സുഗന്ധറാണി വിളയും ഹൈറേഞ്ചിൽ താരങ്ങളായി ബേബിയും ജോയലും
Thursday, March 20, 2025 3:03 PM IST
കോളജ് പഠനവും വിദ്യാർഥി രാഷ്ട്രീയവും ഒക്കെ കഴിഞ്ഞു പാലാ അങ്ങാടിയിൽ ചെറിയ പലചരക്ക് വ്യാപരവുമായി ഇരിക്കുന്പോഴാണ് ബേബിയെ പിതാവ് വി.എം. ജോസഫ് എന്ന വെള്ളിയേപ്പള്ളി കൊച്ചേട്ടൻ ഹൈറേഞ്ചിലെ തോട്ടത്തിലേക്കു കൊണ്ടുപോകുന്നത്.
പിതൃസ്വത്തായി ലഭിച്ച ഏക്കർ കണക്കിനു ഭൂമി കാട്ടിക്കൊടുത്തിട്ടു പറഞ്ഞു. "ഇവിടെ മണ്ണും മനസുമറിഞ്ഞ് അധ്വാനിച്ചാൽ കനകം വിളയും'. പിതാവിന്റെ വാക്കുകൾ ശ്രദ്ധയോടെ കേട്ട ബേബി പിന്നെയൊന്നും നോക്കിയില്ല. മണ്ണിലേക്കിറങ്ങുകയായിരുന്നു.
ഇടുക്കി രാജാക്കാട്- ചെമ്മണ്ണാർ റോഡിലെ ഏറ്റവും ഉയരമുള്ള വെങ്കലപ്പാറ കുന്നിലെ കന്നി മണ്ണ് വെട്ടിയൊരുക്കി നനച്ചെടുത്ത് ഏലം നട്ടു. സ്വന്തം മക്കളോടെന്ന പോലെയായിരുന്നു പരിപാലനം.
മണ്ണറിഞ്ഞ് കൃഷിയിറക്കിയ ഈ തനി പാലാക്കാരന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഏലം സമൃദ്ധിയിൽ രാജാക്കാടിന്റെ മുഖച്ഛായ തന്നെ മാറി. പാലാഎസ്റ്റേറ്റിലെ നോക്കെത്താ ദുരത്തോളം പരന്നു കിടിക്കുന്ന ഏലക്കാടുകൾ തഴുകി വരുന്ന കാറ്റിൽ പോലും ആസ്വാദ്യകരമായ സുഗന്ധം നിറഞ്ഞു.
ഏക്കറു കണക്കിനു വരുന്ന തോട്ടത്തിൽ നിന്നു വർഷം തോറും ടണ് കണക്കിനു ഏലമാണ് ബേബി സംഭരിക്കുന്നത്. നൂതന ഏലം കൃഷിക്കുള്ള ഇത്തവണത്തെ മില്യണർ ഫാർമർ ഓഫ് ഇന്ത്യ അവാർഡ് ബേബിയെ തേടിയെത്തിയതോടെ പാലായിലെ ബേബി അക്ഷരാർഥത്തിൽ ഹൈറേഞ്ചിലെ സുന്ധരാജാവായി മാറി.
ബേബിക്കൊപ്പം മൂത്ത മകൻ ജോയൽ മൈക്കിളും സജീവമായതോടെ കൃഷിയിലും വ്യാപാരത്തിലും ഇരുവരും ചേർന്ന് നൂതനാശയങ്ങൾ നടപ്പാക്കി തുടങ്ങി. ന്യൂസിലൻഡിലെ എൻജിനീയറിംഗ് ജോലി രാജിവച്ചാണ് പിതാവിനൊപ്പം ജോയലും കൃഷിയിൽ വ്യാപൃതനായത്.
തമിഴ്നാട്ടിലെ ബാലസുബ്രമണ്യ ചെട്ടിയാരിൽ നിന്നാണ് ബേബിയുടെ പിതാവ് ഭൂമി വിലയ്ക്കു വാങ്ങിയത്. ഏലം കൃഷിയിൽ ബേബിക്ക് പ്രത്യേക രീതി തന്നെയുണ്ട്. സാധിക്കുന്ന സമയങ്ങളിലെല്ലാം അദ്ദേഹം തോട്ടത്തിൽ തന്നെയായിരിക്കും.

കുന്നിൻ ചരുവുകളിൽ തട്ടുതട്ടായാണ് തോട്ടത്തിന്റെ കിടപ്പ്. മൈസൂർ ബർക്ക്, ഏലറാണി, കാണിപറന്പിൻ തുടങ്ങി വിവിധ ഇനങ്ങളുണ്ടെങ്കിലും ഞള്ളാനി ഇനം ചെടികളാണ് ബേബി നട്ടിരിക്കുന്നത്.
വെങ്കലപ്പാറയിലെ ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും ഏറ്റവും യോജിച്ചത് ഞള്ളാനി ഇനമാണ്. തോട്ടത്തിന്റെ ഏറ്റവും മുകൾ വരെ ജീപ്പ് റോഡുണ്ട്. സ്ഥലത്തിന്റെ കിടപ്പനുസരിച്ച് തോട്ടം പല ബ്ലോക്കുകളായി തിരിച്ചിട്ടുണ്ട്. ഇവയ്ക്കെല്ലാം പേരുകളുമുണ്ട്.
കോവിൽത്തേരി, രാജവിലാസം, മൈക്കിൾത്തേരി, ആയിരംചെടി, മെറ്റൽ റോഡ് എന്നിങ്ങനെയാണ് പേരുകൾ. ഒരേക്കറിൽ 400 ചെടികളാണ് നട്ടിരിക്കുന്നത്. ചെടികളുടെ പരിചരണത്തിനായി നൂറിനു മുകളിൽ തൊഴിലാളികളുമുണ്ട്. ഇതുകൂടാതെ സൂപ്പർവൈസർമാരും മാനേജർമാരും വേറെയും.
ചെടികൾക്ക് തണൽ ലഭിക്കാൻ തോട്ടത്തിൽ ധാരാളം തണൽ മരങ്ങൾ നട്ടിട്ടുണ്ട്. ഇങ്ങനെ നട്ടിരിക്കുന്ന മരങ്ങളിൽ കുരുമുളക് ചെടികളും കയറ്റി വിട്ടിട്ടുണ്ട്. ഇതുവഴി അധിക വരുമാനവും ലഭിക്കും.
നന്നായി കായ് പിടിക്കാൻ തണലിനൊപ്പം ഏലച്ചെടിക്ക് എപ്പോഴും ഈർപ്പവും വേണം. അതിനു തോട്ടം മുഴുവൻ ഡ്രിപ് ഇറിഗേഷൻ സംവിധാനം ക്രമീകരിച്ചിട്ടുണ്ട്. വെള്ളത്തിനായി തോട്ടത്തിൽ നാലു കുളങ്ങളും ചെക്കു ഡാമുമുണ്ട്.
കുളങ്ങളിൽ മീനുകളെയും വളർത്തുന്നുണ്ട്. ഓസ്ട്രേലിയൻ തുള്ളിനയുടെ എറ്റവും പുതിയ രീതിയായ റെയിൻ ഹോഴ്സ് എന്ന രീതി തോട്ടത്തിൽ പരീക്ഷിച്ചു വരികയാണ്.
മകൻ ജോയലാണ് ഈ ലച്ചെടികളുടെ ഓരോ ലൈനിലും ഇട്ടിരിക്കുന്ന പൈപ്പുകളിൽ വെളളം നിറഞ്ഞ് തുള്ളി തുള്ളിയായി ഏലച്ചെടിയിലും ചുവട്ടിലും വീഴുന്ന രീതിയാണ് റെയിൽ ഹോഴ്സ്. വളക്കൂറുള്ള മേൽമണ്ണിലാണ് ഏലം വേരുറപ്പിക്കുന്നത്.
അത് ഒഴുകി പോയാൽ ചെടികളുടെ വളർച്ച മുരടിക്കും. അതിനാൽ ഓരോ ചെടിയുടെ ചുവട്ടിലും പുത നിർബന്ധമായും നൽകും. ആണ്ടിൽ മൂന്നു തവണയെങ്കിലും കവാത്ത് നടത്തി ചെടികൾക്ക് പുതയിടും. മണ്ണ് ചോരുന്നതനുസരിച്ച് കോരിക്കൂട്ടുകയും ചെയ്യും.
എല്ലുപൊടി, ആട്ടിൻകാഷ്ടം, വേപ്പിൻപിണ്ണാക്ക്, വെർമികന്പോസ്റ്റ് എന്നിവയാണ് പ്രധാനമായും വളമായി നൽകുന്നത്. ഒപ്പം എൻപികെ വളങ്ങളും സൂഷ്മ മൂലകങ്ങളും. ചാണകവും ഗോമൂത്രവും അടങ്ങിയ മിശ്രിതവും മുടക്കാറില്ല.
വളം എത്ര നൽകുന്നു എന്നതിനെ ആശ്രയിച്ചാണ് വിളവ്. കൃഷിരീതി, വളപ്രയോഗം, വിപണനം എന്നിവയ്ക്ക് കൃത്യമായ മാർഗനിർദേശങ്ങൾ നൽകാനായി ഈ മേഖലയിൽ പ്രാവീണ്യമുള്ള സയന്റിസ്റ്റിനെയും നിയോഗിച്ചിട്ടുണ്ട്.

റീപ്ലാന്റിംഗിനു വേണ്ടി സൗകര്യമുള്ള സ്ഥലത്ത് മാതൃചെടി നടും. ഇതിൽ നിന്നാണു പുതിയ ചിന്പ് ശേഖരിക്കുന്നത്. ചെടി നട്ടു 18-ാം മാസം കായ്ക്കും. രണ്ടാം വർഷം മുതൽ വിളവെടുപ്പ് തുടങ്ങാം.
തോട്ടം നന്നായി പരിപാലിക്കാൻ ഏക്കറിനു മൂന്നര മുതൽ നാലു ലക്ഷം രൂപ വരെ ചെലവ് വരും. ഇതിൽ കൂടുതലും കൂലിച്ചെലവാണ്. പറിച്ചെടുക്കുന്ന കായ്കൾ ചാക്കിൽ കെട്ടി പിക്കപ്പ് ജീപ്പിൽ സ്റ്റോറിലെത്തിക്കും.
ഇങ്ങനെ കൊണ്ടുവരുന്ന കായ്കൾ വാഷിംഗ് മെഷീനിൽ കഴുകും. പിന്നീട് ഡ്രയറിൽ ഉണക്കും. ഡ്രയറുകളിൽ വിറകും വൈദ്യുതിയും ഉപയോഗിക്കും. 16 മുതൽ 18 മണിക്കൂർ വരെ ചൂട് നൽകേണ്ടി വരും.
വൈദ്യുതി തടസം ഒഴിവാക്കാൻ ജനറേറ്ററുമുണ്ട്. ഉണക്കിയെുടുക്കുന്ന കായ്കളിലെ പൂവും പൊടിയുമൊക്കെ നീക്കം ചെയ്യാൻ പ്രത്യേക മെഷീനും തൊഴിലാളികളുമുണ്ട്.
വൃത്തിയാക്കിയ കായ്കൾ എട്ട് എംഎം, ഏഴ് എംഎം, ആറ് എംഎം എന്നിങ്ങനെ ഗ്രേഡ് തിരിക്കും. മോശം കായ്കൾ പ്രത്യേകമായി വേർതിരിക്കാനും മെഷീനുണ്ട്. ഇതിനു ശേഷമാണ് വിൽപനയ്ക്കായി മാർക്കറ്റിലെത്തിക്കുന്നത്.
ഗൾഫ് രാജ്യങ്ങളിലേക്കാണ് പ്രധാന കയറ്റുമതി. സ്പൈസസ് ബോർഡിന്റെ പുറ്റടിയിലും വണ്ടൻമേട്ടിലുമുള്ള ലേല വിപണികളിലാണ് വിൽപന. വിലയിൽ ഏറ്റക്കുറച്ചിലുണ്ടാകുന്പോൾ സൂക്ഷിച്ചു വയ്ക്കും.
ആറുമാസം വരെയെ ഇങ്ങനെ സൂക്ഷിക്കാനാവൂ. അതു കഴിഞ്ഞാൽ നിറത്തിനും മണത്തിനും വ്യത്യാസം വരും. കിലോയ്ക്ക് 2000 രൂപ വില ലഭിച്ചാൽ ഏലം കൃഷി ആദായകരമാണ്. ഇപ്പോൾ 2800 രൂപ വരെ ലഭിക്കുന്നുണ്ടെന്ന് ബേബി പറഞ്ഞു.
കൃഷി വിപുലീകരണത്തിനൊപ്പം ഫാം ടൂറിസസത്തിനും പദ്ധതിയുണ്ട്. ഭാര്യ: റോസി. മാത്യു, ടിയ, ജോർഡി എന്നിവരാണ് മറ്റു മക്കൾ.
ഫോണ്: 9447367473