പി.എൻ. പണിക്കരുടെ ചരമദിനമായ ജൂൺ 19 വായനദിനമായി വർഷംതോറും ആചരിക്കുന്നു. 1996 മുതലാണ് ഇങ്ങനെയൊരു സംരംഭത്തിന് കേരളസർക്കാർ തുടക്കംകുറിച്ചത്. ഗ്രന്ഥശാലകൾ, വിദ്യാലയങ്ങൾ, കലാലയങ്ങൾ തുടങ്ങി പലരും വായനദിനവും വായനവാരവും യഥാസമയം സംഘടിപ്പിക്കുന്നു. വർഷത്തിൽ ഒരു ദിവസമോ ഒരു ആഴ്ചയോ മാത്രം വായിച്ചാൽ മതി എന്നുവരെ കാര്യങ്ങൾ എത്തിയിട്ടുണ്ട്.
വായന മരിക്കുന്നു എന്ന വിലാപമാണ് എല്ലാ ചർച്ചകളിലും മുഴങ്ങിക്കേൾക്കുന്നത്. വസ്തുതകളുടെ പിൻബലമില്ലാതെ ഇക്കാര്യം ആവർത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. യഥാർഥത്തിൽ വായന മരിക്കുകയല്ല ഗതിമാറുകയാണ് ചെയ്യുന്നത്. നവമാധ്യമങ്ങളുടെ കടന്നുവരവാണ് ആ സാഹചര്യം ഒരുക്കിയത്. വായനയ്ക്ക് നിശ്ചിതസമയം ആവശ്യമില്ല എന്ന സ്ഥിതിവരെ ഇന്നുണ്ട്. വായനയുടെ സാമൂഹിക ഫലങ്ങളിൽ മാറ്റം വന്നതുമൂലമാകണം വായന മരിക്കുന്നു എന്ന പ്രതീതി ഉളവാക്കിയത്.
വായനയ്ക്കു പൊതുവേ രണ്ടു മുഖങ്ങളുണ്ട്. പൊതുവായ കാര്യങ്ങളെക്കുറിച്ച് അറിയാനുള്ള സാമാന്യവായനയാണ് ആദ്യത്തേത്. ഉദാസീന വായന എന്നും പറയാറുണ്ട്. ഭൂരിപക്ഷം ആളുകളുടെയും വായന ഈ വിഭാഗത്തിൽപ്പെടും. വസ്തുനിഷ്ഠമായ വായനയാണ് രണ്ടാമത്തേത്. കൃത്യതയും കണിശതയും ഇത്തരം വായനകൾ ആവശ്യപ്പെടുന്നു. ലക്ഷ്യോന്മുഖതയാണ് ഇവിടെ പ്രധാനം. സന്ദിഗ്ധതകളോ അവ്യക്തതകളോ അത് പ്രതീക്ഷിക്കുന്നില്ല. വസ്തുനിഷ്ഠമായ ഉത്തരങ്ങൾക്കുവേണ്ടിയുള്ള വായനയാണത്.
മത്സരപ്പരീക്ഷകൾക്ക് തയാറെടുക്കുന്നവർ ഇത്തരം വായനകളിലേക്കാണു വളരേണ്ടത്. നാനാവിഷയങ്ങളിൽ സാമാന്യമായ ധാരണയും പാഠ്യവിഷയങ്ങളിൽ ആഴത്തിലുള്ള അറിവും ആ വായന പ്രതീക്ഷിക്കുന്നു. വായിച്ചുകിട്ടുന്ന പുതിയ കാര്യങ്ങൾ കുറിച്ചുവയ്ക്കുന്ന ശീലം എഴുത്തിലേക്കുള്ള വഴികൾ തുറന്നുകിട്ടാൻ സഹായകമാകും.
ചെറുപ്പം മുതൽ വായനയുടെ ലോകത്ത് സഞ്ചരിച്ച രണ്ടു മഹാപ്രതിഭകളായിരുന്നു എൻ.വി. കൃഷ്ണവാര്യരും എസ്. ഗുപ്തൻ നായരും. “തിന്നാനൊന്നുമില്ലെങ്കിൽ വായിക്കാനൊരു പുസ്തകം തരൂ’’ എന്ന് അമ്മയോട് പറഞ്ഞ എൻ.വി.യും “വായിക്കാത്ത ഒരു ദിവസവും എന്റെ ജീവിതത്തിലില്ല’’ എന്നെഴുതിയ ഗുപ്തൻനായരും തങ്ങളുടെ അന്ത്യനിമിഷംവരെ വായനയെ ഹൃദയത്തോട് ചേർത്തുവച്ചവരാണ്. ഇവരാകട്ടെ നമ്മുടെ വായനവഴിയിലെ വെളിച്ചങ്ങൾ.
തയാറാക്കിയത്
ഡോ. ഡേവിസ് സേവ്യർ,
മലയാളം വിഭാഗം മേധാവി,
സെന്റ് തോമസ് കോളജ്, പാലാ