മകൻ സഞ്ജയ്ക്കായി ഒരു കഥയുമായി സംവിധായകൻ അൽഫോൻസ് പുത്രൻ വന്നിരുന്നതായി വിജയ്. 'ബീസ്റ്റ്' എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സംവിധായകൻ നെൽസൺ ദിലീപ്കുമാറുമായി നടന്ന അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. സഞ്ജയ് സിനിമയിലേക്ക് വരുമോ എന്ന നെൽസന്റെ ചോദ്യത്തിന് മറുപടിയായാണ് അൽഫോൻസ് പുത്രൻ വന്ന കാര്യവും വെളിപ്പെടുത്തിയത്.
'വളരെ കൗതുകം തോന്നിയ ഒരു സംഭവം എന്തെന്നാൽ പ്രേമം സിനിമയുടെ സംവിധായകൻ അൽഫോൻസ് പുത്രൻ എന്നെ ഒരിക്കൽ കാണാൻ വന്നു. എന്നോട് കഥ പറയാൻ വന്നതാണ് എന്ന് കരുതി ഞാൻ സ്വീകരിച്ചു. സാറിന്റെ പയ്യൻ എവിടെ ഒരു കഥ പറയണം എന്ന് അദ്ദേഹം പറഞ്ഞു.
ആ കഥ സഞ്ജയ്ക്ക് പറ്റുന്നതാണ്. അത് നടക്കണം എന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. രണ്ട് വര്ഷം കഴിഞ്ഞ് നോക്കാം എന്നതായിരുന്നു സഞ്ജയുടെ മറുപടി. അവൻ കാമറയ്ക്ക് മുന്നിൽ നിൽക്കുമോ അതോ പുറകിൽ നിൽക്കുമോ എന്ന് കണ്ടറിയണം' വിജയ് പറഞ്ഞു. നേരത്തെ വിജയ് നായകനായ 'വേട്ടൈക്കാരൻ' എന്ന സിനിമയിലെ ഒരു ഗാനരംഗത്തിൽ സഞ്ജയ് പ്രത്യക്ഷപ്പെട്ടിരുന്നു.
പത്ത് വർഷങ്ങൾക്ക് ശേഷമാണ് വിജയ് ഒരു അഭിമുഖത്തിൽ പങ്കെടുക്കുന്നത്. എന്തുകൊണ്ടാണ് ഇത്രയധികം നാൾ അഭിമുഖം നൽകാതിരുന്നത് എന്ന ചോദ്യത്തിന്, 'പത്ത് വർഷങ്ങൾക്ക് മുൻപ് ഞാൻ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യം മറ്റൊരു തരത്തിൽ ചർച്ച ചെയ്യപ്പെട്ടു. പിന്നീട് അഭിമുഖങ്ങളിൽ നിന്ന് ഒരു അകലം പാലിക്കാൻ തുടങ്ങി. അങ്ങനെ ഒടുവിൽ പത്ത് വർഷമായി. എനിക്ക് പറയണമെന്ന് തോന്നുന്ന കാര്യങ്ങൾ എല്ലാം കൂട്ടിവെച്ച് ഓഡിയോ ഫങ്ക്ഷനിൽ പറയുമെന്നാണ് വിജയ് നൽകിയ മറുപടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.