കേരളത്തിന്റെ സ്വന്തം സിവിൽ സർവീസായ കെഎഎസ് (കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്)ന് സർക്കാർ വിജ്ഞാപനമായി. കേരളപ്പിറവി ദിനമായ നവംബർ ഒന്നിനാണ് വിജ്ഞാപനമിറങ്ങിയത്. സംസ്ഥാന സർവീസിലെ മധ്യവർത്തി തസ്തികകളിൽ നേരിട്ടുള്ള നിയമനം ഇതോടെ സാധ്യമാകും.
കേരളത്തിലെ യുവജനങ്ങൾക്കു തലമുറകളായി നഷ്ടപ്പെട്ടുകൊണ്ടിരുന്ന സൗഭാഗ്യമാണ് ഇപ്പോൾ കരഗതമായിരിക്കുന്നത്. നിലവിലുള്ള ഉദ്യോഗസ്ഥർക്കും ഉദ്യോഗാർഥികൾക്കും നിരവധി അവസരങ്ങൾ കെഎഎസ് വഴി ലഭ്യമാകും.
അടിസ്ഥാനപരമായി മൂന്നു ലക്ഷ്യങ്ങൾ മുന്നിൽക്കണ്ടാണ് കെഎഎസിന് രൂപം നൽകിയിരിക്കുന്നത്. ഒന്ന് - ആധുനിക, സാങ്കേതിക വിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി ഭരണനിർവഹണം കാര്യക്ഷമമാക്കാൻ പുതിയ തലമുറയിൽപ്പെട്ട ഉദ്യോഗസ്ഥസമൂഹത്തെ സൃഷ്ടിക്കുക. രണ്ട് - പുതുതലമുറയെ നിയമിക്കുന്നതു വഴി ജനപക്ഷപരവും കാര്യക്ഷമവുമായ സിവിൽ സർവീസ് സംസ്കാരം നടപ്പിൽവരുത്തുക. മൂന്ന് - സർക്കാർ പദ്ധതികളുടെ ലക്ഷ്യങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് പ്രഫഷണലുകളായ പുതിയ തലമുറയെ സജ്ജമാക്കുക.
സർക്കാർ സർവീസിൽ പ്രവേശിക്കുന്പോൾത്തന്നെ ശാസ്ത്രീയമായ പരിശീലനവും ആവശ്യമായ പ്രവൃത്തിപരിചയവും നൽകി ഭരണസംവിധാനത്തെ നൈപുണ്യത്തോടെ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള വിഭവശേഷി സൃഷ്ടിക്കലാണ് കെഎഎസ് ഉന്നംവയ്ക്കുന്നത്.
ഇന്ത്യയിലെ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങൾക്കും സ്റ്റേറ്റ് സിവിൽ സർവീസ് സംവിധാനം നിലവിലുണ്ട്. കേരളത്തിൽ അത് യാഥാർഥ്യമാകാൻ ഒട്ടേറെ വർഷം കാത്തിരിക്കേണ്ടിവരുമെന്നു മാത്രം. കഴിഞ്ഞ പത്തുവർഷത്തിനുള്ളിലാണ് കെഎഎസിനെക്കുറിച്ചുള്ള ചർച്ച കേരളത്തിൽ സജീവമായത്. അതിനാവശ്യമായ സ്പെഷൽ റൂൾ രൂപീകരിക്കാനുള്ള കാലതാമസമാണ് വിജ്ഞാപനമിറങ്ങൽ ഇത്രമേൽ വൈകിച്ചത്.
നിലവിലുള്ള ഉദ്യോഗസ്ഥരുടെ കടുത്ത എതിർപ്പും വേഗത്തിലുള്ള പ്രഖ്യാപനത്തിന് തടസമായി. എന്നാൽ, ഇച്ഛാശക്തിയുള്ള സർക്കാരിന്റെ ചടുലമായ ഇടപെടൽ കെഎഎസിനെ യാഥാർഥ്യമാക്കി. പിഎസ്സിയാണ് പരീക്ഷയുടെ പ്രധാന നടത്തിപ്പുകാർ. ഓരോ വർഷവും നൂറിലേറെ ഒഴിവുകൾ ഉണ്ടാകുമെന്നത്രേ കണക്കാക്കപ്പെട്ടിരിക്കുന്നത്.
തയാറാക്കിയത്:
ഡോ. ഡേവിസ് സേവ്യർ,
മലയാളം വിഭാഗം മേധാവി,
സെന്റ് തോമസ് കോളജ്, പാലാ