ആന്‍ഡ്രോയിഡ് 15 എത്തി, പക്ഷെ എല്ലാവര്‍ക്കുമില്ല!
Monday, September 9, 2024 11:19 AM IST
ആന്‍ഡ്രോയിഡിന്റെ പുതിയ പതിപ്പായ ആന്‍ഡ്രോയിഡ് 15 ഒഎസ് ഗൂഗിള്‍ ഔദ്യോഗികമായി പുറത്തിറക്കി. ആന്‍ഡ്രോയിഡ് ഓപ്പണ്‍ സോഴ്സ് പ്രൊജക്ട് ആയി ഇതിന്റെ സോഴ്സ് കോഡ് ലഭ്യമാക്കിയിട്ടുണ്ട്.
ഇതുവഴി ഡെവലപ്പര്‍മാര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ക്ക് അനുയോജ്യമായ കസ്റ്റം ഒഎസുകള്‍ നിര്‍മിക്കാന്‍ സാധിക്കും. വരും ആഴ്ചകളില്‍ ഗൂഗിള്‍ പിക്സല്‍ ഫോണുകളിലാണ് ആദ്യമെത്തുക. കൂടുതല്‍ സുരക്ഷയും സ്വകാര്യതയും ഉറപ്പുനല്‍കും വിധമാണ് ആന്‍ഡ്രോയിഡ് 15 ഒരുക്കിയിട്ടുള്ളത്.
പാട്ടുകള്‍ തിരിച്ചറിയാന്‍ സഹായിക്കുന്നതിന് സര്‍കിള്‍ ടു സേര്‍ച്ച്, പുതിയ വോളിയം കണ്ട്രോള് പാനല്‍, സ്ക്രീന്‍ റീഡര്‍, പാര്‍ഷ്യല്‍ സ്ക്രീന്‍ ഷെയറിംഗ്, ഫുള്‍ സ്ക്രീന്‍ ആപ്പുകള്‍, ഫോണില്‍ നോക്കുന്ന ചിത്രങ്ങളുടെ ഓഡിയോ വിവരണങ്ങള്‍ നല്‍കുന്നതിന് എഐ അസിസ്റ്റന്റ് തുടങ്ങി ഒട്ടേറെ പുതിയ സൗകര്യങ്ങളുമായാണ് ആന്‍ഡ്രോയിഡ് 15 അവതരിപ്പിച്ചിരിക്കുന്നത്.
വിന്‍ഡോസ് ലാപ്ടോപ്പിലെ വെബ് കാമറയായി സ്മാര്‍ട്ഫോണിനെ മാറ്റാനുള്ള സൗകര്യവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടാബ് ലെറ്റുകള്‍ പോലുള്ള വലിയ സ്ക്രീനുകളിലെ മള്‍ടി ടാസ്കിംഗ്, പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡ് എന്നിവ മെച്ചപ്പെടുത്തിയിട്ടുണ്ട്.
ഗൂഗിള്‍ പിക്സല്‍ ഫോണുകള്‍ക്ക് പുറമെ, സാംസംഗ്, ഹോണര്‍, ഐഖൂ, ലനോവ, മോട്ടോറോള, നത്തിംഗ്, വണ്‍ പ്ലസ്, ഓപ്പോ, റിയല്‍മി, ഷാര്‍പ്പ്, സോണി, ടെക്നോ, വിവോ, ഷാവോമി തുടങ്ങിയ ബ്രാന്റുകളുടെ ഫോണുകളിലും വരും മാസങ്ങളില്‍ ആന്‍ഡ്രോയിഡ് 15 അപ്ഡേറ്റ് എത്തും.