സ്മാര്‍ട്ട് ഫോണുകളുടെ മരണമണി മുഴങ്ങി?
Saturday, February 15, 2025 5:19 PM IST
സ്മാര്‍ട്ട്ഫോണുകളുടെ കാലം അവസാനിക്കാറായതായി ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്. പുതിയ സ്മാര്‍ട്ട് ഗ്ലാസുകളുടെ ഗവേഷണത്തെക്കുറിച്ച് സൂചിപ്പിക്കുകയായിരുന്നു സക്കര്‍ബര്‍ഗ്. സ്മാര്‍ട്ട്ഫോണുകള്‍ക്കപ്പുറമുള്ള ലോകമാണ് ആപ്പിളിന്റെ വിഷന്‍ പ്രോ ലക്ഷ്യമിടുന്നത്.
സ്മാര്‍ട്ട് ഫോണിനു പകരം സ്മാര്‍ട്ട് ഡിവൈസുകള്‍ ലോകം കീഴടക്കും. ഇതോടെ ഒരു ഫോണ്‍ സ്ക്രീന്‍ കെെയില്പിടിച്ച് നോക്കുന്നതിന് പകരം വിവരങ്ങള്‍ എല്ലാം കണ്മുന്നില് തന്നെ ലഭ്യമാകും. മെറ്റയും ആപ്പിളും ഉള്‍പ്പെടെയുള്ള വന്‍കിട കമ്പനികള്‍ ശതകോടികള്‍ നിക്ഷേപം നടത്തിയിരിക്കുന്ന മേഖലയാണിതെന്നും സുക്കര്‍ബര്‍ഗ് പറയുന്നു.
10 വര്‍ഷം കൂടെ കഴിഞ്ഞാല്‍ മൊബൈല്‍ ഫോണ്‍ അപ്രത്യക്ഷമാകാന്‍ തുടങ്ങും. പോക്കറ്റില്‍നിന്ന് പുറത്തെടുക്കാന്‍ പോലും മെനക്കെടേണ്ടാത്ത ഡിവൈസുകളിലൂടെയുള്ള ഡിജിറ്റല്‍ കണ്ടന്റുകളുമായി ആശയവിനിമയം നടത്താന്‍ സ്മാര്‍ട്ട് ഗ്ലാസുകളിലൂടെ സാധിക്കും.
ഫോണ്‍ കോളുകള്‍, മെസേജുകള്‍, നോട്ടിഫിക്കേഷനുകള്‍, വാര്‍ത്തകള്‍, ഗൂഗിള്‍ എല്ലാം കണ്മുന്പില് തെളിയും. ഇതിനായി സ്മാര്‍ട്ട ഫോണിന്റെ ആവശ്യമില്ല. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്- ഓഗ്മെന്റഡ് റിയാലിറ്റി സാങ്കേതിക വിദ്യ സഹായത്തോടെയായിരിക്കും ഇവ പ്രവര്‍ത്തിക്കുക.
ഭാരമുള്ള സ്മാര്‍ട്ട്ഫോണുകള്‍ ആളുകള്‍ ഉപേക്ഷിക്കും. ഇതോടെ സ്ക്രീന്‍ ഉപയോഗം ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകില്ല.