ഗൂഗിള്‍ പേയിലെ പുതിയ വിശേഷങ്ങളറിഞ്ഞോ?
Thursday, September 5, 2024 12:53 PM IST
ഗൂഗിള്‍ പേ ആപ്ലിക്കേഷന്‍ ആളുകള്‍ക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഒരു രൂപ മുതല്‍ ഒരു ലക്ഷം രൂപവരെ വളരെ എളുപ്പത്തില്‍ കൈമാറ്റം ചെയ്യാന്‍ സാധിക്കുന്ന ഗൂഗിള്‍ പേ ആപ്പ് ഉപയോഗിക്കാത്തവര്‍ ചുരുക്കമാണ്.
ഗൂഗിള്‍ പേ ഇതാ പുതിയ ചില ഫീച്ചറുകള്‍കൂടി അവതരിപ്പിക്കുകയാണ്. ഗ്ലോബല്‍ ഫിന്‍ടെക്ക് ഫെസ്റ്റ് 2024ല്‍ യുപിഐ സര്‍ക്കിള്‍, യുപിഐ വൗച്ചര്‍, ക്ലിക്ക് പേ ക്യൂആര്‍ പോലുള്ള പുതിയ ചില ഫീച്ചറുകള്‍ ഗൂഗിള്‍ പേ അവതരിപ്പിച്ചിരുന്നു. വൈകാതെ ഗൂഗിള്‍ പേ ആപ്പില്‍ ഈ ഫീച്ചറുകള്‍ എത്തും.
യുപിഐ സര്‍ക്കിള്‍
നിങ്ങളുടെ യുപിഐ അക്കൗണ്ട് ഉപയോഗിക്കാന്‍ മറ്റൊരാളെ അനുവദിക്കുന്ന സംവിധാനമാണ് യുപിഐ സര്‍ക്കിള്‍. എന്നാല്‍ പണകൈമാറ്റത്തിന്റെ സമ്പൂര്‍ണ നിയന്ത്രണം അക്കൗണ്ട് ഉടമയ്ക്ക് തന്നെയാവും.
രണ്ടു തരത്തിലാണ് ഇത് പ്രവര്‍ത്തിക്കുക. പാര്‍ഷ്യല്‍ ഡെലിഗേഷന്, ഫുള്‍ ഡെലിഗേഷന് എന്നിവയാണ് അവ. അക്കൗണ്ട് ഉടമയുടെ അനുമതി ഉണ്ടെങ്കില്‍ മാത്രമേ പാര്‍ഷ്യല്‍ ഡെലിഗേഷനിലൂടെ സെക്കന്‍ഡറി ഉടമയ്ക്ക് ഓരോ ഇടപാടുകളും നടത്താനാവൂ.
യുപിഐ ആപ്പ് ഉപയോഗിച്ച് പണമിടപാടിന് ശ്രമിക്കുമ്പോള്‍ അത് പേമെന്റ് റിക്വസ്റ്റ് ആയി അക്കൗണ്ട് ഉടമയുടെ ഫോണിലെത്തും. ഉടമ അനുമതി നല്കിയാല് മാത്രമേ പണമിടപാട് പൂര്‍ത്തിയാവുകയുള്ളൂ.
എന്നാല്‍ ഫുള്‍ ഡെലിഗേഷന് സംവിധാനത്തില്‍ ഒരു മാസം ഉപയോഗിക്കാവുന്ന പരമാവധി തുക അക്കൗണ്ട് ഉടമയ്ക്ക് നിശ്ചയിക്കാം. ഇങ്ങനെ നിശ്ചയിക്കുന്ന തുകയില്‍നിന്ന് ഇടപാട് നടത്തുമ്പോള്‍ ഓരോ തവണയും അക്കൗണ്ട് ഉടമയുടെ അനുമതി തേടേണ്ടതില്ല.
ക്ലിക്ക് പേ ക്യൂആര്‍
എന്‍പിസിഐ ഭാരത് ബില്‍ പേയുമായി സഹകരിച്ച് ഗൂഗിള്‍ പേ ഒരുക്കിയിരിക്കുന്ന പുതിയ ഫീച്ചറാണ് ക്ലിക്ക് പേ ക്യൂആര്‍. ഇതുവഴി ഉപഭോക്താക്കള്‍ക്ക് ക്ലിക്ക് പേ ക്യൂആര്‍കോഡുകള്‍ ഗൂഗിള്‍ പേ ആപ്പ് ഉപയോഗിച്ച് സ്കാന്‍ ചെയ്ത് ബില്ലുകള്‍ അടയ്ക്കാന്‍ സാധിക്കും.
പ്രീപെയ്ഡ് യൂട്ടിലിറ്റീസ് പേമെന്റ്
ഓരോ മാസവും സ്ഥിരമുള്ള പണമിടപാടുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള സൗകര്യം കൂടുതല്‍ വിശാലമാക്കുകയാണ് പ്രീപെയ്ഡ് യൂട്ടിലിറ്റീസ് പേമെന്റ്. വൈദ്യുതി ബില്ലുകള്‍, ഹൗസിംഗ് സൊസൈറ്റി ബില്ലുകള്‍ പോലുള്ളവ ഗൂഗിള്‍ പേയില്‍ നേരിട്ട് കണ്ടെത്താനും ലിങ്ക് ചെയ്യാനും കഴിയും.
ഓട്ടോ പേ ഫോര്‍ യുപിഐ ലൈറ്റ്
നിശ്ചിത തുക യുപിഐ ലൈറ്റിലേക്ക് മാറ്റിയാല്‍ ബാങ്ക് സെര്‍വറുകളെ ആശ്രയിക്കാതെ അതിവേഗം ഇടപാട് നടത്താന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും. യുപിഐ ലൈറ്റില്‍ ബാലന്‍സ് തീരുമ്പോള്‍ നിശ്ചിത തുക ഓട്ടോമാറ്റിക് ആയി ടോപ്പ് അപ്പ് ചെയ്യുന്ന സൗകര്യമാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്.