അദ്ദേഹം എന്നും എന്‍റെ ഗുരു
Friday, October 7, 2022 1:19 PM IST
മണിരത്നത്തിന്‍റെ പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് ഐശ്വര്യ റായ്. ഇരുവർ, ഗുരു, രാവൺ തുടങ്ങി നിരവധി സിനിമകളിൽ മണിരത്നം നായികയായി തിരഞ്ഞെടുത്തത് ഐശ്വര്യയെ ആയിരുന്നു. ഇപ്പോൾ അദ്ദേഹത്തിന്‍റെ പുതിയ ചിത്രം പൊന്നിയിൻ സെൽവനിലും ഐശ്വര്യക്കായി അദ്ദേഹം ഒരു കഥാപാത്രത്തെ നീക്കിവച്ചു.

ഇത്തവണ നായിക അല്ല സുന്ദരി ആയ ഒരു വില്ലത്തിയെയാണ് ഐശ്വര്യയിൽ മണിരത്നം കണ്ടെത്തിയത്. നന്ദിനി എന്ന കഥാപാത്രത്തെ അതിമനോഹരമാക്കാനും ഐശ്വര്യക്ക് കഴിഞ്ഞു. പല്ലക്കിലിരുന്ന് തിരശീല മാറ്റി നോക്കുന്ന പൊന്നിയിൻ സെൽവനിലെ ഐശ്വര്യയുടെ രംഗത്തിന് നിറഞ്ഞ കൈയടികളാണ് തിയറ്ററുകളിൽനിന്ന് ലഭിക്കുന്നത്.

തൃഷ, ശോഭിത ധൂലിപാല, ഐശ്വര്യ ലക്ഷ്മി, അദിതി റാവു ഹൈദരി തുടങ്ങിയ നടിമാരും പൊന്നിയിൻ സെൽവനിൽ പ്രേക്ഷകരുടെ മനം കവർന്നു. ഇപ്പോഴിതാ ഗുരുനാഥനൊപ്പമുള്ള ചിത്രങ്ങൾ പങ്കു വച്ചിരിക്കുകയാണ് ആഷ്. മണിരത്നത്തോട് ചേർന്ന് നിൽക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. നിരവധി കമന്‍റുകളാണ് ഐശ്വര്യ പങ്കുവച്ചിരിക്കുന്ന പുതിയ ചിത്രങ്ങൾക്ക് ലഭിക്കുന്നത്.

ചിത്രത്തിന്‍റെ പ്രൊമോഷനിടെ എടുത്ത ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. സിനിമയുടെ പ്രൊമോഷൻ പരിപാടികളിൽ ഐശ്വര്യ സജീവമായിരുന്നു. ഇപ്പോൾ പ്രിയ നായികയെയും സംവിധായകനെയും ഒന്നിച്ച് കാണാനായതിന്‍റെ സന്തോഷം പങ്കുവയ്ക്കുന്ന തിരക്കിലാണ് ആരാധകരും.

"മണിരത്നം എന്‍റെ ഗുരുവാണ്. അദ്ദേഹം എന്നും എന്‍റെ ഗുരു ആയിരിക്കും, എക്കാലവും. ഇരുവരിൽ ഞാൻ അദ്ദേഹത്തോടൊപ്പം എന്‍റെ യാത്ര ആരംഭിച്ചു, ബഹുമാനത്തിന് വീണ്ടും നന്ദി. ഈ ചിത്രം അദ്ദേഹത്തിന് എക്കാലവും അവിസ്മരണീയമായിരിക്കും. എപ്പോഴും എനിക്കൊപ്പം ഉണ്ടായിരുന്നതിന് സുഹാസിനിക്ക് നന്ദി. രജനീകാന്തിനും കമൽഹാസനുമൊപ്പം ഇരിക്കുക എന്നത് ഒരു സ്വപ്ന നിമിഷമാണ്'- ചിത്രത്തിന്‍റെ പ്രൊമോഷൻ ചടങ്ങുകൾക്കിടെ ഐശ്വര്യ പറഞ്ഞിരുന്നു.

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഐശ്വര്യ ബിഗ് സ്ക്രീനിലേക്ക് മടങ്ങിയെത്തിയ ചിത്രം കൂടിയാണ് പൊന്നിയിൻ സെൽവൻ. 2018 ൽ പുറത്തിറങ്ങിയ ഫന്നി ഖാനായിരുന്നു ഇതിനു മുൻപ് ഐശ്വര്യ അഭിനയിച്ച ചിത്രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.