പുഴുങ്ങാതെ കഴിക്കാൻ കാവേരി കാഞ്ചൻ ഡ്രമ്മിൽ വളർത്താൻ കാവേരി വാമൻ
Thursday, March 6, 2025 1:30 PM IST
പുഴുങ്ങാതെ നേരിട്ടു കഴിക്കാൻ നേന്ത്രൻ ഇനം കാവേരി കാഞ്ചൻ, ടെറസിൽ വളർത്താൻ കുഞ്ഞൻ വാഴ കാവേരി വാമൻ, വീട്ടുവളപ്പുകളിൽ വളർത്താൻ ഉയരം കുറഞ്ഞ കർപ്പൂരവളളി ഇനം കാവേരി കൽക്കി.
തമിഴ്നാട്ടിലെയും കേരളത്തിലെയും കർഷകർക്കു വേണ്ടി ഇന്ത്യൻ കാർഷിക ഗവേഷണ കൗണ്സിലിനു കീഴിലുള്ള തിരുച്ചിറപ്പള്ളി ദേശീയ വാഴ ഗവേഷണ കേന്ദ്രം പുറത്തിറക്കിയ പുതിയ വാഴ ഇനങ്ങളാണിവ.
സാധാരണ നേന്ത്രപ്പഴങ്ങൾ പുഴുങ്ങിക്കഴിക്കുന്പോൾ ന്ധനേന്ത്രൻ മോഡിഫൈഡ്’എന്ന വിശേഷണമുള്ള കാവേരി കാഞ്ചൻ പഴം ചെറുപഴങ്ങൾ പോലെ നേരിട്ടു കഴിക്കാം. മൃദുവായ ഈ പഴത്തിന് നല്ല മധുരവുമുണ്ട്. പോഷക ഗുണത്തിലും ഏറെ മുന്പിലാണ് ഇവൻ.
പുതിയ വിത്തിനങ്ങൾ പുറത്തിറക്കുന്നതിന് അനുമതി നൽകുന്ന കേന്ദ്ര സമിതിയുടെ അംഗീകാരവും ഈ ഇനം നേടിക്കഴിഞ്ഞു. വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിക്കുവേണ്ടി തമിഴ് കാർഷിക സർവകലാശാല 2024ൽ ഔദ്യോഗികമായി പുറത്തിറക്കിയ 20 പുതിയ വിളയിനങ്ങളിൽ ഒന്നാണ് കാവേരി കാഞ്ചൻ.
കേരളത്തിൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന വാഴ ഇനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് നേന്ത്രൻ. ഒരു തനി വിളയായാണു നേന്ത്രന്റെ കൃഷി. പടലകളുടെയും കായ്കളുടെയും എണ്ണത്തിലും ആകൃതിയിലും വ്യത്യസ്തമായ പത്തിലേറെ നേന്ത്രൻ ഇനങ്ങൾ കേരളത്തിൽ കൃഷി ചെയ്തു വരുന്നു.
ചെങ്ങാലിക്കോടൻ, നെടുനേന്ത്രൻ, ചങ്ങനാശേരി നേന്ത്രൻ, മഞ്ചേരി നേന്ത്രൻ, ആറ്റു നേന്ത്രൻ, ക്വിന്റൽ നേന്ത്രൻ തുടങ്ങിയ വ്യത്യസ്ത ഇനങ്ങൾ കേരളത്തിൽ കൃഷി ചെയ്യുന്നുണ്ട്. വീട്ടുവളപ്പുകളിൽ കൃഷി ചെയ്യാൻ യോജിച്ച, ഉയരം കുറഞ്ഞ മഞ്ചേരി കുള്ളൻ അടുത്ത കാലത്ത് കേരളത്തിൽ പ്രചാരം നേടിയ നേന്ത്രൻ ഇനമാണ്.
ഈ നേന്ത്രൻ ഇനങ്ങളിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമാണ് കാവേരി കാഞ്ചൻ. കാഴ്ച്ച ശക്തിക്കും ശരീരത്തിന്റെ പ്രതിരോധശേഷിക്കും അവശ്യം വേണ്ട വൈറ്റമിൻ എയുടെ സന്പന്നമായ ഉറവിടമാണ് കാവേരി കാഞ്ചൻ. ഇതിന്റെ പഴം പ്രോ വിറ്റാമിൻ എ കൊണ്ട് സന്പന്നമാണ്. ഓരോ 100 ഗ്രാം പഴത്തിലും 2.4 മില്ലി ഗ്രാം പ്രോ വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്.
ഗ്രാന്റ് നെയിൻ ഇനത്തേക്കാൾ 40 ഇരട്ടിയും രസ്താലി ഇനത്തേക്കാൾ 30 ഇരട്ടിയും അധികം പ്രോ വിറ്റാമിൻ എ ഇതിൽ അടങ്ങിയിട്ടുണ്ട്. ഇതിനു പുറമെ പൊട്ടാസ്യം, വൈറ്റമിൻ സി, വൈറ്റമിൻ ബി 6 എന്നിവയുടെയും കലവറയാണ് കാവേരി കാഞ്ചൻ. സാധാരണ നേന്ത്രൻ ഇനങ്ങളെക്കാൾ അമ്ലത്വം കുറവുമാണ്. ഭക്ഷണത്തിലെ നാരുകളും ടിഎസ്എസ് ഘടകവും കൂടുതലാണു താനും.
സാധാരണ നേന്ത്രൻ ഇനവും കൾട്ടിവാർ റോസ് എന്ന ഇനവും തമ്മിലുള്ള സങ്കരണത്തിലൂടെ വികസിപ്പിച്ചെടുത്ത ഉത്പാദന ശേഷി കൂടിയ ഇനമാണ് കാവേരി കാഞ്ചൻ. ഇതിന്റെ സങ്കരണത്തിൽ നേന്ത്രൻ മാതൃസസ്യമായും റോസ് പിതൃസസ്യമായും ഉപയോഗിച്ചു.
കാവൻഡിഷ് ഉപവിഭാഗത്തിൽപ്പെട്ട ഗ്രാന്റ് നെയിൻ ഇനത്തിന്റേതു പോലെ മൃദുവാണ് പുതിയ ഇനത്തിന്റെ പഴം. ഗ്രാന്റ് നെയിന്റെ രുചിയും നേന്ത്രപ്പഴത്തിന്റെ ഗന്ധവും പഴത്തിനുണ്ട്. ഗ്രാന്റ് നെയിൻ പോലെ പുഴുങ്ങാതെ കഴിക്കാം. പഴമായി കഴിക്കുന്നതിനു പുറമെ ചിപ്സ്, പൊടി തുടങ്ങിയ മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കാനും അനുയോജ്യം.
തമിഴ്നാട്, കേരളം, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ ഈ പുതിയ ഇനം വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാം. സ്ഥിരമായി ഉയർന്ന വിളവ് നൽകുന്ന ഈ ഇനത്തിൽ നിന്ന് സാധാരണ നേന്ത്രൻ ഇനങ്ങളെക്കാൾ 20-60 ശതമാനം കൂടുതൽ വിളവ് ലഭിക്കും.
ഒരു കുലക്ക് ശരാശരി 23 കിലോ തൂക്കമുണ്ടാകും. ഒരു കുലയിൽ ഏഴ് എട്ട് പടലകളുമുണ്ടാകും. ഫ്യുസേറിയം വാട്ടം എന്ന കുമിൾ രോഗത്തെ പ്രതിരോധിക്കാൻ കഴിവുണ്ട്. മഴയെ ആശ്രയിച്ച് ഏപ്രിൽ-മെയ് മാസങ്ങളിലും ജലസേചന സൗകര്യമുണ്ടെങ്കിൽ ഓഗസ്റ്റ് - സെപ്റ്റംബർ മാസങ്ങളിലും ഈ ഇനം കൃഷി ചെയ്യാം.
2 ഃ 2 മീറ്റർ അകലത്തിൽ 50 സെന്റിമീറ്റർ വീതം നീളവും വീതിയും ആഴവുമുള്ള കുഴിയെടുത്ത് സാധാരണ നേന്ത്രൻ ഇനങ്ങൾ പോലെ നടാം. മറ്റു പരിചരണ മുറകളും സാധാരണ നേന്ത്രന്േറതു പോലെ തന്നെ. 305 മുതൽ 310 ദിവസങ്ങൾക്കുള്ളിൽ വിളവെടുക്കാം.
വീട്ടിലെ ടെറസിലും വീട്ടുമുറ്റത്തും വളർത്താൻ യോജിച്ച കുഞ്ഞൻ വാഴ വേണോ? അതിനുള്ള ഉത്തരമാണ് തിരുച്ചിറപ്പള്ളിയിലെ ദേശീയ വാഴ ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത കുള്ളൻ വാഴ ഇനം കാവേരി വാമൻ. അഞ്ചടി മാത്രമാണ് ഈ വാഴയുടെ ഉയരം.
റോബസ്റ്റ, ഗ്രാന്റ് നെയിൻ തുടങ്ങിയവ ഉൾപ്പെട്ട കാവൻഡിഷ് ഉപവിഭാഗത്തിൽപ്പെട്ട ഇനമാണിത്. അന്താരാഷ്ട്ര വിപണിയിൽ ഏറെ ഡിമാൻഡുള്ള ഗ്രാന്റ് നെയിൻ ഇനത്തിൽ നിന്നും ബാബാ ആറ്റോമിക് റിസർച്ച് സെന്ററിന്റെ സഹായത്തോടെ ഉൾപരിപർത്തനത്തിലൂടെയാണ് (മ്യുട്ടേഷൻ) ഈ ഇനം വികസിപ്പിച്ചെടുത്തത്.
വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിക്ക് ഏറെ സാധ്യതകളുള്ള ഈ ഇനം കേരളവും തമിഴ്നാടും ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കൃഷി ചെയ്യാം. കാവേരി വാമന്റെ ഒരു കുലയ്ക്ക് 18 മുതൽ 25 കിലോ വരെ തൂക്കമുണ്ടാകും. കുലകൾക്ക് ഇടത്തരം വലിപ്പമാണ്.
ഒരു കുലയിൽ 8-10 പടലകളുണ്ടാകും. കനത്ത മഴയെയും കൊടുങ്കാറ്റിനെയും അതിജീവിക്കും. കാറ്റിന്റെ ശല്യമുള്ള പ്രദേശങ്ങളിൽ യോജിച്ച ഇനമാണ്. വാഴകൾക്ക് താങ്ങു കൊടുക്കേണ്ടതില്ല. അതിസാന്ദ്രതാ കൃഷിരീതിയിൽ കൂടുതൽ തൈകൾ നടാൻ യോജിച്ച ഇനം കൂടിയാണ് കാവേരി വാമൻ.
കേരളത്തിലെ വീട്ടുവളപ്പുകളിൽ സാധാരണയായി കണ്ടുവരുന്ന വാഴ ഇനമാണ് കർപ്പൂരവള്ളി. ഈ ഇനത്തിന് പൊതുവെ ഉയരം കൂടുതലാണ്. വിളവെടുക്കാൻ കൂടുതൽ സമയം (15 മാസം വരെ) വേണ്ടി വരും. അതിനാൽ രുചിയുണ്ടെങ്കിലും ഈ ഇനം കൃഷി ചെയ്യാൻ കർഷകർക്ക് മടിയാണ്.
ഈ പ്രശ്നത്തിനൊരു പരിഹാരമാണ് ദേശീയ വാഴ ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത കാവേരി കൽക്കി. സാധാരണ കർപ്പൂരവള്ളി ഇനങ്ങൾ നാലു മീറ്ററിൽ ഏറെ ഉയരത്തിൽ വളരുന്പോൾ കാവേരി കൽക്കിക്ക് ഉയരം രണ്ട് - രണ്ടര മീറ്റർ മാത്രം. ഒരു കുലയിൽ 13-15 പടലകളുണ്ടാകും.
ഒരു പടലയിൽ 16-18 കായ്കളും. ഒരു കുലയ്ക്ക് ശരാശരി 25 കിലോ തൂക്കമുണ്ടാകും. വിളവെടുപ്പ് ഒരു വർഷം കൊണ്ട് പൂർത്തിയാക്കാനാകും. അലയൻസ് ബയോഡൈവേഴ്സിറ്റി ഇന്റർനാഷണൽ, സിഐഎടി എന്നീ രാജ്യാന്തര ഗവേഷണ സ്ഥാപനങ്ങളിൽ നിന്നു ലഭിച്ച വിദേശ ഇനത്തിൽ നിന്നാണ് ഈ ഉയരം കുറഞ്ഞ ഈ കർപ്പൂരവളളി ഇനം വികസിപ്പിച്ചെടുത്തത്.
ഫോണ്: 9387100119