ഏതെങ്കിലും വിഷയത്തിൽ അംഗീകൃത ബിരുദം നേടുന്നവർക്ക് സിവിൽ സർവീസസ് പരീക്ഷ എഴുതാം. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽപ്പെട്ട ഭാഷയിലും (കേരളത്തിൽ മലയാളം) ഇംഗ്ലീഷിലും സാമാന്യപരിജ്ഞാനം ഉദ്യോഗാർഥികൾക്ക് ഉണ്ടായിരിക്കണം. അതിലേക്ക് 300 മാർക്ക് വീതമുള്ള രണ്ടു പരീക്ഷകളാണ് നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. പേപ്പർ എ മലയാളവും പേപ്പർ ബി ഇംഗ്ലീഷും.
മൂന്നു മണിക്കൂറിന്റെ ദൈർഘ്യം രണ്ട് പരീക്ഷയ്ക്കുമുണ്ട്. ഇവ രണ്ടും റാങ്കിംഗിന് പരിഗണിക്കുകയില്ലെങ്കിലും മിനിമം മാർക്ക് (30 ശതമാനം) നേടിയിരിക്കണം. എങ്കിലേ തുടർന്നുള്ള പരീക്ഷയ്ക്ക് പ്രസക്തിയുള്ളൂ.
കാലികപ്രാധാന്യമുള്ള വിഷയത്തെക്കുറിച്ച് ലഘു ഉപന്യാസം തയാറാക്കലാണ് ആദ്യപടി. 100 മാർക്കിന്റെ ഒരു ചോദ്യത്തിനോ അല്ലെങ്കിൽ 50 മാർക്കിന്റെ രണ്ടു ചോദ്യത്തിനോ ഉത്തരമെഴുതണം. പിന്നീട് വിശദമായ ഗദ്യഭാഗം നൽകുന്നു. അതിൽനിന്ന് പ്രസക്തമായ ആറു ചോദ്യങ്ങൾ ഉണ്ടാകും. ഓരോന്നിനും പത്തു മാർക്ക് വീതം. ആകെ 60 മാർക്ക്.
മൂന്നിലൊന്നായി സംഗ്രഹിക്കലാണ് അടുത്തപടി. നിർദേശിച്ച എണ്ണം വാക്കുകളിൽ കൂടുകയോ കുറയുകയോ ചെയ്താൽ മാർക്ക് കുറയ്ക്കും എന്നൊരു സൂചന പലപ്പോഴും കാണാറുണ്ട്. ചിലപ്പോൾ സംഗ്രഹണത്തിനായി പ്രത്യേകം നൽകിയിട്ടുള്ള പേപ്പർ ഉപയോഗിക്കുക എന്നും നിർദേശിക്കാം. സംഗ്രഹിക്കലിന് ആകെ മാർക്ക് 60.
മലയാളത്തിൽനിന്ന് ഇംഗ്ലീഷിലേക്കും തിരിച്ചുമുള്ള പരിഭാഷയാണ് അടുത്ത ഇനം. നൽകിയിട്ടുള്ള ഖണ്ഡികയുടെ സ്വഭാവമനുസരിച്ച് പദാനുപദ വിവർത്തനമോ അനുഗത വിവർത്തനമോ ആശയവിവർത്തനമോ ആകാം. രണ്ടിനുംകൂടി 40 മാർക്ക്.
ഒടുവിൽ പദ, വാക്യങ്ങളിലെ തെറ്റുതിരുത്തൽ, വാക്യത്തിൽ പ്രയോഗം, ആശയവിപുലനം, വിപരീതപദം, നാനാർഥം, സന്ധി തുടങ്ങിയ വിഭാഗങ്ങളിലായി 40 മാർക്കിന്റെ ഏതാനും ചോദ്യങ്ങളുണ്ടാകും. അങ്ങനെ ആകെ 300 മാർക്കിന്റെ ചോദ്യങ്ങളാണ് കന്പൽസറി മലയാളത്തിലുള്ളത്.
തെറ്റില്ലാതെ മലയാളം കൈകാര്യം ചെയ്യാനുള്ള സാമാന്യപരിചയം ഈ പരീക്ഷ ലക്ഷ്യമാക്കുന്നു. അല്പം കരുതലോടെ സമീപിച്ചില്ലെങ്കിൽ കന്പൽസറി മലയാളത്തിന് പരാജയപ്പെടാം. പലരും തോറ്റ ചരിത്രമുണ്ട് എന്ന വസ്തുത അനുഭവപാഠമാകണം.
തയാറാക്കിയത്:
ഡോ. ഡേവിസ് സേവ്യർ,
മലയാളം വിഭാഗം മേധാവി,
സെന്റ് തോമസ് കോളജ്, പാലാ