ഹൻസിക വിവാഹിതയാകുന്നു?
Thursday, August 11, 2022 1:24 PM IST
തമിഴ്, മലയാളം, തെലുങ്ക്, എന്നീ തെന്നിന്ത്യന്‍ സിനിമകളിലിലും ബോളിവുഡിലും അഭിനയിച്ചു ശ്രദ്ധ നേടിയ നടിയാണ് ഹന്‍സിക മോട്വാനി. ഹന്‍സികയെക്കുറിച്ച് ഏറ്റവുമൊടുവില്‍ പുറത്തു വരുന്നത് താരസുന്ദരി വിവാഹിതയാകാന്‍ പോകുന്നു എന്നതാണ്. തമിഴിലെ ചില സിനിമാ മാധ്യമങ്ങളാണ് ഹന്‍സികയുടെ വിവാഹവാര്‍ത്ത പുറത്തുവിട്ടത്.

അറിയപ്പെടുന്ന ഒരു ബിസിനസുകാരനാണ് ഹന്‍സികയെ വിവാഹം ചെയ്യുന്നതെന്നാണ് പുറത്തുവന്ന ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത്. ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്‍റെ മകനാണ് ഹന്‍സികയുടെ ഭാവിവരനെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിവാഹത്തീയതി നിശ്ചയിച്ചതായും വിവാഹ ഒരുക്കങ്ങള്‍ തുടങ്ങിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

എന്നാല്‍ താരം ഇതുവരെ ഈ വാര്‍ത്തകളോടു പ്രതികരിച്ചിട്ടില്ല. 2013 കാലത്ത് നടന്‍ ചിമ്പുവുമായി ഹന്‍സിക പ്രണയത്തിലാണെന്നും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരാകാനുള്ള തയാറെടുപ്പിലാണെന്നും താരം തുറന്നു പറഞ്ഞിരുന്നു. എന്നാല്‍ വൈകാതെ ഇവരുടെ പ്രണയം തകരുകയും വേര്‍പിരിയുകയുമായിരുന്നു. അതിനു ശേഷവും ഹാന്‍സിക വിവാഹിതയാകാന്‍ പോകുന്നുവെന്നു വാര്‍ത്ത പ്രചരിച്ചിരുന്നു.

അടുത്തയിടെ നടി നിത്യാ മേനോന്‍ വിവാഹിതയാകാന്‍ പോകുന്നുവെന്നു വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇക്കാര്യം നിഷേധിച്ചു നിത്യതന്നെ രംഗത്തു വന്നിരുന്നു. അമ്പത് സിനിമകളാണ് ഹന്‍സിക ഇതുവരെ അഭിനയിച്ചിട്ടുള്ളത്. ആ കൂട്ടത്തില്‍ വില്ലന്‍ എന്ന മലയാള ചിത്രവും ഉള്‍പ്പെടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.