വിദ്യാർഥികളിൽ നിർലീനമായ ഭാഷാനൈപുണികൾ വെളിപ്പെട്ടുകിട്ടാൻ പല മാർഗങ്ങളുണ്ട്. അക്കൂട്ടത്തിൽപ്പെടുന്ന ഒരു സാഹിത്യാഭ്യാസമാണ് ആശയവിപുലനം. ചിന്താശക്തിയും പ്രതിപാദന സാമർഥ്യവും അളക്കാൻ ഉതകുന്ന ഒരു പരീക്ഷാസന്പ്രദായംകൂടിയാണത്.
സംഗ്രഹത്തിന്റെ വിപരീതമാണ് വിപുലനം എന്നു തോന്നാം. എന്നാൽ വസ്തുത അങ്ങനെയല്ല. ആപ്തവാക്യങ്ങളോ കാവ്യശകലങ്ങളോ പഴമൊഴികളോ സൂക്തങ്ങളോ തന്ന് ആശയം ചോർന്നുപോകാതെ വിവരിക്കലാണു വിപുലനം എന്നതുകൊണ്ട് അർഥമാക്കുന്നത്. കുറച്ചുപറഞ്ഞ് കൂടുതൽ ധ്വനിപ്പിക്കലാണ് ആശയവിപുലനത്തിന്റെ അടിസ്ഥാന ധർമം.
തന്നിരിക്കുന്ന മൂലവാക്യം വായിച്ച് വാച്യം ഗ്രഹിക്കലാണ് ആശയവിപുലനത്തിന്റെ ആദ്യപടി. മൂലവാക്യതത്ത്വം മനസിലാക്കിക്കഴിഞ്ഞാൽ കേന്ദ്രാശയം ചോർന്നുപോകാതെ പടിപടിയായി വിവരിക്കാൻ കഴിയണം. വിശദീകരണത്തിന് ഉദാഹരണങ്ങളും തെളിവുകളും യുക്തികളും സന്ദർഭാനുഗുണം സംക്ഷിപ്തമായി പ്രയോഗിക്കാം. എന്നാൽ, വിവരണം അതിവിസ്തൃതമാകാതെ ശ്രദ്ധിക്കുകയും വേണം. വിഷയ പരിധിയിൽനിന്ന് അകന്നുപോകാതെ എഴുതി ഫലിപ്പിക്കുന്നിടത്താണ് ആശയവിപുലനത്തിന്റെ മർമം അടങ്ങിയിരിക്കുന്നത്.
ആശയവിപുലനത്തിനു നൽകുന്ന “സൂക്തങ്ങൾ’’ ധ്വനിപ്രധാനമായിരിക്കും. ആന്തരാർഥം ഉൾക്കൊള്ളുന്ന ആശയസംഹിത വ്യക്തമാക്കിയാൽ വിപുലനമായി. എഴുതിയും തിരുത്തിയുമുള്ള പരിശീലനം “ആശയവിപുലനം’’ ആവശ്യപ്പെടുന്നുണ്ട്. അക്ഷരശുദ്ധി, പദശുദ്ധി, വാക്യശുദ്ധി, വൈചിത്ര്യം, ചിഹ്നം മുതലായവയിൽ ശ്രദ്ധയൂന്നി തെറ്റില്ലാതെ ആവിഷ്കരിക്കുന്പോൾ ആശയവിപുലനത്തിന്റെ ശക്തിയും സൗന്ദര്യവും വെളിപ്പെടും.
“കഴിയുന്നതും കുറച്ചക്ഷരംകൊണ്ട് കാര്യം വെടിപ്പായി പറയുക എന്നതാണ് ഭാഷയുടെ പ്രയോജനവും ജീവനും’’ എന്ന് ‘മലയാള ശൈലി’ക്കാരനായ കുട്ടിക്കൃഷ്ണ മാരാർ നിരീക്ഷിച്ചതിൽ ആശയസംഗ്രഹണത്തിന്റെയും വിപുലനത്തിന്റെയും തത്ത്വം ഒളിഞ്ഞിരിപ്പുണ്ട്. എഴുതുന്ന ആൾ വിവക്ഷിക്കുന്നതു വായിക്കുന്ന ആൾ ഗ്രഹിക്കണമെങ്കിൽ തെളിമയോടെ ആശയങ്ങൾ ആവിഷ്കരിക്കാൻ കഴിയണം. സംഗ്രഹണവും വിപുലനവും പരിശീലിച്ച് സ്വായത്തമാക്കേണ്ട മികവുകളാണ്.
തയാറാക്കിയത്:
ഡോ. ഡേവിസ് സേവ്യർ,
മലയാളം വിഭാഗം മേധാവി,
സെന്റ് തോമസ് കോളജ്, പാലാ