കാല്പനിക പ്രണയത്തിന്റെ "ക്ഷണക്കത്ത്'
ശ്രീജിത് കൃഷ്ണന്
Saturday, February 8, 2025 7:52 PM IST
"ഇഷ്ടമാണെങ്കില്‍ ഇഷ്ടം മാത്രം പോരേ, അതിന് പ്രത്യേകിച്ച് ഒരു പേരു വേണോ വിവേക്' "ഉദാത്തമായ സ്നേഹം പങ്കിടുന്നവര്‍ക്കായി മാത്രം അങ്ങുദൂരെ മറ്റൊരു താവളമുണ്ട്. മനസുകൊണ്ട് ഒന്നായിത്തീരുമ്പോള്‍ നമുക്കും അവിടേക്ക് പോകണം. അവിടെ കണ്ണിമയ്ക്കാത്ത നക്ഷത്രങ്ങളും വാടാത്ത പൂക്കളും നമ്മെ കാത്തിരിക്കുന്നുണ്ടാവും. നിലാവിന്റെ നേര്‍ത്ത തന്ത്രികള്‍ മഞ്ഞുതുള്ളികളില്‍ മീട്ടുന്ന അനുരാഗത്തിന്റെ സംഗീതം അവിടെ നമുക്ക് കേള്‍ക്കാം'.
പ്രണയമെന്ന വികാരത്തെ ഒരു തവണയെങ്കിലും അടുത്തറിഞ്ഞവരുടെ മനസില്‍ നിലാവിന്റെ വെളിച്ചം കോരിയിടുന്ന വരികള്‍. എല്ലാ വികാരങ്ങളും ടെക്നോളജിയുടെ വലക്കണ്ണികളിലൊതുങ്ങുന്ന കാലത്തിനു മുമ്പ് കൗമാരമനസുകളില്‍ കാല്പനികതയുടെ മഞ്ഞുപെയ്യിച്ചത് ഓട്ടോഗ്രാഫുകളിലും ആശംസാ കാര്‍ഡുകളിലുമൊക്കെ കോറിയിടുന്ന ഇതുപോലുള്ള വരികളായിരുന്നു. ഇപ്പോഴും ഇത്തരത്തിലുള്ള വരികള്‍ മെസേജുകളിലും പോസ്റ്റുകളിലും റീലുകളിലും നിറഞ്ഞുനില്‍ക്കുന്നുണ്ട്.
1990 ല്‍ പുറത്തിറങ്ങിയ "ക്ഷണക്കത്ത്' എന്ന സിനിമയുടെ കഥയും പാട്ടുകളും ഡയലോഗുകളുമെല്ലാം ഇതുപോലെ കാല്പനികതയുടെ സുഗന്ധം നിറഞ്ഞതായിരുന്നു. ഇപ്പോഴും മലയാളത്തിലെ എവര്‍ഗ്രീന്‍ പ്രണയ ചിത്രങ്ങളുടെ പട്ടികയെടുത്താല്‍ പുതുതലമുറ അതില്‍ ആദ്യമെഴുതുന്ന പേരുകളിലൊന്ന് "ക്ഷണക്കത്ത്' എന്നായിരിക്കും.
അതിലെ "ആകാശദീപമെന്നുമുണരുമിടമായോ...', "സല്ലാപം കവിതയായി...', "മംഗളങ്ങളരുളും മഴനീര്ക്കണങ്ങേളേ...', "ആ രാഗം മധുമയമാം രാഗം...' തുടങ്ങിയ പാട്ടുകളെല്ലാം പിന്നീടുവന്ന തലമുറകളോരോന്നും ഏറ്റുചൊല്ലിയവയാണ്. പ്രണയത്തിന്റെ ആദ്യാനുഭൂതിയില്‍ കൗമാരക്കാരുടെ മനസുനിറച്ചവയാണ്. യൂട്യൂബിന്റെ ഹിറ്റ് ചാര്‍ട്ടിലും സമൂഹമാധ്യമങ്ങളിലും റീലുകളിലും ഇപ്പോഴും സ്ഥാനം പിടിക്കുന്നവയാണ്. ചിത്രത്തിലെ അഞ്ച് ഗാനരംഗങ്ങളുടെയും ചിത്രീകരണഭംഗിയും സാങ്കേതികത്തികവും ഓരോന്നിലും ഒളിപ്പിച്ചുവച്ച കൗതുകങ്ങളും പുതുതലമുറകള്‍ യൂട്യൂബില്‍ കണ്ടറിയുന്നതാണ്.
"ചാണക്യന്' എന്ന കുറ്റാന്വേഷണ ചിത്രമൊരുക്കിയ ടി.കെ. രാജീവ്കുമാറിന്റെ രണ്ടാമത്തെ സംവിധാന സംരംഭമായിരുന്നു "ക്ഷണക്കത്ത്'. കുടുംബ ചിത്രങ്ങളും അധോലോക, കുറ്റാന്വേഷണ ത്രില്ലറുകളും മാത്രം നിറഞ്ഞിരുന്ന അന്നത്തെ മലയാള സിനിമയില്‍ ഹിന്ദിയിലെ ഖയാമത് സേ ഖയാമത് തകിന്റെയും മേനേ പ്യാര് കിയായുടെയുമൊക്കെ ശൈലിയില്‍ പുതുമുഖങ്ങളെ അണിനിരത്തി ഒരു മുഴുനീള പ്രണയചിത്രം അവതരിപ്പിക്കുകയെന്ന വ്യത്യസ്തമായ പരീക്ഷണമായിരുന്നു അത്.
ഹിന്ദിയില്‍ മാത്രം കണ്ടുശീലിച്ച തരത്തിലുള്ള ചോക്ക്ലേറ്റ് നായികാനായകന്മാരും കാല്പനിക പ്രണയരംഗങ്ങള്‍ക്ക് പശ്ചാത്തലമൊരുക്കുന്ന മനോഹരമായ ദൃശ്യാവിഷ്കാരങ്ങളും ഗാനരംഗങ്ങളുമൊക്കെ മലയാള സിനിമയ്ക്ക് അന്ന് തികച്ചും പുതുമയായിരുന്നു.
ക്ഷണക്കത്തിന്റെ പോസ്റ്ററുകള്‍ കണ്ട പ്രേക്ഷകര്‍ ഇതൊരു മലയാള സിനിമയാണോ അതോ ഏതോ ഹിന്ദി, തെലുങ്ക് സിനിമയുടെ റീമേക്കാണോ എന്ന് സംശയിക്കുകയും ചെയ്തു. ഹോളിവുഡ് ചിത്രങ്ങളോടുപോലും കിടപിടിക്കാവുന്ന സെറ്റിംഗുകളാണ് സാങ്കേതിക വിദഗ്ധന്‍ കൂടിയായ രാജീവ്കുമാറിന്റെ നേതൃത്വത്തില്‍ ഒരുക്കിയത്. ഈ സിനിമയിലെ ഗാനരംഗങ്ങള്‍ മാത്രം കണ്ടാല്‍ അത് മനസിലാകും.
പക്ഷെ അന്നത്തെ മലയാള സിനിമയുടെ പതിവു രീതികളില്‍ നിന്ന് വേറിട്ടുനിന്ന ഇത്തരമൊരു പരീക്ഷണത്തെ ഉള്‍ക്കൊള്ളാന്‍ അക്കാലത്തെ പ്രേക്ഷകര്‍ക്ക് കഴിഞ്ഞില്ല. പാട്ടുകള്‍ മാത്രം സൂപ്പര്‍ ഹിറ്റായെങ്കിലും സിനിമ ബോക്സ് ഓഫീസില്‍ പരാജയമായി.
"തൂവാനത്തുമ്പികള്‍' ഉള്‍പ്പെടെ ഇന്ന് മുഖ്യധാരാ മാധ്യമങ്ങളിലും ഓണ്‍ലൈനിലും ആഘോഷിക്കപ്പെടുന്ന സിനിമകളില്‍ പലതും പുറത്തിറങ്ങിയ കാലത്ത് ഇതുപോലെ ബോക്സ് ഓഫീസില്‍ പരാജയപ്പെട്ടവയായിരുന്നുവെന്നത് മറ്റൊരു യാഥാര്‍ഥ്യം.
കൈതപ്രത്തിന്റെ വരികള്‍ക്ക് ഈണം നല്കി ഈ സിനിമയിലെ പാട്ടുകള്‍ അണിയിച്ചൊരുക്കിയത് അന്ന് നവാഗതനായ സംഗീത സംവിധായകന് ശരത്താണ്. 21 വയസ് മാത്രമായിരുന്നു അന്ന് ശരത്തിന്റെ പ്രായം. സംവിധായകന് രാജീവ്കുമാര്‍ ഉള്‍പ്പെടെ ക്ഷണക്കത്തിന്റെ അണിയറ പ്രവര്‍ത്തകരില്‍ നല്ലൊരു വിഭാഗത്തിന്റെയും പ്രായം അന്ന് ഇരുപതുകളിലായിരുന്നു.
വെള്ളാരം കണ്ണുകളുള്ള റൊമാന്റിക് നായകന് നിയാസിനും മേനേ പ്യാര് കിയായിലെ ഭാഗ്യശ്രീയുടെ രൂപഭാവങ്ങളുണ്ടായിരുന്ന നായിക ആതിരയ്ക്കുമൊപ്പം കൂട്ടുകാരായെത്തിയ ജിജി, വെട്ടുകിളി പ്രകാശ്, മന്‍സൂര്‍ എന്നിവരും പുതുമുഖങ്ങളായിരുന്നു. ഒപ്പം പഴയ തലമുറയില്‍ നിന്ന് നെടുമുടി വേണു, തിലകന്, കവിയൂര്‍ പൊന്നമ്മ, കെ.പി. ഉമ്മര്‍, ലക്ഷ്മി എന്നിവരും ചിത്രത്തിലുണ്ടായിരുന്നു.
വിദേശത്ത് ജോലി ചെയ്യുന്ന അച്ഛനും അമിതാധികാര പ്രവണതയുള്ള അമ്മയ്ക്കുമിടയില്‍ പെട്ടുപോയ കാല്പനിക മനസുള്ള പെണ്‍കുട്ടിക്ക് പ്രണയം ജീവിതത്തിലെ മരുപ്പച്ചയായിരുന്നു. ചിത്രത്തിലെ നായകനെ സംബന്ധിച്ച് കേവലം തമാശയായി തുടങ്ങിയ പ്രണയം നായികയുടെ ജീവിതത്തിലെ ഒഴുക്കുകള്‍ക്കും കാണാക്കയങ്ങള്ക്കുമൊപ്പം സ്വയമറിയാതെ ഒഴുകിപ്പോയതാണ്. അവളുടെ സ്വഭാവത്തില്‍ അന്തര്‍ലീനമായ ആത്മഹത്യാ പ്രവണതയാണ് ചിത്രത്തിലെ ദുരന്തസൂചന.
പക്ഷേ അക്കാലത്തെ മലയാള സിനിമയിലെ രീതി വച്ച് മെലോഡ്രാമയായി വലിച്ചുനീട്ടാമായിരുന്ന സങ്കടരംഗങ്ങള് പോലും മിതത്വത്തോടെയും ഏറെക്കുറെ പ്രതീകാത്മകമായുമാണ് ചിത്രത്തില്‍ അവതരിപ്പിക്കപ്പെട്ടത്. ഒരുപക്ഷേ അന്നത്തെ പ്രേക്ഷകര്‍ക്ക് അവയൊന്നും ഉള്‍ക്കൊള്ളാന്‍ കഴിയാതെ പോയതും അതുകൊണ്ടാവാം.
റിലേ ഓട്ടത്തിന്റെ ബാറ്റണിലും ക്രിക്കറ്റ് ബാറ്റിലും ഒളിപ്പിച്ചുവച്ച പ്രണയസന്ദേശങ്ങള്‍, പ്രണയത്തിന്റെയും വിരഹത്തിന്റെയും നായികയുടെ വിഹ്വലതകള്‍ നിറഞ്ഞ മനസിന്റെയും പ്രതീകങ്ങളാകുന്ന മ്യൂസിക് വാച്ചും വിവിധതരം പാവക്കുട്ടികളും, ഇംഗ്ലീഷ് നാടോടിക്കഥകള്‍ വായിച്ചുവളര്‍ന്ന നായികയുടെ സ്വപ്നലോകത്തിന്റെ ചിത്രണമായി മാറുന്ന സല്ലാപം കവിതയായി എന്ന ഗാനരംഗം, പ്രതീകാത്മകമായ രംഗങ്ങളിലെ സാങ്കേതികത്തികവ്. ഇപ്പോള്‍ തിരിഞ്ഞുനോക്കുമ്പോള്‍ ക്ഷണക്കത്തിലെ രംഗങ്ങളോരോന്നും ഒന്നിനൊന്ന് വ്യത്യസ്തതകള്‍ നിറഞ്ഞതായിരുന്നു.
പഴയ ചിത്രങ്ങളില്‍ പലതും റീമേക്ക് ചെയ്യപ്പെടുന്ന കാലത്ത് പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തിയും ചില്ലറ വ്യത്യാസങ്ങള്‍ വരുത്തിയും വീണ്ടും റിലീസ് ചെയ്യപ്പെട്ടാല്‍ തിയറ്ററുകളിലും ഒടിടിയിലും ഒരുപക്ഷേ ക്ഷണക്കത്തിന് കൂടുതല്‍ സ്വീകാര്യത ലഭിച്ചേക്കാം. ഇത്രമേല്‍ കാല്പനികതയും പ്രതീകാത്മകതയുമൊക്കെയുള്ള ഒരു പ്രണയകഥ ഒരുപക്ഷേ എല്ലാവര്ക്കും ഉള്‍ക്കൊള്ളാന്‍ കഴിയണമെന്നില്ല.
പക്ഷേ തലമുറകള്‍ മാറിവരുമ്പോഴും ഈ സിനിമയെയും അതിലെ ഗാനങ്ങളെയും ഒരുപാടുപേര് ഇഷ്ടപ്പെടുന്നുണ്ടെന്നതിന്റെ തെളിവാണ് യൂട്യൂബില്‍ ഇവയെ അന്വേഷിച്ചെത്തുന്നവരുടെ എണ്ണവും സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യപ്പെടുന്ന വരികളും രംഗങ്ങളും. രാജീവ്കുമാർ ഉൾപ്പടെ ഈ സിനിമയുടെ അണിയറ പ്രവര്‍ത്തകരെല്ലാം ഇപ്പോഴും സിനിമയില്‍ സജീവമായി നില്‍ക്കുന്നുണ്ടെന്നത് ഒരു റീ റിലീസിന്റെ സാധ്യത വര്‍ധിപ്പിക്കുന്നതാണ്.