മധുരവഴിയിൽ ഫിലിപ്പച്ചന് വീണ്ടും അവാർഡ് തിളക്കം
Friday, March 21, 2025 4:16 PM IST
മധുകിനിയും തേനീച്ചകളുമായി കൂട്ടുകൂടുന്നതു ഹരമാക്കിയ കുമളി അട്ടപ്പള്ളം വട്ടംതൊട്ടിയിൽ ഫിലിപ്പച്ചൻ എന്ന ഫിലിപ്പ് മാത്യുവിന് വീണ്ടും അവാർഡ് മധുരം. മികച്ച തേനീച്ച കർഷകനുള്ള കൃഷി വകുപ്പിന്റെ സംസ്ഥാന അവാർഡാണ് ഇത്തവണ അദ്ദേഹത്തെ തേടിയെത്തിയത്.
പ്രാദേശിക കടകളിലും ഓണ്ലൈനിലും സുലഭമായ "ഫിലിപ്പ്സ് നാച്ച്വറൽ ഹണി' ശുദ്ധമായ തേനിന്റെ മറുവാക്കായി മാറിക്കഴിഞ്ഞു. കുമിളിയും തേക്കടിയുമൊക്കെ കാണാനെത്തുന്ന വിദേശികളുൾപ്പെടെയുള്ള വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ഡസ്റ്റിനേഷൻ കൂടിയാണ് ഫിലിപ്പച്ചന്റെ തേനീച്ച വളർത്തൽ കേന്ദ്രങ്ങൾ.
ഇതുവഴി ഫാം ടൂറിസത്തിന്റെ അനന്തസാധ്യതകളും അദ്ദേഹം തുറന്നിടുന്നു. കേവലം 10 പെട്ടികളുമായി തേനീച്ച വളർത്തൽ തുടങ്ങിയ ഫിലിപ്പ് മാത്യു ഇന്ന് ഒരു തേനീച്ച കർഷകൻ മാത്രമല്ല സംരഭകനും പരിശീലകനുമാണ്.
വീടിനോടു ചേർന്നു നിരവധി തേനീച്ച പെട്ടികൾ സ്ഥാപിച്ചിട്ടുള്ള മധുരോദ്യാനത്തിൽ തേൻ വിളവെടുപ്പിന്റെ രീതികൾ കണ്ടറിയാൻ എത്തുന്നവർ നിരവധി. വീടിന്റെ ചുറ്റുവട്ടങ്ങളിലും റോഡിനപ്പുറത്തെ ചെങ്കദളി വാഴത്തോപ്പിലുമായി വൻതേനീച്ചകൾക്കും ചെറുതേനീച്ചകൾക്കുമായി ആയിരത്തിലധികം പെട്ടികളുണ്ട്.
2014ൽ സംസ്ഥാന കർഷക അവാർഡ്. 2015 ൽ ദേശീയ അവാർഡ്, 14 സംസ്ഥാനതല അവാർഡുകൾ, 50ലധികം ജില്ലാ അവാർഡുകൾ ഉൾപ്പെടെ നിരവധി പുസ്കാരങ്ങൾ ഇതിനോടകം അദ്ദേഹം നേടിയിട്ടുണ്ട്.

തേനീച്ച കൃഷിയിലേക്ക്
ഫിലിപ്പച്ചന്റെ കുടുംബത്തിന് തേനീച്ചകളുമായി നാല് തലമുറ നീളുന്ന ബന്ധമുണ്ട്. അതിൽ മൂന്നാമത്തെ കണ്ണിയാണ് ഫിലിപ്പ് മാത്യു. മുത്തച്ഛൻ പീലിപ്പോസിൽ നിന്ന് പിതാവ് മാത്യുവിലേക്കും തുടർന്നു ഫിലിപ്പച്ചനിലേക്കും എത്തിയ തേനീച്ച ബന്ധം മകൻ ടോമിലേക്കും കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്നു.
30 വർഷം മുന്പ് കോട്ടയം അയർക്കുന്നം മറ്റക്കരയിൽ നിന്ന് കുമളിയിലേക്ക് കുടിയേറിയ ഫിലിപ്പ്, ചെറുപ്പം മുതൽ കണ്ടും കേട്ടും അനുഭവിച്ചും പഠിച്ചതാണ് കൃഷിയുടെ ബാലപാഠങ്ങൾ. 10-ാം വയസിൽ സ്വന്തമായി തേനീച്ച വളർത്തൽ തുടങ്ങി.
ഇന്ത്യൻ തേനീച്ച വിഭാഗത്തിൽപ്പെട്ട ചെറുതേനീച്ചകളേയും വൻതേനീച്ചകളെയുമാണ് അദ്ദേഹം പരിപാലിക്കുന്നത്. ഇറ്റാലിയൻ തേനീച്ച ഉണ്ടായിരുന്നെങ്കിലും ആദായകരല്ലാത്തതിനാൽ ഉപേക്ഷിച്ചു.
വീടിനോടു ചേർന്നുള്ള ആയിരത്തിലേറെ വരുന്ന പെട്ടികൾക്കു പുറമെ സംസ്ഥാനത്തും പുറത്തുമായി സ്ഥാപിച്ചിട്ടുള്ള 15 ഫാമുകളിൽ നിന്നുള്ള പതിനായിരത്തിലേറെ പെട്ടികളിൽ നിന്നെടുക്കുന്ന തേൻ വീടിനോട് ചേർന്നുള്ള ഫിലിപ്സ് നാച്ചുറൽ ഹണി ആൻഡ് ബി ഫാമിലെത്തിച്ചാണ് സംസ്കരിച്ച് വിപണിയിലെത്തിക്കുന്നത്.
പച്ചത്തേനിലുള്ള വെള്ളം രണ്ടു മൂന്ന് ദിവസത്തെ നിർജലീകരണ പ്രക്രിയക്കുശേഷമാണ് കുപ്പികളിൽ നിറയ്ക്കുന്നത്. വൻ തേനീച്ചയുടെ ഒരു പെട്ടിയിൽനിന്ന് പ്രതിവർഷം 20 കിലോയും ചെറുതേൻ 750 ഗ്രാമും ലഭിക്കും. പ്രതിവർഷം 60,000 ലിറ്റർ തേൻ ഉത്പാദിപ്പിക്കുന്നുണ്ട്. ജനുവരി-ജൂണ് വരെയുള്ള മാസത്തിലാണ് വിളവെടുപ്പ്.
ഫിലിപ്സ് നാച്ച്വറൽ ഹണി ബി എന്ന പേരിൽ വിപണിയിലെത്തിക്കുന്ന തേനിന് വിദേശത്തും സ്വദേശത്തും ആവശ്യക്കാരേറെയാണ്. ഗൾഫ് രാജ്യങ്ങളിലേക്കുൾപ്പെടെ 16 രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നുമുണ്ട്.
ഫാം സന്ദർശിക്കാനെത്തുന്ന വിദേശികളുൾപ്പെടെയുള്ള സന്ദർശകർക്ക് തേനീച്ച വളർത്തൽ കാര്യങ്ങളെക്കുറിച്ച് വിവരിക്കുന്നത് മകൻ ടോമും മരുമകൾ മരിയയുമാണ്. ഫിലിപ്പച്ചന് പിന്തുണയുമായി ഭാര്യ ജയ്മോളും ഒപ്പമുണ്ട്.
ഫോണ്: 99614 62885