രജപുത്ര - തരുൺ മൂർത്തി - മോഹൻലാൽ ചിത്രം അവസാനഘട്ടത്തിൽ
Sunday, October 13, 2024 4:09 PM IST
രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം.രഞ്ജിത്ത് നിർമിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണം ചെന്നൈയിൽ തുടങ്ങി. മൂന്ന് ദിവസത്തെ ചിത്രീകരണമാണ് ചെന്നൈയിൽ പ്ലാൻ ചെയ്തിരിക്കുന്നതെന്ന് നിർമാതാവ് രഞ്ജിത്ത് വ്യക്തമാക്കി.
ചിത്രത്തിലെ നിർണായകമായ ചില രംഗങ്ങളാണ് ചെന്നൈയിൽ ചിത്രീകരിക്കുന്നത്. മൂന്ന് ദിവസത്തെ ചിത്രീകരണത്തിനു ശേഷം പാലക്കാട് വാളയാറിലേക്കാണ് യൂണിറ്റ് ഷിഫ്റ്റ് ചെയ്യപ്പെടുന്നത്. ഒരാഴ്ചയോളം നീണ്ടുനിൽക്കുന്നതാണ് ഇവിടുത്തെ ചിത്രീകരണം.
കമ്പം, തേനി ഭാഗത്താണ് പിന്നീട് ചിത്രീകരണം. അതും പൂർത്തിയാക്കി ചിത്രത്തിന്റെ പ്രധാന ലൊക്കേഷനായ തൊടുപുഴയിലെത്തിയാണ് ചിത്രീകരണത്തിന്റെ അവസാനഘട്ടം പൂർത്തിയാകുന്നത്. റാന്നിയാണ് ഈ ചിത്രത്തിന്റെ മറ്റൊരു ലൊക്കേഷൻ.
25 ദിവസത്തോളം നീണ്ടുനിൽക്കുന്ന ഈ ഷെഡ്യൂളോടെ ചിത്രീകരണം പൂർത്തിയാകും. ക്ലൈമാക്സ് ഉൾപ്പെടെയുള്ള നിർണായകമായ രംഗങ്ങളാണ് ഈ ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഫാമിലി ആക്ഷൻ ഡ്രാമ ജോണറിലുള്ള ഈ ചിത്രം വൻ മുതൽമുടക്കിൽ വിശാലമായ ക്യാൻവാസിൽ വലിയതാരനിരയുടെ അകമ്പടിയോടെയാണ് എത്തുക.
110 ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണമാണ് ഈ ചിത്രത്തിന് വേണ്ടിവന്നത്. സമീപകാല മോഹൻലാൽ സിനിമകളിലെ ഏറ്റവും മികച്ച ആക്ഷൻ ത്രില്ലർ കൂടിയായിരിക്കും ഈ ചിത്രമെന്ന് അണിയറക്കാർ അവകാശപ്പെടുന്നു.
ശോഭന ഒരിടവേളയ്ക്ക് ശേഷം നായികയായി എത്തുന്ന എന്ന കൗതുകവും ഈ ചിത്രത്തിനുണ്ട്. സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറുടെ കഥാപാത്രമാണ് ഈ ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ ജീവിതത്തിൽ അരങ്ങേറുന്ന ചില സംഭവങ്ങൾ വലിയ തലങ്ങളിലേക്കു കൂടി സഞ്ചരിക്കുന്ന രീതിയിലാണ് കഥ പറയുന്നത്.
ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു. ബിനു പപ്പു, നന്ദു, ഇർഷാദ്, അർഷ ബൈജു, തോമസ് മാത്യു, പ്രകാശ് വർമ, കൃഷ്ണപ്രഭ. അരവിന്ദ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. ഇവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
കെ.ആർ. സുനിലിന്റെ കഥക്ക് കഥാകൃത്തും സംവിധായഖനും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം. ഷാജികുമാർ, എഡിറ്റിംഗ് - നിഷാദ് യൂസഫ്, കലാസംവിധാനം - ഗോകുൽ ദാസ്, മേക്കപ്പ് - പട്ടണം റഷീദ്, കോസ്റ്റ്യും ഡിസൈൻ - സമീര സനീഷ്, പ്രൊഡക്ഷൻ മാനേജർ - ശിവൻ പൂജപ്പുര, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - രാജേഷ് മേനോൻ, പ്രൊഡക്ഷൻ കൺട്രോളർ- ഡിക്സൻ പൊടുത്താസ്, പിആർഒ - വാഴൂർ ജോസ്.