കൃഷിയിടങ്ങളിൽ നീറുകളില്ല; കീടങ്ങൾ പെരുകി
Friday, February 14, 2025 1:25 PM IST
കുറച്ചുകാലം മുന്പു വരെ കൃഷിയിടങ്ങളിൽ ധാരാളമായി കണ്ടിരുന്ന നീറുകൾ അല്ലെങ്കിൽ നിശറുകൾ എന്ന ചുവന്ന പുളിയൻ ഉറുന്പുകൾ വിളകളെ കീടബാധകൾ ഏൽക്കാതെ സംരക്ഷിച്ചിരുന്നു.
മുഞ്ഞ, ചാഴി, തണ്ടുതുരപ്പൻ പുഴുക്കൾ, ഇലചുരുട്ടി പുഴുക്കൾ, കൊന്പൻ ചെല്ലി എന്നിങ്ങനെ വിളകളെ ആക്രമിക്കാൻ വരുന്ന മുഴുവൻ കീടങ്ങളേയും അവ ആഹാരമാക്കിയിരുന്നു, അല്ലെങ്കിൽ നീറിനെ ഭയന്നു കൃഷിയിടങ്ങളിൽ നിന്നു വിട്ടു നിന്നിരുന്നു.
വിളകൾക്കു സംരക്ഷണ കവചം ഒരുക്കിയിരുന്ന കടിയൻ നീറുകളെ പിൽക്കാലത്ത് കർഷകരും മരംവെട്ടുകാരുമൊക്കെ ചേർന്നു നശിപ്പിച്ചതോടെ കീടബാധകൾ വർധിച്ചു.
കർഷക മിത്രങ്ങളായിരുന്ന നിശറുകൾ നശിച്ചതോടെ ഉപദ്രവകാരികളായ എറുന്പുകൾ ക്രമാതീതമായി വർധിക്കുകയും അവയുടെ ആക്രമണം മൂലം കൃഷികൾ മുന്നോട്ടു കൊണ്ടു പോകാൻ പറ്റാത്ത സ്ഥിതിയാകുകയും ചെയ്തു.
ചെടികളുടെ ചുവട്ടിൽ മാളം ഉണ്ടാക്കി അവയെ മറിച്ചിടുന്നതും പയർവർഗ വിളകൾ ഉൾപ്പടെ പല വിളകളേയും മുഞ്ഞ ബാധിക്കുന്നതും സാധാരണയായി.
പുരയിടത്തിലെ വൃക്ഷങ്ങളിലെവിടെയങ്കിലും നീറിൻ കൂടുകൾ അവശേഷിച്ചിട്ടുണ്ടെങ്കിൽ അവയെ നശിപ്പിക്കാതെ വള്ളിയോ കയറോ വലിച്ചുകെട്ടി കൃഷിയിടങ്ങളിൽ എത്തിച്ചാൽ അവയുടെ സംരക്ഷണയിൽ വിളകൾ കീടവിമുക്തമാകാൻ സാധ്യതയുണ്ട്.
മുഞ്ഞയെ കൊണ്ടു വരുന്നതു ജോനകൻ
വിളകൾ നശിപ്പിക്കുന്ന മുഞ്ഞയെ കൃഷിയിടത്തിൽ എത്തിക്കുന്നതു ജോനകൻ ഉറുന്പുകളാണ്. അതിനാൽ വിഷമടിച്ച് മുഞ്ഞയെ നശിപ്പിക്കാൻ ശ്രമിക്കുന്നതിനു പകരം അവയെ കൊണ്ടു വരുന്ന ജോനകൻ ഉറുന്പുകളെ നിയന്ത്രിക്കുകയാണ് കർഷകർ ചെയ്യേണ്ടത്.
ഇതിനായി മിക്സിയിലിട്ടു നന്നായി പൊടിച്ച പഞ്ചസാരയും ബോറിക് ആസിഡും (മെഡിക്കൽ ഷോപ്പുകളിൽ വാങ്ങാൻ കിട്ടും) 2:1 അനുപാതത്തിൽ നന്നായി മിക്സ് ചെയ്തു 1/2 സ്പൂണിൽ കൂടാത്ത അളവിൽ ചെറിയ പ്ലാസ്റ്റിക് ഡപ്പികളിലാക്കി ജോനകൻ ഉള്ള ഭാഗത്ത് നനയാത്ത വിധം മൂടി വയ്ക്കേണ്ടതാണ്.
ഇതിൽ ആകൃഷ്ടരായി എത്തുന്ന ജോനകൻ അതു തിന്ന് ഉ·ത്തരായി ചെടികളുടെ ചുവട്ടിൽ മാളം ഉണ്ടാക്കാതെയും മുഞ്ഞകളെ കൊണ്ടുവരാതെയുമിരിക്കും. മിശ്രിതം തീരുന്നതനുസരിച്ച് വീണ്ടും വീണ്ടും വച്ചു കൊടുത്താൽ ഇവയുടെ കോളനികൾ സാവധാനം ക്ഷയിച്ചു പോകും.
പാറ്റകളെ തുരത്താൻ പൊടിക്കൈ
പഞ്ചസാരപ്പൊടിയും ബോറിക് ആസിഡും 1:1 അനുപാതത്തിൽ നന്നായി മിക്സ് ചെയ്തു പാറ്റാശല്യം ഉള്ള സ്ഥലങ്ങളിൽ ചെറിയ ഡപ്പികളിലാക്കി കുട്ടികളുടെ ശ്രദ്ധിയിൽപ്പെടാതെ വച്ചു കൊടുത്താൽ അതു തിന്നു ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ പാറ്റകൾ ഒന്നാകെ നശിച്ചു പോകും.
മിശ്രിതം തീരുന്നതനുസരിച്ച് രണ്ടോ മൂന്നോ പ്രാവശ്യം കൂടി വച്ചു കൊടുത്താൽ പാറ്റകളുടെ ശല്യം തീർത്തും ഇല്ലാതാകും.
ഫോണ്: 9645033622