"ടേക്ക് എ ബ്രേക്ക്' എടുക്കാം; കദളിക്കാട്ടുണ്ട് കടലാസ് പൂക്കൾ
ജോയെൽ നെല്ലിക്കുന്നേൽ
Friday, April 25, 2025 5:28 PM IST
തൊടുപുഴ - മൂവാറ്റുപുഴ സംസ്ഥാന പാതയിൽ സഞ്ചരിക്കുന്നവർ കദളിക്കാട് തെക്കുംമല കവലയിൽ റിട്ട. ബാങ്ക് മാനേജർ കൂവേലി കളപ്പുരയ്ക്കൽ കെ.എം ജോസഫിന്റെ വീട്ടിലേക്ക് ഒന്നു നോക്കാതിരിക്കില്ല.
അത്രയ്ക്കാണ് അവിടെ ഭിന്ന വർണങ്ങളിൽ, കണ്ണിന് കൗതുകം പകർന്ന്, നിറഞ്ഞു പൂത്ത് നിൽക്കുന്ന കടലാസ് പൂക്കൾ. കടലാസ് റോസ് എന്ന് വിളിക്കുന്ന ബൊഗൈൻ വില്ലകളുടെ സൗന്ദര്യം ആവോളം ആസ്വദിക്കാൻ യാത്രയ്ക്കിടയിൽ "ടേക്ക് എ ബ്രേക്ക്' എടുക്കുന്നവരും നിരവധി.
ഇരുന്നൂറോളം ചെടിച്ചട്ടികളിലാണ് വിവിധ വർണങ്ങളിലുള്ള കടലാസ് റോസുകൾ സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നു വിരമിച്ച കെ.എം ജോസഫും ഭാര്യ റാണിയും നട്ടു പരിപാലിക്കുന്നത്. മുറ്റത്തെ ചെറിയ മതിലിന് ആനുപാതികമായ ഉയരത്തിലാണ് ചെടികൾ വളർത്തിയിട്ടുള്ളത്.
വെള്ള, ചുവപ്പ്, വയലറ്റ്, പിങ്ക്, ഓറഞ്ച് തുടങ്ങിയ നിറങ്ങളിലും ഒരേ ചെടിയിൽ തന്നെ വിവിധ വർണങ്ങളിലുമുള്ള പൂക്കളിലും ആരുടേയും കണ്ണുടക്കാതിരിക്കില്ല. ചെടിച്ചട്ടികളിൽ ബൊഗൈൻ വില്ലകളുടെ മൂന്നു നാലു കന്പുകൾ നട്ടുവളർത്തിയാണ് തുടക്കം.
നാലു വർഷത്തോളം ശ്രദ്ധയോടെ പരിചരണം നൽകണം. എത്ര ഉയരത്തിൽ ഏത് ആകൃതിയിൽ പുഷ്പങ്ങൾ വേണമെന്നു തീരുമാനിച്ച് അതനുസരിച്ച് ഓഗസ്റ്റ് ഒടുവിൽ കന്പുകൾ മുറിച്ചു ഡിസൈൻ ചെയ്യും.
പിന്നീട് ജൈവവളം/പച്ചിലകൾ/ ചാണകം തുടങ്ങിയവ ചേർത്ത് ചെറുതായി ചുവട് ഇളക്കി കൊടുക്കും. വളർച്ച ക്രമപ്പെടുത്താൻ അല്പം രാസവളവും ചേർക്കും. ചെടികൾ നനയ്ക്കുന്ന ചുമതല റാണിക്കാണ്.

പൂക്കൾ ഉണ്ടാകും വരെ ദിവസവും ഒരു തവണ നനച്ചാൽ മതി. പൂക്കൾ വിരിഞ്ഞു തുടങ്ങിയാൽ അവയുടെ പ്രസരിപ്പു നിലനിർത്താൻ രണ്ടു നേരവും നനയ്ക്കണം.
പൂക്കളുടെ ഭംഗിക്ക് നല്ല വെയിൽ വേണം. മറ്റു ചെടികളുടെയോ മരങ്ങളുടേയോ തണൽ ’ശത്രു’ക്കളാണ്. മറ്റൊരു ശത്രു മഴയും. മഴയിൽ പൂക്കളും ഇലയും കൊഴിയും. ഒരു മാസത്തോളമാണ് പൂക്കളുടെ ആയുസ്. മഴയുടെ തോതനുസരിച്ച് ആണ്ടു വട്ടം
നാലു തവണ വരെ ഇവ പുഷ്പിക്കും. പരിപാലന, ഉത്പാദന ചെലവ് താരതമ്യേന കുറവായതും പുഷ്പപ്രേമികളെ ആകർഷിക്കുന്നു. ബൊഗൈൻ പൂക്കളോടുള്ള ഇഷ്ടക്കൂടുതൽ മൂലം കാര്യമായ തണൽവൃക്ഷങ്ങൾ ഇവർ വളർത്തുന്നില്ല.
ടേക്ക് എ ബ്രേക്കിനും ഫോട്ടോ ഷൂട്ടിനുമായി ഇവിടെ നിത്യേന നിരവധിപ്പേരാണ് എത്തുന്നത്.