റിലീസ് ആകാനിരിക്കുന്ന രജനീകാന്ത് ചിത്രം ദർബാറിന്റെ ട്രെയിലർ ലോഞ്ച് വികാരനിർഭരമായ രംഗങ്ങൾക്കു സാക്ഷ്യം വഹിച്ചു. ബോളിവുഡ് താരം സുനിൽ ഷെട്ടിയും പിതാവും തമ്മിലുള്ള ശക്തമായ ഹൃദയബന്ധത്തെക്കുറിച്ച് രജനീകാന്ത് ചടങ്ങിൽ സംസാരിച്ചത് സുനിൽ ഷെട്ടിയെ കരച്ചിലിന്റെ വക്കോളമെത്തിച്ചു.
2014ൽ ബോളിവുഡിൽ സുനിൽ ഷെട്ടി തിരക്കുള്ള നടനായി നിന്ന സമയത്താണ് പിതാവ് വീരപ്പഷെട്ടി പക്ഷാഘാതം വന്ന് പാതി ശരീരം തളർന്ന് കിടപ്പിലാകുന്നത്. സുനിൽ ഷെട്ടി ഒരു വർഷം നാലും അഞ്ചും സിനിമകൾ ചെയ്യുന്ന സമയമായിരുന്നു അത്.
പക്ഷെ അച്ഛനെ ശുശ്രൂഷിക്കാനായി സിനിമ ഉപേക്ഷിക്കാൻ സുനിൽ ഷെട്ടി മടി കാണിച്ചില്ല. വീട്ടിലെ ഒരു മുറിയിൽ ആശുപത്രിയിലെ ഐസിയു സജ്ജീകരണങ്ങൾ ഒരുക്കി മുഴുവൻ സമയവും സുനിൽ പിതാവിനെ പരിചരിച്ചു. നേരത്തെ കരാർ ചെയ്ത ഒരു സിനിമ ഒഴിച്ച് തുടർന്നുള്ള മൂന്നു വർഷങ്ങളിലും സുനിൽഷെട്ടി സിനിമകളിൽ അഭിനയിക്കാതെ പിതാവിനെ പരിചരിച്ചു. 2017ൽ പിതാവിന്റെ മരണശേഷം മാനസികമായി തളർന്നുപോയ സുനിൽ പിന്നീട് ഒരു വർഷം ചലച്ചിത്രരംഗത്ത് അത്ര സജീവമായിരുന്നില്ല.
പിതാവിനോടുള്ള മകന്റെ സ്നേഹത്തിന്റെയും കടപ്പാടിന്റെയും മാതൃകയായി സുനിലിന്റെ ജീവിതത്തെ ചടങ്ങിൽ രജനീകാന്ത് വാഴ്ത്തിയപ്പോൾ സദസ്സും വികാരനിർഭരമായി. രജനിയുടെ വാക്കുകൾ കേട്ട് വിതുന്പിയ സുനിലിനെ സംവിധായകൻ മുരുഗദോസ് ആശ്വസിപ്പിച്ചു. ദർബാറിൽ വില്ലനായാണ് സുനിൽ ഷെട്ടി അഭിനയിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.