യുപിഐ ലൈറ്റ് ഫീച്ചറുമായി വാട്സ്ആപ്
Tuesday, March 4, 2025 11:21 AM IST
ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ് യുപിഐ ലൈറ്റ് ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുന്നു. ഇത് ഉപയോക്താക്കള്‍ക്ക് വേഗത്തിലും എളുപ്പത്തിലും പേയ്മെന്റുകള്‍ നടത്താനുള്ള ഓപ്ഷന് നല്‍കും.
നിലവില്‍ ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം തുടങ്ങിയ പേയ്മെന്റ് ആപ്പുകളില്‍ ഈ ഫീച്ചര്‍ ഉണ്ട്. വാട്സ്ആപിന്റെ ബീറ്റ പതിപ്പില്‍ മാത്രമേ ഈ ഫീച്ചര്‍ ലഭ്യമാകൂ എന്നതിനാല്‍, എല്ലാ ഉപയോക്താക്കള്‍ക്കും ഇത് എപ്പോള്‍ ലഭ്യമാകുമെന്ന് വ്യക്തമല്ല.
ഇന്ത്യയില്‍ വ്യാപകമായി ഉപയോഗിക്കുന്ന യുപിഐ അഥവാ യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് സിസ്റ്റത്തിന്റെ ഒരു വിപുലീകരണമാണ് യുപിഐ ലൈറ്റ്. യുപിഐ ലൈറ്റ് ഉപയോക്താക്കളെ ഒരു വാലറ്റിലേക്ക് ചെറിയ തുക ലോഡ് ചെയ്യാന്‍ അനുവദിക്കുന്നു.
പിന് നല്‍കാതെ തന്നെ വേഗത്തിലുള്ളതും കുറഞ്ഞ തുകയ്ക്കുള്ളതുമായ ഇടപാടുകള്‍ക്കായി ഈ വാലറ്റ് പിന്നീട് ഉപയോഗിക്കാന്‍ സാധിക്കും. ചെറിയ പേയ്മെന്റുകള്‍ വേഗത്തിലും കാര്യക്ഷമമായും നടത്തുക എന്നതാണ് യുപിഐ ലൈറ്റിന് പിന്നിലെ ലക്ഷ്യം.
ഇതിലൂടെ ബാങ്ക് സെര്‍വര്‍ ഡൗണ്‍ ആകുകയോ മറ്റോ ചെയ്താലും പേയ്മെന്റിനു തടസമുണ്ടാകില്ല. മാത്രമല്ല ചെറിയ ഇടപാടുകള്‍ ബാങ്ക് സേറ്റ്മെന്റില് പ്രതിഫലിക്കുകയുമില്ല.
യുപിഐ ലൈറ്റിന് പുറമേ, വാട്സ്ആപ്പ് അതിന്റെ പ്ലാറ്റ്ഫോമില്‍ ബില്‍ പേയ്മെന്റ് ഓപ്ഷനുകള്‍ അവതരിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇത് ആപ്പിനുള്ളില്‍ തന്നെ യൂട്ടിലിറ്റി ബില്ലുകള്‍ അടയ്ക്കുന്നതും മൊബൈല്‍ പ്ലാനുകള്‍ റീചാര്‍ജ് ചെയ്യുന്നതും മറ്റും സാധ്യമാക്കും. ഇതിലൂടെ ഇലക്ട്രിസിറ്റി ബില്ലുകള്‍ അടക്കമുള്ളവ അടയ്ക്കാന്‍ കഴിയും.