ഇതു വെറും പൊട്ടുവെള്ളരിയല്ല പൊന്നുവെള്ളരി
Wednesday, April 23, 2025 2:40 PM IST
ചൂടിന് അല്പം പൊട്ടുവെള്ളരി കഴിച്ചാലോ? വേനൽ ചൂടിനെ നേരിടാൻ തണ്ണിമത്തനൊപ്പം നിൽക്കും പൊട്ടുവെള്ളരിയും. ഇതു മധ്യകേരളത്തിന്റെ സ്വത്താണ്. കൊടുങ്ങല്ലൂരിനും തൃശൂരിനും ഇടയിലുള്ള പ്രദേശത്താണ് പൊട്ടുവെള്ളരി കൂടുതലായി കൃഷി ചെയ്യുന്നത്.
വേനൽക്കാലത്ത് വിളവെടുക്കുന്നവർക്ക് മികച്ച വരുമാനവും കിട്ടും. വിത്തിട്ടാൽ പരമാവധി രണ്ടു മാസം കൊണ്ട് വിളവെടുക്കാം. നല്ലവിളവാണെങ്കിൽ ആയിരങ്ങളും പതിനായിരങ്ങളും പോക്കറ്റിലെത്താൻ രണ്ടു മാസം മതി.
ഇടക്കാല കൃഷിക്ക് ഇത്രയും പറ്റിയ മറ്റൊന്നില്ലെന്ന് പറയുന്നതു തൃശൂർ വെള്ളാങ്കല്ലൂരിലെ രമേശ് മാടത്തിങ്കലാണ്. രണ്ട് ഏക്കർ പാട്ടത്തിനെടുത്ത് ആദ്യഘട്ടം വിളവെടുപ്പ് നടത്തിക്കഴിഞ്ഞ രമേശിന് പൊട്ടുവെള്ളരിയെപ്പറ്റി പറയാൻ നൂറ് നാവ്.
കൃഷി നന്നായി ക്രമീകരിക്കുകയും പ്രകൃതി കനിയുകയും ചെയ്താൽ ഒരു സീസണിൽ തന്നെ രണ്ട് വിളവിറക്കി ആദായം എടുക്കാവുന്ന കൃഷിയാണ് പൊട്ടുവെള്ളരി. ഈ സീസണിൽ പാട്ടത്തിനെടുത്ത രണ്ട് ഏക്കറിലാണ് രമേശ് പൊട്ടുവെള്ളരി നട്ടത്.
മറ്റു കൃഷികൾ മഴ തുടങ്ങുന്പോൾ ആരംഭിക്കുന്നതാണ് രീതിയെങ്കിൽ മഴയുടെ വരവോടെ പൊട്ടുവെള്ളരി കൃഷി അവസാനിക്കും. അതായത് ഇതൊരു വേനൽ വിളയാണ്. വേനൽ നീളുന്നതിനനുസരിച്ച് കൃഷിയിൽ നിന്നുള്ള വരുമാനവും വർധിക്കും.
മുണ്ടകൻ നെൽകൃഷി നടത്തുന്ന പാടങ്ങൾ പാട്ടത്തിനെടുത്താണ് ഡിസംബർ ജനുവരി മാസങ്ങളിലായി പൊട്ടുവെള്ളരി കൃഷി തുടങ്ങുന്നത്. ട്രാക്ടർ കൊണ്ട് മണ്ണിളക്കി വാരങ്ങളുണ്ടാക്കുകയാണ് ആദ്യം ചെയ്യുന്നത്.
വാരങ്ങളൊരുക്കുന്പോൾ ചാണകപ്പൊടിയും ആട്ടിൻ കാഷ്ഠവും ചേർക്കും. അതിനുശേഷം പ്ലാസ്റ്റിക് പുതയിടും. പുതയിൽ കൃത്യമായ അകലത്തിൽ ദ്വാരങ്ങൾ ഉണ്ടാക്കി അവയിലാണ് വിത്തുകൾ പാകുന്നത്. മൂന്ന് നാല് ദിവസം കൊണ്ട് മുള വന്നു തുടങ്ങും.
മുളച്ച് രണ്ടാം നാൾ മുതൽ തുള്ളിനന രീതിയിൽ വെള്ളം മുടങ്ങാതെ നൽകണം. പത്താം നാൾ മുതൽ വെള്ളത്തോടൊപ്പം ആവശ്യമായ വളപ്രയോഗവും തുടങ്ങും. മൂന്നാഴ്ച കഴിയുന്നതോടെ ചെടി പുഷ്പിക്കും.
ഏകദേശം 40 ദിവസമാകുന്പോൾ ആദ്യ നിര ഫലങ്ങൾ വിളവെടുക്കാം. മഞ്ഞനിറം ആകുന്നതാണ് പാകമായതിന്റെ ലക്ഷണം. മൂപ്പായാൽ ഉടൻ പൊട്ടിക്കണം. സാധാരണ ഒരു പൊട്ടുവെള്ളരിക്ക് 3 മുതൽ 5 കിലോ വരെ തൂക്കമുണ്ടാവും.
ചിലപ്പോൾ അതിലും കൂടാം. ഒരേക്കറിൽ നിന്ന് 40 മുതൽ 60 ദിവസം കൊണ്ട് 50 ക്വിന്റൽ വരെ കായ്കൾ ലഭിക്കും. ചൂട് കൂടിയാൽ പൊട്ടുവെള്ളരിക്ക് ആവശ്യക്കാർ കൂടും. വേനൽകാലത്ത് 45 മുതൽ 50 രൂപ വരെയാണ് കിലോ വില.
ഇടനിലക്കാർ വഴിയാണ് വിപണനമെങ്കിൽ 27 മുതൽ 30 രൂപ വരയെ ലഭിക്കൂ. മഴ തുടങ്ങിയാൽ ആവശ്യക്കാർ ഇല്ലാതാവും. അതുകൊണ്ട് വേനൽകാലത്ത് തന്നെ പരമാവധി വിളവെടുക്കാൻ പാകത്തിലാണു പൊട്ടുവെള്ളരി കൃഷി ചെയ്യുന്നത്.
മൂപ്പെത്തിയ പൊട്ടുവെള്ളരി പൊട്ടി പുറത്തുവരുന്ന വിത്താണ് അടുത്ത കൃഷിക്ക് ഉപയോഗിക്കുന്നത്. ഒരു കിലോ പൊട്ടുവെള്ളരി വിത്തിന് 10000 രൂപ വരെ വിലയുണ്ട്. ഒരേക്കർ സ്ഥലത്ത് കൃഷി ചെയ്യാൻ 250 ഗ്രാം വിത്ത് മതിയാവും.
വിളഞ്ഞ് പാകമായി പൊട്ടുന്ന വെള്ളരിയിൽ നിന്നു ശേഖരിക്കുന്ന വിത്ത് വിൽക്കുന്നതു വഴി കർഷകർക്ക് അധിക വരുമാനം ലഭിക്കും. മറ്റു വിളകൾക്കെന്നതുപോലെ പൊട്ടു വെള്ളരിക്ക് സങ്കര ഇനം വിത്തുകൾ ലഭ്യമല്ല.
അതുകൊണ്ട് കർഷകർ തന്നെ വിത്തെടുത്തു സൂക്ഷിക്കുന്ന രീതിയാണ് പിന്തുടരുന്നത്. പൊട്ടുവെള്ളരി ഭൗമ സൂചികയിൽ ഉൾപ്പെടുത്തിയതിനാൽ കൃഷി വകുപ്പിന്റെ ആനുകൂല്യങ്ങൾ കർഷകർക്ക് ലഭിക്കുന്നുണ്ട്. കാർഷിക സർവകലാശാല വഴിയും കൃഷിക്ക് വേണ്ട മാർഗനിർദേശങ്ങൾ നൽകുന്നുണ്ട്.
പൊട്ടുവെള്ളരി വിളവെടുത്താലുടൻ പ്ലാസ്റ്റിക്ക്, പത്രം എന്നിവ ഉപയോഗിച്ച് നന്നായി പെതിഞ്ഞ് സൂക്ഷിക്കും. പൊട്ടാതിരിക്കാനാണിത്. തൃശൂർ, എറണാകുളം, മലപ്പുറം, ആലപ്പുഴ ജില്ലകളിലാണ് പൊട്ടുവെള്ളരിക്ക് ആവശ്യക്കാരേറെയുള്ളത്.
പിതാവിന്റെ പാത പിന്തുടർന്നാണ് രമേശ് പൊട്ടുവെള്ളരി കൃഷിയിലേക്ക് ഇറങ്ങിയത്. ഇതിനൊപ്പം വാഴയും, വെണ്ടയും, പയറും ചീരയും നെല്ലും അദ്ദേഹം കൃഷി ചെയ്യുന്നുണ്ട്. ഭാര്യ കവിതയും മക്കളായ ആകാശ്, ആദിത്യ എന്നിവരും രമേശിന് കട്ട സപ്പോർട്ടുമായി കൂടെയുണ്ട്.
ഫോണ്: 9495169902.