നമുക്കും വിളയിക്കാം കരോട്ടിനോയ്ഡ് സന്പുഷ്ട കുക്കുംബർ
Tuesday, April 22, 2025 12:18 PM IST
പഴങ്ങൾക്കും പച്ചക്കറികൾക്കും മഞ്ഞ, ചുവപ്പ്, ഓറഞ്ച് എന്നിങ്ങനെയുള്ള നിറങ്ങൾ നൽകുന്ന സസ്യജന്യ പിഗ്മെന്റുകളാണ് കരോട്ടിനോയ്ഡുകൾ. കരോട്ടിനോയ്ഡുകൾ അടങ്ങിയ ഭക്ഷണത്തിലൂടെ ആരോഗ്യസംരക്ഷണം മെച്ചപ്പെടുത്താമെന്നതിനാൽ, മനുഷ്യന്റെ പോഷകാഹാരത്തിൽ ഈ പിഗ്മെന്റുകൾക്ക് പ്രധാന സ്ഥാനമുണ്ട്.
കരോട്ടിനോയ്ഡുകൾ മനുഷ്യ ശരീരത്തിൽ ആന്റി ഓക്സിഡന്റുകളായി പ്രവർത്തിക്കുന്നതിനാൽ, കാൻസറിനെ പ്രതിരോധിക്കുകയും ചെയ്യും. ചില കരോട്ടിനോയ്ഡുകളെ ശരീരം വിറ്റാമിൻ എ ആയി പരിവർത്തനം ചെയ്യുന്നു.
വിറ്റാമിൻ എ കാഴ്ച ശക്തിക്കും സന്തുലിത ശാരീരിക മാനസിക വളർച്ചയ്ക്കും അത്യാവശ്യമാണ്. കാരറ്റ്, മത്തങ്ങ, ഇലക്കറികൾ, പപ്പായ, തക്കാളി, മധുരക്കിഴങ്ങ് തുടങ്ങിയവയാണു കരോട്ടിനോയ്ഡുകൾ അടങ്ങിയ പ്രധാന പച്ചക്കറികൾ.
ആരോഗ്യ അവബോധവും മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണശീലങ്ങളും മൂലം മലയാളികളുടെ ഭക്ഷണത്തിലും സാലഡ് സ്ഥിരം സാന്നിധ്യമായി മാറിയിട്ടുണ്ട്. കുക്കുംബർ പല സാലഡ് പാചകകുറിപ്പുകളിലും ഒഴിച്ചുകൂടാനാകാത്ത ഘടകമാണ്.
ഇന്ത്യയാണ് കുക്കുംബറിന്റെ ജ·ദേശം. ഇതു പിന്നീട് തെക്കൻ യൂറോപ്പിലേക്കും പശ്ചിമേഷ്യയിലേക്കും വ്യാപിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വൈവിധ്യമാർന്ന കുക്കുംബർ ഇനങ്ങളുണ്ട്.
മിസോറാം, ത്രിപുര, നാഗാലാൻഡ്, അരുണാചൽപ്രദേശ്, മണിപ്പൂർ എന്നിവിടങ്ങളിൽ ഐ.സി.എ. ആർ-എൻ.ബി.പി.ജി.ആർ തൃശൂർ പ്രാദേശിക കേന്ദ്രം നടത്തിയ പര്യവേഷണത്തിൽ നാല്പതോളം കുക്കുംബർ സാന്പിളുകൾ ശേഖരിക്കുകയുണ്ടായി.
വ്യത്യസ്ത ജനിതക സ്വഭാവങ്ങളാൽ സന്പന്നമായ ഇവയിൽ ഇളം കായകളുടെ നിറത്തിലും ആകൃതിയിലും, മൂത്തു പാകമായ കായകളുടെ ഉൾക്കാന്പിന്റെ നിറത്തിലും വൈവിധ്യം കാണുകയുണ്ടായി.
സാധാരണയായി സാലഡുകളായി ഉപയോഗിക്കുന്ന ഇളം കായകളുടെ പുറംതൊലി ഇളം പച്ച മുതൽ കടുംപച്ച നിറത്തിലും അകകാന്പ് നേരിയ പച്ച മുതൽ ഇളം വെളുപ്പുനിറത്തിലുമുള്ളവയാണ്. പഴുക്കുന്പോൾ മഞ്ഞ/ തവിട്ട് തൊലിയോടുകൂടി വെളുത്ത മാംസളഭാഗമാകും.
എന്നാൽ, ശേഖരിച്ചവയിൽ പത്തോളം സാന്പിളുകളിൽ മൂത്തുപഴുത്ത കായകളുടെ മാംസളമായ അകകാന്പ് ക്രീം, മഞ്ഞ, ഓറഞ്ച് നിറങ്ങളിലാണ് കാണപ്പെട്ടത്.
തുടർപഠനങ്ങളിൽ മേൽപറഞ്ഞ സവിശേഷ ഇനങ്ങളിൽ ക്രീം, മഞ്ഞ, ഓറഞ്ച് നിറങ്ങളുടെ ഉറവിടം കരോട്ടിനോയ്ഡ് പിഗ്മെന്റുകളാണെന്ന് തിരിച്ചറിയുകയും ഓറഞ്ച് നിറമുള്ള ഇനങ്ങളിൽ കരോട്ടിനോയ്ഡുകളുടെ അളവ് കൂടുതലായും കാണപ്പെടുകയും ചെയ്തു.
ഫിസിയോളജിക്കൽ പക്വതയെത്തിയ പഴങ്ങളിൽ കരോട്ടിനോയ്ഡുകളുടെ അളവ് 100 ഗ്രാം പഴുത്ത കാന്പിൽ 1370 മില്ലിഗ്രാം (IC613271), 1800 മില്ലിഗ്രാം (IC613461), 1870 മില്ലിഗ്രാം (IC6134), 1393 മില്ലിഗ്രാം (JB/11155) എന്നിങ്ങനെ രേഖപ്പെടുത്തുകയുമുണ്ടായി.
സാലഡ് പരുവത്തിലുള്ള ഇളം കായകളിലുള്ള കരോട്ടിനോയ്ഡുകളേക്കാൾ പഴുക്കുന്പോൾ ഏകദേശം പത്ത് മടങ്ങ് കൂടുകയും ഒപ്പം അധിക തോതിലുള്ള ജലാംശവും, പഞ്ചസാരയും (2.31%), പൊട്ടാസ്യവും (9.33%) അസ്കോർബിക് ആസിഡും (93%) ഓറഞ്ചു കുക്കുംബറിൽ കണ്ടെത്തി.
തെക്ക് പടിഞ്ഞാറൻ ചൈനയിലെ യുനാൻ പ്രവിശ്യയിൽ നിന്നാണ് ഓറഞ്ച് അകക്കാന്പുള്ള കുക്കുംബർ ഉത്ഭവിച്ചത്. ഈ പ്രദേശവും മ്യാൻമറും വടക്കുകിഴക്കൻ സംസ്ഥാനങ്ങളോട് ചേർന്നു കിടക്കുന്നതു കൊണ്ടാവാം കരോട്ടിനോയ്ഡ് സമന്വയത്തിനുള്ള ജീനുകൾ ഇന്ത്യൻ കുക്കുംബറിൽ കടന്നു കൂടിയത്.
ഈ സവിശേഷ ഇനങ്ങൾ കേരളമുൾപ്പെടെയുള്ള ഉഷ്ണമേഖല പ്രദേശങ്ങൾക്കും യോജിച്ചതാണെന്നു കണ്ടെത്തിയിട്ടുണ്ട്.

കൃഷി രീതി
നല്ല നീർവാർച്ചയുള്ള മണൽ കലർന്ന മണ്ണും 6.7 - 7.5 പി.എച്ച് പരിധിയും ഓറഞ്ച് നിറമുള്ള കുക്കുംബർ കൃഷിക്ക് അനുയോജ്യമാണ്. നിലം ഉഴുതശേഷം ചാലുകളോ ബെഡുകളോ എടുത്ത് ചെടികൾ തമ്മിൽ 60 സെ.മീ. അകലത്തിൽ വേണം നടാൻ.
ചെടികൾ വളരുന്നതിനനുസരിച്ച് പടർത്താൻ സൗകര്യം ചെയ്തു കൊടുക്കണം. വിത്തിട്ടു 15 ദിവസത്തിനുള്ളിൽ ഒരു കുഴിയിൽ കരുത്തുള്ള രണ്ട് തൈകൾ എന്ന തോതിൽ ക്രമപ്പെടുത്തണം. അടിവളമായി ചാണകത്തിനൊപ്പം N (35 കിലോ), P2O5 (25 കിലോ), K2O (25 കിലോ) ഒരു ഹെക്ടറിന് എന്ന അളവിൽ നൽകുക.
പിന്നീട് ചെടികൾ വള്ളി വീശുന്ന സമയത്തും പൂവിടുന്ന സമയത്തും N (35 കിലോ) രണ്ട് തുല്യ ഡോസുകളായി നൽകാവുന്നതാണ്. പൂവിടുന്പോഴും കായ്ക്കുന്പോഴും മഴയില്ലെങ്കിൽ ഒന്നിടവിട്ട ദിവസങ്ങളിൽ നനയ്ക്കണം.
ഉണങ്ങിയ ചില്ലകൾ നിലത്തു വിരിക്കുകയോ അല്ലെങ്കിൽ പടർത്താനായി ലംബമായി വലകൾ കെട്ടി കൊടുക്കുകയോ വേണം. വളപ്രയോഗ സമയത്തുതന്നെ കളനീക്കലും മണ്ണ് വാരം കോരലും ചെയ്യാം.
കീടാക്രമണം
ആമവണ്ടുകളും ചുവന്ന മത്തൻ വണ്ടുകളുമാണ് പ്രധാന കീടങ്ങൾ. ഇവയെ നിയന്ത്രിക്കാൻ ഇക്കാലക്സ് 3 മി.ലി/ ഒരു ലിറ്റർ എന്ന അളവിൽ തളിച്ചാൽ മതിയാകും. പൂപ്പൽ രോഗവും (ഡൗണി മൈൽഡ്യു) മൊസൈക്കുമാണ് പ്രധാന രോഗങ്ങൾ.
പൂപ്പൽ രോഗത്തിനെ പ്രതിരോധിക്കാൻ ട്രൈക്കോഡെർമ 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കുകയും രോഗം വന്നു കഴിഞ്ഞാൽ കർസേറ്റ് 2% വീര്യത്തിലും ചെടികളിൽ തെളിക്കാം. മൊസൈക്ക് രോഗത്തെ നിയന്ത്രിക്കാൻ കോണ്ഫിഡോർ 3 മി.ലി/ 10 ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ രണ്ടാഴ്ച കൂടുന്പോൾ ഇലകളിൽ തളക്കണം.
വിളവെടുപ്പ്
പൂവ് വിരിഞ്ഞ് 8-10 ദിവസങ്ങൾക്കുള്ളിൽ സാലഡിനായി വിളവെടുപ്പ് നടത്താം. സാലഡ് പരുവം കഴിയുന്ന കായ്കൾ മൂക്കാൻ അനുവദിച്ചാൽ അവയിൽ കരോട്ടിനോയ്ഡുകൾ രൂപപ്പെടുകയും അകക്കാന്പ് ഓറഞ്ച് നിറമാകുകയും ചെയ്യും.
പഴുത്ത കായ്കൾക്ക് സൂക്ഷിപ്പു കാലം കൂടുതലാണ്. ഇതിലെ മാംസളഭാഗം പൊട്ടുവെള്ളരിയുടെ പകരകാരനായോ അതിനൊപ്പമോ ജ്യൂസ് തയാറാക്കാൻ ഉപയോഗിക്കാം. കൂടാതെ പഴുത്ത കായകൾ ഫ്രൂട്ട് സാലഡുകളിലും റൈത്ത പോലുള്ള വിഭവങ്ങൾ തയാറാക്കുന്നതിനും ഉപയോഗിക്കാം.
മധുരം ഇല്ലാത്തതിനാൽ പ്രമേഹരോഗികൾക്കും കഴിക്കാം. ശാസ്ത്രീയമായ നിർജലീകരണ സംവിധാനങ്ങൾ ഉപയോഗിച്ച് പഴം ഉണക്കിയതും മിഠായികളും തയാറാക്കാം. കരോട്ടിനോയ്ഡ് സന്പുഷ്ട കുക്കുംബർ ഇനങ്ങളുടെ വിത്തുകൾ ICAR ഗവേഷണസ്ഥാപനമായ NBPGR തൃശൂർ പ്രദേശിക കേന്ദ്രത്തിൽ സംരക്ഷിക്കുന്നുണ്ട്.
ഫോണ്: 0487-2370499
റിപ്പോർട്ട്: സുമ എ, ജോസഫ് ജോച്ച. കെ, കെ. പ്രദീപ്, എം. ലത, പി.പി. തിരുമലൈസാമി, കെ. വെങ്കടേശൻ (ഐ.സി.എ.ആർ-എൻ.ബി.പി.ജി.ആർ, തൃശൂർ)