നടന്‍റെ മകളായിട്ടും രക്ഷയില്ല... പല സിനിമകളും വേണ്ടെന്നുവച്ചു
Saturday, February 25, 2023 10:42 AM IST
അച്ഛൻ ശരത് കുമാറിന്‍റെ പാത പിന്തുടർന്നു സിനിമയിലെത്തിയ ആളാണ് വരലക്ഷ്മി ശരത് കുമാര്‍. തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും വരലക്ഷ്മി അഭിനയിച്ച് കഴിഞ്ഞു. സ്ഥിരം റൊമാന്‍റിക് നായിക കഥാപാത്രങ്ങളില്‍ നിന്നു മാറി കുറച്ച് ബോള്‍ഡ് ലുക്കുള്ള വേഷങ്ങളാണ് വരലക്ഷ്മി കൂടുതലും ചെയ്തിട്ടുള്ളത്.

താരപുത്രിയായതിനാല്‍ വരലക്ഷ്മിക്കും സിനിമയിലേക്കുള്ള എന്‍ട്രി എളുപ്പമായിരുന്നു. എന്നാല്‍ അവിടെ നിലനിന്ന് പോവുക എന്നത് സ്വന്തം കഴിവിലൂടെ മാത്രമായിരുന്നു. കുറഞ്ഞ കാലം കൊണ്ട് തന്നെ തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്.

എന്നാല്‍ സിനിമയില്‍ അഭിനയിക്കാന്‍ അവസരം തരണമെങ്കില്‍ കിടക്ക പങ്കിടണമെന്ന് പറഞ്ഞ് പലരും തന്നെ സമീപിച്ചിട്ടുണ്ടെന്ന് പറയുകയാണ് നടിയിപ്പോള്‍. പുതിയൊരു സിനിമയുടെ പ്രൊമോഷനുമായി എത്തിയപ്പോഴാണ് ആരാധകരെ പോലും ഞെട്ടിച്ച് കൊണ്ടുള്ള വെളിപ്പെടുത്തല്‍ താരപുത്രി നടത്തിയിരിക്കുന്നത്. താരപുത്രി ആയത് കൊണ്ട് തനിക്ക് പ്രത്യേക പരിഗണനയൊന്നുമില്ലെന്നും അവസരം വേണമെങ്കിൽ പലരുടെയും കൂടെ കിടക്കേണ്ട അവസ്ഥയാണെന്നുമാണ് വരലക്ഷ്മി പറഞ്ഞത്.

സിനിമാ മേഖലയില്‍ കിടക്ക പങ്കിടാന്‍ ആവശ്യപ്പെടുന്ന സമ്പ്രദായം ഉണ്ടെന്ന് പല നടിമാരും തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ താരങ്ങളുടെ മക്കളായിട്ടുള്ള സെലിബ്രിറ്റികള്‍ക്ക് ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകാറില്ലെന്നും അവര്‍ സിനിമാ മേഖലയില്‍ വളരെ സുരക്ഷിതരാണെന്നാണ് പലരും കരുതുന്നത്. സത്യത്തില്‍ അങ്ങനെയല്ല.

ഞാനടക്കമുള്ളവരോടും പോലും കിടക്ക പങ്കിടാന്‍ ആവശ്യപ്പെടുന്ന സംഭവം പോലും സിനിമാ ലോകത്തുണ്ട്. ഇതുമൂലം പല സിനിമകളിലും അഭിനയിക്കാനുള്ള അവസരം എനിക്ക് നഷ്ടപ്പെട്ടു. മാത്രമല്ല, ഞാന്‍ വളരെ പതുക്കെ വളര്‍ന്ന് വരാനുണ്ടായ കാരണവും ഇതാണ്.

എന്‍റെ തത്വങ്ങളൊക്കെ ലംഘിച്ച് നടന്‍, സംവിധായകന്‍, നിര്‍മാതാവ് എന്നിവരുമായി കിടക്ക പങ്കിടുകയാണെങ്കില്‍ സിനിമയില്‍ നല്ല വേഷം ലഭിക്കുമെന്നായിരുന്നു ഓഫര്‍. അങ്ങനെ ലഭിക്കുന്ന ഒരവസരം പോലും എനിക്ക് വേണ്ടെന്നാണ് അവരോട് പറഞ്ഞത്. -വരലക്ഷ്മി വ്യക്തമാക്കി.

നടിയുടെ വെളിപ്പെടുത്തല്‍ വലിയ കോളിളക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. പലരും ഇത്തരം കാര്യങ്ങള്‍ തുറന്ന് പറയുന്നത് വലിയ വാര്‍ത്തയായി മാറാറുണ്ട്. വരലക്ഷ്മിയുടെ വാക്കുകളും തരംഗമാവുകയാണ്. ഇത്തരം നിബന്ധന കാരണം ഏത് സിനിമയാണ് നഷ്ടപ്പെട്ടതെന്നും ആരൊക്കെയാണ് ഇങ്ങനെയുള്ള ആവശ്യവുമായി വന്നതെന്നും നടി വെളിപ്പെടുത്തണമെന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ആളുകളുടെ പേര് വെളിപ്പെടുത്താന്‍ വരലക്ഷ്മി ഇനിയും തയാറായിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.