പരിമിതികള്‍ക്കുള്ളിലും നേട്ടങ്ങളുടെ കഥകളുമായി വാലാച്ചിറയിലെ സംസ്ഥാന വിത്തുത്പാദന കേന്ദ്രം
Tuesday, February 18, 2025 1:15 PM IST
പരിമിതകള്‍ക്കുള്ളിലും നേട്ടങ്ങളുടെ കഥകളാണ് സംസ്ഥാന കൃഷി വകുപ്പിന് കീഴിലുള്ള വാലാച്ചിറയിലെ സംസ്ഥാന വിത്ത് ഉത്പാദന കേന്ദ്രത്തിന് പറയാനുള്ളത്. ഫാമില്‍ ആകെയുള്ള 25 ഏക്കര്‍ പാടശേഖരത്തും ഈ വര്‍ഷം നെല്‍കൃഷി ഇറക്കി.
കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ പൂര്‍ണമായും തരിശുരഹിതമായി ഫാം മാറിയത് ഈ വര്‍ഷമാണ്. 2018 ലാണ് അവസാനമായി 25 ഏക്കറിലും നെല്‍ക്കൃഷി നടത്തിയത്. അതിന് മുമ്പും പിന്നീട് 2023 വരെ അഞ്ച് മുതല്‍ 10 ഏക്കര്‍ വരെ തരിശിട്ടിരുന്നു.
ബാക്കിവരുന്ന പാടത്തായിരുന്നു കൃഷി. കാലങ്ങളായി ഉപേക്ഷിച്ചിട്ടിരുന്ന അഞ്ചേക്കര്‍ സ്ഥലം ഇത്തവണ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തി തൊഴിലാളികളെകൊണ്ട് വൃത്തിയാക്കിയാണ് മുഴുവന്‍ സ്ഥലത്തും കൃഷിയിറക്കാനായത്.
25 ഏക്കറിലും നെല്‍വിത്ത് കിളിര്‍പ്പിച്ചെടുത്ത ഞാറ് നട്ടതിനാല്‍ പാടം നിറഞ്ഞ് ഇവിടെ കൃഷിയുണ്ട്. ഉമ വിത്താണ് വിതച്ചിരിക്കുന്നത്. മാര്‍ച്ച് ആദ്യവാരം വിളവെടുപ്പിന് പാകമായി നെല്ല് കതിരിട്ട് കഴിഞ്ഞു.
മുന്‍വര്‍ഷങ്ങളേക്കാള്‍ മികച്ച വിളവാണ് ഇത്തവണ പ്രതീക്ഷിക്കുന്നതെന്ന് ഫാം സൂപ്രണ്ട് എ. ഫസീന പറഞ്ഞു. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ വര്‍ഷത്തില്‍ രണ്ട് തവണ നെല്‍കൃഷി നടത്താനും ശ്രമിക്കും.
കൃഷി രീതിയില്‍ നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ മികച്ച വിളവ് ലഭ്യമാക്കാനുള്ള പദ്ധതികളും പരീക്ഷിച്ചു വരുന്നതായി സൂപ്രണ്ട് പറയുന്നു. ഇവിടെ ഉത്പാദിപ്പിക്കുന്ന നെല്‍വിത്ത് കൃഷിഭവനുകള്‍ക്കും തൃശൂരിലെ കേരള സ്റ്റേറ്റ് സീഡ് ഡെവലപ്പ്മെന്റ് അഥോറിറ്റിക്കും (കെഎസ്എസ്ടിഎ) ആണ് നല്‍കുന്നത്.
ജനിതക ഗുണമേന്മയുള്ള ഇനത്തില്‍പ്പെട്ട അടിസ്ഥാന വിത്താണ് (എഫ്എസ്-രണ്ട്) ഇവിടെ ഉത്പാദിപ്പിക്കുന്നത്. നെല്‍ക്കൃഷിക്കു പുറമേ കുരുമുളക്, ടിഷ്യൂ കള്‍ച്ചര്‍ വാഴ, ഇഞ്ചി, മഞ്ഞള്‍, ചേന, ചേമ്പ്, കാച്ചില് എന്നിവയുടെ വിത്തുകളും തൈകളും ഉത്പാദിപ്പിച്ചു കൃഷിഭവന് വഴി കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നുണ്ട്.

പാവല്‍, പടവലം, വെള്ളരി, മത്തങ്ങ എന്നീ പച്ചക്കറികളും കൃഷി ചെയ്തു വിപണനം നടത്തിവരുന്നു. ഇവിടെ കൃഷി ചെയ്യുന്ന കപ്പ, തെങ്ങ് എന്നിവയില്‍നിന്ന് വാട്ടുകപ്പ, വെളിച്ചെണ്ണ എന്നിങ്ങനെ വിവിധ മൂല്യവര്‍ധിത വസ്തുക്കള്‍ ഉത്പാദിപ്പിച്ചും വില്‍ക്കുന്നുണ്ട്. റാഗി കൃഷിയും കഴിഞ്ഞ രണ്ടു വര്‍ഷമായി നടത്തുന്നുണ്ട്.
1960ലാണ് വാലാച്ചിറയില്‍ സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയില്‍ വിത്തുത്പാദന കേന്ദ്രം പ്രവര്‍ത്തനം തുടങ്ങിയത്. മൂന്ന് പുരുഷന്മാര് ഉള്‍പ്പെടെ 16 തൊഴിലാളികളും ഏഴ് ജീവനക്കാരുമാണ് ഇവിടെ ജോലി ചെയ്യുന്നത്. ഓട്ടോമേറ്റഡ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇവിടെ സ്ഥാപിക്കാനുള്ള തയാറെടുപ്പുകളും തുടങ്ങിയിട്ടുണ്ട്.
പദ്ധതി പ്രകാരം കാലാവസ്ഥാ ഘടകങ്ങളായ മഴയുടെയും താപനില, അന്തരീക്ഷത്തിലെ ഈര്‍പ്പം എന്നിവയുടെ ഓരോ ദിവസത്തെയും കൃത്യമായ അളവുകള്‍ രേഖപ്പെടുത്താനുള്ള സംവിധാനമാണ് വരുന്നത്. ടൂറിസം കേന്ദ്രമായ എഴുമാന്തുരുത്തിന് അടുത്തുള്ള ഇവിടെ ഫാമില്‍ ടൂറിസത്തിന്റെ വേറിട്ട സാധ്യതകള്‍ നടപ്പാക്കാനുള്ള പദ്ധതികളും കൃഷിവകുപ്പ് ആരംഭിച്ചിട്ടുണ്ട്.
സ്കൂള്‍ കുട്ടികള്‍ക്കും പൊതുജനങ്ങള്‍ക്കും കൃഷിയെ കുറിച്ച് പഠിക്കാനും മനസിലാക്കാനും പരിശീലന കേന്ദ്രത്തിനും വിനോദത്തിനും വിശ്രമത്തിനുമായുള്ള പാര്‍ക്കിനുമായി അഞ്ചര കോടി രൂപയുടെ പദ്ധതി തയാറാക്കി സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്ന് ഫാം സൂപ്രണ്ട് പറഞ്ഞു.