കാർഷിക പുരോഗതിക്ക് ഫുഡ് എൻജിനീയറിംഗ്
ഡോ. നിക്കി ജോണ് കണ്ണന്പിള്ളി
Saturday, March 22, 2025 4:09 PM IST
സമൃദ്ധമായ കാർഷിക പൈതൃകത്തിലും വൈവിധ്യമാർന്ന പാചക പാരന്പര്യത്തിലും പ്രശസ്തമാണു കേരളം. അതുവഴി സംസ്ഥാനത്ത് ഭക്ഷ്യസംസ്കരണ വ്യവസായങ്ങളുടെ വളർച്ചയ്ക്ക് അനുയോജ്യമായ സാഹചര്യവും നിലവിലുണ്ട്.
വിവിധയിനം മസാലക്കൂട്ടുകൾ, നാളികേര ഉത്പന്നങ്ങൾ, കടൽ വിഭവങ്ങൾ, ഉഷ്ണമേഖല പഴവർഗങ്ങൾ തുടങ്ങിയവയ്ക്കെല്ലാം പ്രശ്സ്തമാണ് നാട്. കാലം മാറുന്നതിന് അനുസരിച്ച് ഭക്ഷ്യ കാർഷിക മേഖലയിലും കാര്യമായ മാറ്റങ്ങൾ വന്നു തുടങ്ങിയിട്ടണ്ട്.
ന്ധആരോഗ്യം ആഹാരവും, ആഹാരം ആരോഗ്യവുമാണെന്ന ചിന്ത പ്രചുരപ്രചാരം നേടിക്കഴിഞ്ഞു. ഇവിടെയാണ് സുരക്ഷിതവും പോഷകപ്രദവും സുസ്ഥിരവുമായ ഭക്ഷ്യ വൈവിധ്യത്തിന്റെ വർധിച്ചുവരുന്ന ആവശ്യകതയെ നിറവേറ്റുന്ന ഫുഡ് ടെക്നോളജി എന്ന ഭക്ഷ്യ ശാസ്ത്ര ശാഖയുടെ പ്രസക്തി.
നിരവധി തൊഴിൽ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്ന മേഖല കൂടിയാണ് ബിടെക് ഫുഡ് ടെക്നോളജി. പായ്ക്ക് ചെയ്ത ഭക്ഷണങ്ങളുടെ ഉപഭോഗ വർധനവ്, ജൈവ, പരന്പരാഗത ഭക്ഷണങ്ങൾക്കുള്ള ഊന്നൽ, മൂല്യവർധിത ഉത്പന്നങ്ങളുടെ ഉപയോഗം തുടങ്ങിയ നിരവധി ഘടകങ്ങൾ ഭക്ഷ്യ വ്യവസായ രംഗത്തെ ഗണ്യമായ വളർച്ചയ്ക്ക് കാരണമാകും.
ഫുഡ് പ്രൊഡക്ഷൻ, ക്വാളിറ്റി അഷ്വറൻസ്, റിസർച്ച് ആൻഡ് ഡെവലപ്മെന്റ്, ഫുഡ് സേഫ്റ്റി, സപ്ലൈ ചെയിൻ മാനേജ്മെന്റ് തുടങ്ങിയ ഒട്ടേറെ മേഖലകളിൽ നിരവധി തൊഴിൽ അവസരങ്ങളും ഇതുവഴി സൃഷ്ടിക്കപ്പെടും. കവറുകളിൽ നിന്നു തീൻമേശയിലേക്ക് എന്ന രീതിയിലാണ് പല ഭക്ഷണ സാധനങ്ങളും വിപണിയിൽ എത്തുന്നത്.
കറിക്കൂട്ടുകൾ, പലഹാരപ്പൊതികൾ, നാലുമണി പലഹാരങ്ങൾ, അച്ചാറുകൾ എന്തിനേറെ വിവിധ പോഷകഘടകങ്ങൾ സംയോജിപ്പിച്ചുള്ള കോണ്ഫെക്സ് ഭക്ഷണക്കൂട്ടുകൾ വരെ ഭക്ഷണ മേശകളിൽ സ്ഥാനം പടിച്ചുകഴിഞ്ഞു.
തിരക്കുപിടിച്ച ജീവിത സാഹചര്യങ്ങൾക്കനുസൃതമായ മാറ്റങ്ങൾ ഭക്ഷ്യരംഗത്ത് വന്നതിനു പിന്നിൽ ഭക്ഷ്യാസംസ്കരണ സാങ്കേതികവിദ്യയുടെ ഇടപെടലുകളുണ്ട്.
ഭക്ഷ്യസംസ്കരണത്തിന്റെ പ്രസക്തി
പഴം, പച്ചക്കറി, പാൽ, സുഗന്ധവ്യഞ്ജനങ്ങൾ, മത്സ്യമാംസാദികൾ എന്നിവയുടെ ഉത്പാദനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ഇന്ത്യ അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളി ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുകയെന്നതാണ്.
ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന ഭക്ഷ്യകാർഷിക വിളകളിൽ നല്ലൊരു ശതമാനം സംസ്കരണ സംഭരണ സൗകര്യങ്ങളുടെ അഭാവം മൂലം പാഴായിപ്പോകുകയാണ്. ഭക്ഷ്യവസ്തുക്കളുടെ ദീർഘകാല വിനിയോഗത്തിനുപകരിക്കുന്ന സംസ്കരണ സംഭരണ പ്രക്രിയകൾ ഉൾപ്പെടുന്ന ശാസ്ത്ര ശാഖയാണ് "ഫുഡ് ടെക്നോളജി’.
മുൻകാലങ്ങളിൽ ഭക്ഷ്യ ഉത്പന്നങ്ങൾ സൂര്യപ്രകാശം, ചൂടുവായു എന്നിവയെ മാധ്യമമാക്കി ഉണക്കി സൂക്ഷിക്കുകയാണു ചെയ്തിരുന്നത്. എന്നാൽ, സ്പ്രേഡ്രയിംഗ് എന്ന സാങ്കേതികവിദ്യയുടെ ആവിർഭാവത്തോടെ ഈ പ്രക്രിയ കൂടുതൽ കാര്യക്ഷമവും എളുപ്പമുള്ളതായി തീർന്നുവെന്നു മാത്രമല്ല, ഭക്ഷ്യവസ്തുക്കളെ സ്വാഭാവിക തനിമയോടെ സംരക്ഷിക്കുന്നതിനും കഴിയുന്നു.
ദന്തക്ഷയത്തെ ചെറുക്കുന്നതും പ്രമേഹ രോഗികൾക്ക് പോലും കഴിക്കാവുന്നതുമായ മധുര പദാർഥങ്ങൾ സംസ്കരിച്ച് സൂക്ഷിക്കുന്ന ഫ്രീസ് ഡ്രയിംഗ്, പഴങ്ങളുടെ സത്തെടുത്തു സൂക്ഷിക്കുന്ന ജ്യൂസ് കോണ്സെൻട്രേറ്റ്സ് തുടങ്ങിയവ ഭക്ഷ്യസംസ്കരണ രംഗത്തെ വളർച്ചയാണ് വ്യക്തമാക്കുന്നത്.
ഭക്ഷ്യസംസ്കരണവുമായി ബന്ധപ്പെട്ട കോഴ്സുകൾ പ്രദാനം ചെയ്യുന്ന കലാലയങ്ങൾ അന്യ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ കുറവാണ്. പ്രത്യേകിച്ച്, ഫുഡ് ടെക്നോളജി എൻജിനീയറിംഗ് രംഗത്ത്.
ഭക്ഷ്യസംസ്കരണ രംഗത്തെ എഞ്ചിനീയറിംഗ് കോഴ്സുകളുടെ സാങ്കേതിക വശങ്ങളെക്കുറിച്ചും അവയുടെ സാധ്യതകളെക്കുറിച്ചും അവബോധമുള്ളവർ കുറവാണെന്നാണ് യാഥാർഥ്യം. കേന്ദ്ര സംസ്ഥാന ഗവേണ്മെന്റുകളുടെ കീഴിൽ ഭക്ഷ്യ ഉത്പാദനങ്ങൾക്കായി പ്രത്യേകം ഗവേഷണ സ്ഥാപനങ്ങളുണ്ട്.
NIFTEM (National institute of Food Technology, Etnrepreneurship and Management), CIFT (Cetnral institute of Fisheries Technology), IICPT ( Indian institute of Crop Processing Technology), CFTRI ( Cetnral Food Technological Research institute), DFRL ( Defence Food Research Laboratory), FCI ( Food Corporation of India) എന്നീ സ്ഥാപനങ്ങൾ അവയിൽ ചിലതാണ്.
കേന്ദ്ര – സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിൽ ശാസ്ത്രജ്ഞർ, ഗവേഷകർ, റിസർച്ച് അസിസ്റ്റന്റ്, ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ, സയന്റിഫിക് ഓഫീസേഴ്സ്, ഫുഡ് സേഫ്റ്റി ഓഫീസർ, തുടങ്ങിയ തസ്തികകളിലെ നിയമങ്ങൾക്ക് ഫുഡ് ടെക്നോളജി ബിരുദം അനിവാര്യമാണ്.
ഇതുകൂടാതെ, അംഗീകൃത സർട്ടിഫിക്കേഷൻ ഏജൻസിയിൽ ഓഡിറ്ററായി പ്രവർത്തിക്കാനും ഭക്ഷ്യസംസ്കരണ രംഗത്തെ പ്രഗത്ഭരുടെ സേവനം ആവശ്യമായി വരുന്നു. സംസ്ഥാനത്തിന്റെ കയറ്റുമതി–വിപണിയെ താങ്ങി നിർത്തുന്ന വിവിധയിനം സ്പൈസസ്, സീഫുഡ്, പരന്പരാഗതമായ ഭക്ഷ്യ ഉത്പന്നങ്ങൾ ആഗോള വ്യാപാരത്തിലും, ഫുഡ് സർട്ടിഫിക്കേഷനിലും നിരവധിയായ അവസരങ്ങളാണ് വിദ്യാർഥികൾക്ക് മുൻപിൽ തുറന്നിടുന്നത്.
ഭക്ഷ്യ കാർഷിക വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന കേരള സ്റ്റാർട്ടപ്പ് മിഷൻ, കേന്ദ്ര സംസ്ഥാന സർക്കാർ പദ്ധതികൾ എന്നിവയുമുണ്ട്. വർധിച്ചു വരുന്ന മൾട്ടി നാഷണൽ ഫുഡ് കോർപറേഷനുകളുടെയും സ്റ്റാർട്ടപ്പുകളുടെയും സാന്നിധ്യം കേരളത്തിലും വിദേശത്തും ഈ മേഖലയിലുള്ള തൊഴിലവസരങ്ങൾ വർധിപ്പിക്കുകയും നൂതന ഭക്ഷ്യ ഗവേഷണത്തിനുള്ള അവസരങ്ങൾ ഒരുക്കുകയും ചെയ്യുന്നു.
അമൽജ്യോതി കോളജ്
എല്ലാവിധ സാങ്കേതിക വിദ്യകളോടും കൂടിയുള്ള ലബോറട്ടറികൾ കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളജ് ഓഫ് എൻജിനീയറിംഗിലെ ഫുഡ് ടെക്നോളജി ഡിപ്പാർട്ട്മെന്റിനെ മികവുറ്റതാക്കുന്നു.
അത്യാധുനിക ഫുഡ് പ്രോസസിംഗ്, സ്പ്രേയർ, ഫ്രീസ് ഡ്രയർ, എക്ട്രൂഡർ എന്നിവയോട് കൂടിയ ലബോറട്ടറി സൗകര്യങ്ങൾ പഠനത്തോടൊപ്പം ഗവേഷണത്തിനും ഊന്നൽ നൽകുന്നവയാണ്.
ഫോണ്: 9846168894