന്ന വിഷുപ്പക്ഷി കർഷകരുടെ ഉറ്റബന്ധു തന്നെ.
മലയാളികളിൽ ഗൃഹാതുരസ്മരണകൾ ഉണർത്തുന്ന വിഷു കേരളത്തിന്റെ കാർഷികോത്സവമാണ്. ഓണം വിരിപ്പുകൃഷിയുമായി ബന്ധപ്പെട്ടാണെങ്കിൽ വിഷു വേനൽപച്ചക്കറിവിളകളുമായി ബന്ധപ്പെട്ടാണ് ആഘോഷിക്കുന്നത്. മേടം ഒന്നിനാണ് വിഷു.
വിഷു എന്നാൽ തുല്യമായത് എന്നർഥം. അഥവാ, രാത്രിയും പകലും തുല്യമായ ദിവസം. വിഷുവിന് സമത്വം എന്നൊരർഥം കൂടിയുണ്ട്. രാപ്പകലുകൾ തുല്യനിലയിൽ വരുന്ന ദിവസം എന്ന നിലയിലാണ് ഈ അർഥം ഉണ്ടാകുന്നത് എന്നാണു പൊതുവെ പറയാറുള്ളതെങ്കിലും സമത്വത്തെക്കുറിച്ചുള്ള ദീപ്തമായ ഒരു സങ്കല്പവും ഈ പദം വിഭാവം ചെയ്യുന്നു.
കാർഷിക സംസ്കൃതിയുടെ ആഘോഷം
വിഷുവുമായി ബന്ധപ്പെട്ടു നമ്മുടെ നാട്ടിൽ നിലനിന്നിരുന്ന ആചാരങ്ങളിൽ ബഹുഭൂരിപക്ഷവും കൃഷിയും കാർഷികവൃത്തിയുമായി ബന്ധപ്പെട്ടായിരുന്നു. ഒരു പക്ഷെ, പുതുതലമുറയ്ക്കു കേട്ടുകേൾവി പോലുമില്ലാത്ത ആചാരങ്ങൾ. ചാലിടൽ, കൈക്കോട്ടുചാൽ, വിഷുവേല, പത്താമുദയം തുടങ്ങി വൈവിധ്യമാർന്ന ചടങ്ങുകൾ. വിഷുച്ചാല് കീറുകയാണ് ഇവയിൽ പ്രധാനം. ചാലുകീറാൻ കലപ്പകൾ മൂർച്ച കൂട്ടി പരുവപ്പെടുത്തുന്ന പതിവുണ്ട്. കലപ്പയുടെ കൊഴു രാകി കൂർപ്പിക്കാനും മറ്റും കൊല്ല·ാർ വയലുകൾ തേടിയെത്തുന്നത്.
വിഷു നാളിൽ രാവിലെ അരിമാവുകൊണ്ട് പുതിയ കൈക്കോട്ടിനെ കഴുകി കുറി തൊടിവിച്ച് കൊന്നപ്പൂക്കൾ കൊണ്ടലങ്കരിച്ചു പൂജകൾ നടത്തുന്ന പതിവുണ്ടായിരുന്നു. അലങ്കരിച്ച കലപ്പയും കൈക്കോട്ടുമായി കാരണവരുൾപ്പെടെയുള്ളവർ വയലിലേക്കിറങ്ങും അട നിവേദിച്ച് വയലിൽ നിക്ഷേപിക്കും. പിന്നീട് വയലിൽ ചെറുചാലുകൾ കീറി ചാണകവും പച്ചിലവളവും ഇട്ടു മൂടി മണ്ണിന് കരുത്തു പകരും.
ഈ വുഷുച്ചാലിലാണു നെൽവിത്ത് വിതയ്ക്കുന്നത്. നവധാന്യങ്ങൾ പച്ചക്കറി വിത്തുകൾ, ചേന, ചേന്പ് ആദിയായ കിഴങ്ങുവിളകൾ ഇങ്ങനെ വിഷുച്ചാലിൽ വിതയ്ക്കുകയോ നടുകയോ ചെയ്യാറുണ്ട്.
വിളവെടുപ്പിനോടനുബന്ധിച്ചു കേരളത്തിൽ വിഷുക്കാലത്ത് മറ്റൊരു ആചാരം കൂടെ നിലവിലുണ്ടായിരുന്നു. വിഷു ദിവസം ജ·ിമാർ തങ്ങളുടെ അടിയാ·ാർക്ക് നെല്ല്, അരി, തേങ്ങ, എണ്ണ തുടങ്ങിയവ സമ്മാനിക്കും. അവർ അത് സ്വീകരിച്ചാൽ ആ കാർഷികവത്സരം മുഴുവനും ആ ജ·ിയുടെ കീഴിൽ ജോലി ചെയ്യാൻ ബാധ്യസ്ഥരാണത്രെ. ഇതിന് വിഷുവെടുക്കൽ എന്നാണ് പറഞ്ഞിരുന്നത്.

വെള്ളരിനാടകവും വെള്ളരിക്കാലവും
രാജവേഷധാരിയായ നടൻ വേദിയിൽ നിന്ന് ഇറങ്ങിയോടി. പിന്നാലെ കാണികളും...300 മീറ്റർ കഴിഞ്ഞപ്പോൾ പെട്ടെന്നൊരിടത്ത് വെളിച്ചം തെളിഞ്ഞു. അവിടെയുമുണ്ട് ഒരു വേദി. ബാക്കി നാടകം അവിടെ തകർത്താടി. നടൻ വീണ്ടും ഇറങ്ങിയോടി ചെന്നു നിന്നത് ഒരു മരച്ചോട്ടിൽ. അവിടെയും വെളിച്ചം തെളിഞ്ഞു. ബാക്കി നടനം അവിടെയായി.
ഇതു വെള്ളരിനാടകം. നടൻമാർ ക്കൊപ്പം കാഴ്ചക്കാരും കഥാപാത്രങ്ങളാകുന്ന കേരളത്തിന്റെ പ്രാചീന ജനപ്രിയകാലരൂപം. വിഷുനാൾ വിളവെടുക്കാൻ പാകത്തിന് കൃഷിയിറക്കുന്ന വെള്ളരി കട്ടു തിന്നാൻ എത്തുന്ന കുറുക്കനെയും മറ്റും അകറ്റാൻ വെള്ളരിപ്പാടങ്ങൾക്കു കാവൽ നിന്നിരുന്ന കുട്ടികളും യുവാക്കളും സമയം കൊല്ലാൻ വേണ്ടി രൂപപ്പെടുത്തിയ നാടകങ്ങളായിരുന്നു ഇവ.
വെള്ളരി പാകമാകും വരെയാണു പരിശീലനം. വിളവെടുപ്പ് കഴിയുന്പോൾ അതിന്റെ ആഹ്ലാദത്തിമിർപ്പിൽ നാട്ടുകാരെയെല്ലാം വിളിച്ചു കൂട്ടി നാടകം അവതരിപ്പിക്കുകയാണ് പതിവ്. പ്രത്യേക ചട്ടക്കൂടുകൾ ഒന്നുമില്ലാത്ത നാടകങ്ങളായിരുന്നു ഇവ. കാണികൾ ആവശ്യപ്പെട്ടാൽ വീണ്ടും അവതരിപ്പിക്കും. അവർ ആവശ്യപ്പെട്ടാൽ നിർത്തി വയ്ക്കുകയും ചെയ്യും.
കേരളത്തിൽ കൊയ്ത്തു കഴിഞ്ഞ പാടങ്ങളിൽ നിറയെ പച്ചക്കറി വിളയിക്കുന്ന കാലമാണ് വിഷുപ്പിറവിക്കു തൊട്ടുമുന്പുള്ള മാസങ്ങൾ. കൊയ്ത്തു കഴിഞ്ഞ പാടങ്ങൾ നിറയെ പയറും പാവലും പടവലവും സ്വർണനിറമാർന്ന വെള്ളരിയും എന്നു വേണ്ട എല്ലാത്തരം പച്ചക്കറികളും വിളയിച്ച് വിളവെടുത്ത് കാഴ്ച്ചവയ്ക്കുന്ന കാലവുമാണിത്.
വിഷുവിന് രണ്ടോ മൂന്നോ നാൾ മുന്പ് വിളവെടുക്കുന്ന വെള്ളരി വാങ്ങാൻ ദൂരദിക്കുകളിൽ നിന്നുപോലും കച്ചവടക്കാർ എത്തുന്ന പതിവ് പണ്ടേ നാട്ടിൻ പുറങ്ങളിലുണ്ടായിരുന്നു. ഇങ്ങനെ ഇടനിലക്കാരില്ലാതെ കച്ചവടം നടക്കുന്നതുകൊണ്ടു തന്നെ കർഷകർക്ക് കൈനിറയെ പണം കിട്ടുകയും ചെയ്യുമായിരുന്നു.
തൃശൂർ മുതൽ വടക്കോട്ട് മലബാർ മേഖലയിൽ കണിവെള്ളരിയെങ്കിൽ തെക്കൻ കേരളത്തിൽ കറിവെള്ളരിക്കാണ് മുൻഗണന. ഇനി തൃശൂർ എറണാകുളം ജില്ലകളുടെ തീരപ്രദേശങ്ങളിൽ എത്തിയാൽ അവിടെ പൊട്ടുവെള്ളരിക്കാണ് പ്രാധാന്യം.
കാസർഗോഡൻ പ്രദേശത്തെത്തിയാൽ മധുരം കിനിയുന്ന തണ്ണിമത്തനായി. ഇത് കാസർഗോഡൻ ഭാഷയിൽ വത്തക്കയാണ്. മറ്റൊരു വകഭേദവും ഇവിടെത്തന്നെയുണ്ട് അതാണ് കക്കിരി. വെള്ളരികുടുംബത്തിലെ റാണിയാത്രെ കക്കിരി. വിഷുവിന് വളർ ത്തുന്ന മിക്കപച്ചക്കറികൾക്കും വിഷു ചേർത്താണ് പേര്. വിഷുച്ചീര, വിഷുപ്പയർ എന്നിങ്ങനെ.
വിഷുക്കണി
വിഷുവിന്റെ അവിഭാജ്യഘടകമാണ് വിഷുക്കണിയൊരുക്കൽ. വരാനിരിക്കുന്ന ഒരു വർഷത്തിന്റെ മുഴുവൻ പ്രതീക്ഷയാണ് കണ്ണിനും പൊൻകണിയായി ഉരുളിയിൽ ഒരുക്കുന്നത്. സന്പൽ സമൃദ്ധമായ പ്രകൃതിയുടെ ഒരു ചെറിയ പതിപ്പാണ് വുഷുക്കണി എന്നു പറയാം.
ഓട്ടുരുളിയിലെ ഉണക്കലരിയിൽ സ്വർണനിറമുള്ള കണിവെള്ളരിക്ക, കൊന്നപൂങ്കുല, വെറ്റില, പഴുക്കടയ്ക്ക, നാളികേരം, കസവുമുണ്ട് അതിൽ ചാർത്തി സ്വർണമാല, സിന്ദൂരച്ചെപ്പ്, വാൽക്കണ്ണാടി, ഗ്രന്ഥം, പിന്നെ ചക്ക, മാങ്ങ തുടങ്ങി വീട്ടുവളപ്പിൽ വിളഞ്ഞ എല്ലാ പഴങ്ങളും.
എല്ലാം ഒരുക്കിവച്ച ഓട്ടുരുളിക്കടുത്ത് നിലവിളക്ക് കൂടി കത്തിച്ചു വയ്ക്കുന്നതോടെ വിഷുക്കണി ഒരുങ്ങി. വീട്ടിലുള്ളവർ മാത്രം വിഷുക്കണി കണ്ടാൽ പോരാ. തൊഴുത്തിലെ പശുവിനെയും പറന്പിലെ മരങ്ങളെയും പാടത്തെ നെൽച്ചെടിയെയുമൊക്കെ കണി കാണിക്കും.
വൈവിധ്യമാർന്ന ഭക്ഷ്യവിഭവങ്ങൾക്കും വിഷുദിനത്തിൽ പണ്ടേ പ്രാധാന്യമുണ്ട്. വിഷു ദിവസം നിർബന്ധമായും ഉപയോഗിക്കുന്ന ഫലമാണ് വരിക്കച്ചക്ക. വിഷുവിഭവങ്ങളിൽ ചക്ക എരിശേരി, ചക്ക വറവ് തുടങ്ങിയവ ഉണ്ടായിരിക്കും. ചക്കയുടെ എല്ലാ ഭാഗങ്ങളും ചേർത്താവും എരിശേരി തയാറാക്കുക.
രാവിലെ പ്രാതലിന് ചിലയിടങ്ങളിൽ വിഷുക്കട്ട എന്ന വിഭവം ഉണ്ടാകും.
നാളികേരപ്പാലിൽ പുന്നെല്ലിന്റെ അരി വേവിച്ച് ജീരകം വറ്റിച്ചാണ് വിഷുക്കട്ട ഉണ്ടാക്കുന്നത്. തൃശൂർ ഭാഗത്തെ വിഷുവിനു വിഷുക്കട്ട നിർബന്ധമാണ്. ഉച്ചയ്ക്ക് വിഭവസമൃദ്ധമായ സദ്യ, സദ്യയിൽ മാന്പഴപുളിശേരി നിർബന്ധം. ചക്ക എരിശേരിയോ ചക്ക പ്രഥമനോ കാണും.
മേടപ്പത്ത്-പത്താമുദയം
ഒരു കാർഷിക വർഷത്തിന്റെ ആരംഭം കുറിക്കുന്ന ദിവസം കൂടിയാണ് വിഷു. വിഷുപ്പുലരിയിലെ ഉദയത്തെ പ്രഥമോദയം എന്നാണു പറയുക. ഇതിന്റെ പത്താം നാളാണു പ്രസിദ്ധമായ പത്താമുദയം. മേടപ്പത്ത്.
ഇത് വിത്തു വിതയ്ക്കലിന്റെയും തൈകൾ നടുന്നതിന്റെയും ദിവസം കൂടിയാണ്. തെങ്ങിൻ തൈ നടാൻ ഏറ്റവും വിശേഷപ്പെട്ട ദിവസമാണിത്. സൂര്യൻ ഏറ്റവും ബലവാനായി വരുന്ന ദിവസമാണ് പത്താമുദയം.
പത്താമുദയത്തിന് ഉദയസൂര്യനെ വിളക്കുകൊളുത്തി കാണിക്കുന്ന പതിവുണ്ടായിരുന്നു. മണ്ണിനോടും കൃഷിയോടും മലയാളിക്കുണ്ടായിരുന്ന മമതയുടെ പ്രതീകം കൂടെയാണിത്. പത്താമുദയനാളിൽ വെള്ളിമുറം കാണിക്കൽ എന്നൊരു ചടങ്ങ് ചിലസ്ഥലങ്ങളിൽ ഉണ്ടായിരുന്നു.
ഉണക്കലരി പൊടിച്ച് മുറത്തിലാക്കി മേടം പത്തിലെ സൂര്യനെ ഉദയസമയത്ത് കാട്ടുന്ന ചടങ്ങിണിത്. ഉദയത്തിനു ശേഷം ഈ അരിപ്പൊടി കൊണ്ട് പലഹാരമുണ്ടാക്കി കഴിക്കുകയും ചെയ്യും. മഴക്കാറ് മൂടാത്ത പത്താമുദയമാണ് നാടിനും വീടിനും സന്പൽസമൃദ്ധി നൽകുക എന്നാണ് വിശ്വാസം.
സുരേഷ് മുതുകുളം
പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ (റിട്ട.)
ഫാം ഇൻഫർമേഷൻ ബ്യൂറോ