10,000 രൂപയ്ക്ക് പോക്കോ എം 7!
Thursday, March 6, 2025 4:21 PM IST
ബജറ്റ് ഫോണായ പോക്കോ എം7 5ജി സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ പുറത്തിറക്കി. ഏറ്റവും വലിയ ഡിസ്പ്ലേയുള്ളതും ഏറ്റവും വേഗത്തില്‍ പ്രവര്‍ത്തിക്കുന്ന 5ജി ഫോണുമാണ് ഇതെന്ന് കമ്പനി അവകാശപ്പെടുന്നു.
ഫോണിനൊപ്പം കമ്പനി രണ്ട് വര്‍ഷത്തെ ആന്‍ഡ്രോയ്ഡ് അപ്ഡേറ്റുകളും നാല് വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും പോക്കോ വാഗ്ദാനം ചെയ്യുന്നു. സ്നാപ്ഡ്രാഗണ്‍ 4 ജെന്‍ 2 ടീഇ പ്രോസസര്‍ ആണ് ഈ ഫോണിന് കരുത്ത് പകരുന്നത്.
120ഹെഡ്സ് റിഫ്രഷ് റേറ്റും ട്രിപ്പിള്‍ ടിയുവി സര്‍ട്ടിഫിക്കേഷനുമുള്ള 6.88 ഇഞ്ച് എച്ച്ഡി+ സ്ക്രീന്‍, 12 ജിബി വരെ വികസിപ്പിക്കാവുന്ന റാം, സൈഡ്-മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സ്കാനര്‍, ഡ്യുവല്‍ 4ജി, വൈ-ഫൈ, ബ്ലൂടൂത്ത് 5.0, ജിപിഎസ് + ഗ്ലോനാസ്, യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് തുടങ്ങിയ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
സോണി ഐഎംഎക്സ്852 സെന്‍സറുള്ള 50 എംപി പ്രധാന കാമറയും സെക്കന്‍ഡറി കാമറയും ഫോണിലുണ്ട്. സെല്‍ഫികള്‍ക്കായി 8 എംപി മുന്‍ കാമറയുണ്ട്. 18 വാട്സ് ഫാസ്റ്റ് ചാര്‍ജിംഗുള്ള 5160 എംഎഎച്ച് ബാറ്ററിയും 33 വാട്സ് ചാര്‍ജറും കമ്പനി നല്കുന്നു.
ഇന്ത്യയില്‍ രണ്ട് വേരിയന്റുകളിലാണ് പുറത്തിറക്കിയിരിക്കുന്നത്. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 9,999 രൂപയും 8 ജിബി + 128 ജിബി വേരിയന്റിന് 10,999 രൂപയുമാണ് വില.
സാറ്റിന് ബ്ലാക്ക്, മിന്റ് ഗ്രീന്‍, ഓഷ്യന്‍ ബ്ലൂ കളര്‍ ഓപ്ഷനുകളിലാണ് ഈ ഹാന്‍ഡ്സെറ്റ് പുറത്തിറക്കിയിരിക്കുന്നത്. മാര്‍ച്ച് ഏഴിന് ഉച്ചയ്ക്ക് 12ന് ഫ്ലിപ്കാര്‍ട്ട് വഴി ഫോണ്‍ വില്‍പ്പനയ്ക്കെത്തും.