സിവിൽ സർവീസസിന്റെ എഴുത്തുപരീക്ഷയിൽ (മെയിൻ) ഒന്പത് പേപ്പറുകൾ ഉണ്ട്. ആദ്യത്തെ രണ്ട് പേപ്പറുകൾ റാങ്കിംഗിന് പരിഗണിക്കുകയില്ല. ബാക്കിയുള്ള ഏഴു പേപ്പറുകളാണ് എഴുത്തുപരീക്ഷയിൽ നിർണായകം. 250 മാർക്ക് വീതമുള്ള ഏഴ് വിഷയങ്ങളിൽ ഒടുവിലത്തെ രണ്ടെണ്ണം ഐച്ഛിക വിഷയത്തിന് നീക്കിവച്ചിരിക്കുന്നു.
അസമീസ്, ബംഗാളി, ബോഡോ, ഡോഗ്രി, ഗുജറാത്തി, ഹിന്ദി, കന്നട, കശ്മീരി, കൊങ്കണി, മൈഥിലി, മലയാളം, മണിപ്പൂരി, മറാത്തി, നേപ്പാളി, ഒഡിയ, പഞ്ചാബി, സംസ്കൃതം, സാന്താലി, സിന്ധി, തമിഴ്, തെലുങ്ക്, ഉറുദു, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ ഏതെങ്കിലുമൊന്ന് ഐച്ഛികവിഷയമായി തെരഞ്ഞെടുക്കാം. സാഹിത്യപഠനം എന്ന വിഭാഗത്തിലാണ് ഇവ പെടുന്നത്.
ആകെയുള്ള 1750 മാർക്കിൽ 500 മാർക്ക് ഐച്ഛിക വിഷയത്തിന് മാറ്റിവച്ചിരിക്കുന്നു. 250 മാർക്ക് വീതമുള്ള രണ്ടു പേപ്പറുകൾ പഠിക്കണം. ഓരോരുത്തർക്കും അവരവരുടെ ഇഷ്ടത്തിനനുസരിച്ച് ഐച്ഛികവിഷയം നിശ്ചയിക്കാം. മാതൃഭാഷ ഐച്ഛികമായി തെരഞ്ഞെടുക്കാമെന്നത് പഠനത്തെ ഏറെ സുഗമമാക്കും.
മലയാളം ഐച്ഛികത്തിന്റെ ഒന്നാം പേപ്പറിൽ രണ്ടു വിഭാഗങ്ങളും ആറു യൂണിറ്റുകളും ഉണ്ട്. ഭാഷയുടെയും സാഹിത്യത്തിന്റെയും ഉദയവികാസ പരിണാമങ്ങളാണ് ഒറ്റവാക്കിൽ പറഞ്ഞാൽ സിലബസിന്റെ ഉള്ളടക്കം. കാലാകാലങ്ങളായി രൂപപ്പെട്ട സിദ്ധാന്തങ്ങളും മതഭേദങ്ങളും സവിസ്തരം പഠിക്കണം. ഭാഷയുടെയും സാഹിത്യത്തിന്റെയും വിവിധ രൂപങ്ങളെക്കുറിച്ചുള്ള സങ്കേത പഠനങ്ങളും സിലബസിന്റെ ഭാഗമാണ്.
രണ്ടാം പേപ്പറിലും രണ്ടു വിഭാഗവും ആറ് യൂണിയനുകളും ഉണ്ട്. ഭാഷാസാഹിത്യങ്ങളുടെ ആരംഭകാലം മുതൽ ആധുനികകാലംവരെ ഉണ്ടായിട്ടുള്ള കൃതിഭാഗങ്ങളോ കൃതികളോ ആണ് പഠിക്കേണ്ടത്.
കവിതയും കഥയും നോവലും നാടകവും ജീവചരിത്രവും ആത്മകഥയും വിമർശനവും എല്ലാം അതിൽ ഉൾപ്പെടും. കാലഘട്ടം തിരിച്ച് ഓരോ കാലഘട്ടത്തിലും സംഭവിച്ചിട്ടുള്ള രൂപ-ഭാവ വ്യതിയാനങ്ങൾ സൂക്ഷ്മമായി മനസിലാക്കണം. പഠിതാവിന്റെ ആസ്വാദനശേഷിയും വിശകലന സാമർഥ്യവും വിമർശനപാടവവും പരീക്ഷിക്കപ്പെടും. ആശയങ്ങൾ അടുക്കോടും ചിട്ടയോടുംകൂടി എഴുതി ഫലിപ്പിക്കാനും കഴിയണം.
സാഹിത്യചരിത്രത്തിലൂന്നിയാണ് രണ്ടു പേപ്പറുകളിലെയും സിലബസ് ക്രമീകരിച്ചിരിക്കുന്നത്. ഒന്ന് ഒഴിവാക്കി മറ്റൊന്ന് പഠിക്കാനാവില്ല. ഭാഷയിലും സാഹിത്യത്തിലും സാമാന്യപരിജ്ഞാനം ഉണ്ടാവാൻ ഈ സിലബസ് പ്രയോജനപ്പെടും. ശാസ്ത്രപഠനത്തിന്റെ ഭാഷയിൽ പറഞ്ഞാൽ പേപ്പർ ഒന്ന് തിയറിയും പേപ്പർ രണ്ട് പ്രാക്ടിക്കലും.
തയാറാക്കിയത്:
ഡോ. ഡേവിസ് സേവ്യർ,
മലയാളം വിഭാഗം മേധാവി,
സെന്റ് തോമസ് കോളജ്, പാലാ