ഒന്നിനു പകരം മറ്റൊരു വാക്ക് തെറ്റായി ഉപയോഗിക്കുന്ന പ്രവണത നാൾക്കുനാൾ വർധിച്ചുവരുന്നു. അർഥമറിയാതെ പ്രയോഗിക്കുന്ന വാക്കുകളുടെ വിവക്ഷിതം അപ്പാടെ മാറിപ്പോകാം. എല്ലാത്തരം മത്സരപ്പരീക്ഷകളിലും തെറ്റിദ്ധാരണാജനകമായ ഏതാനും വാക്കുകൾ ചോദ്യവിഭാഗത്തിലുണ്ടാകും. അവധാനത്തോടെ വാക്കുകൾ തമ്മിലുള്ള അർത്ഥവ്യത്യാസം മനസിലാക്കേണ്ടതുണ്ട്. ഉച്ചാരണ സാമ്യം, അർത്ഥം മാറിപ്പോകാൻ കാരണമാകുന്നു. അങ്ങനെയുള്ള ഏതാനും പദങ്ങളെ പരിചയപ്പെടാം.
അർത്ഥം വേണ്ടിടത്ത് അർധം ഉപയോഗിക്കുന്പോൾ വിവക്ഷിതം മാറിപ്പോകുന്നു. ‘അർത്ഥം’ ഒരു വാക്കിന്റെയോ പ്രവൃത്തിയുടെയോ താത്പര്യമാണെങ്കിൽ ‘അർധം’ പകുതിയാണ്. ലക്ഷ്യം എന്ന അർത്ഥംവരുന്ന ഉദ്ദേശ്യത്തിനു പകരം ഉദ്ദേശം ഉപയോഗിച്ചാൽ ഏകദേശമെന്ന അർത്ഥം ലഭിക്കും. അതല്ലല്ലോ ഉദ്ദേശ്യം.
ഗൃഹം വീടാണെങ്കിൽ ഗ്രഹം ഗോളമാണ്. ഗൃഹിണി വീട്ടമ്മയും ഗ്രഹണി ഉദരരോഗവും. ചിഹ്നം എന്ന അടയാളത്തെ ആനയുടെ ചിന്നം വിളിക്കു പകരം വയ്ക്കരുത്. പ്രചരണം പ്രചരിക്കലും പ്രചാരണം പ്രചരിപ്പിക്കലുമാണെന്ന് മനസിലാക്കിയവർ പ്രചരണയോഗം എന്നു പറയില്ല. പ്രചാരണയോഗം എന്നേ പറയൂ. ആശയപ്രചാരണത്തെ ആശയപ്രചരണമാക്കരുത്. ആശയം സ്വയം പ്രചരിക്കുകയില്ല എന്നു ന്യായം.
വ്രതത്തോടെ ഭർത്തൃപൂജ നടത്തുന്ന പതിവ്രതയെ പതിവൃതയാക്കിയാൽ പതികളാൽ ചുറ്റപ്പെട്ടവളാകും. ചുറ്റും ഭർത്താക്കന്മാർ ഉള്ളവൾ എന്നർത്ഥവും വരും. ഒരുപക്ഷേ പാഞ്ചാലിയെക്കുറിച്ചു പറയുന്പോൾ പതിവൃത ശരിയാകാം. ലോഭമെന്നാൽ കൊതിയോ പിശുക്കോ ആണ്. അതിനെ കുറവ് എന്നർഥമുള്ള ലോപമാക്കരുത്. ലോപസന്ധിയാകാം. ലോഭസന്ധി എന്നൊന്നില്ലല്ലോ. ക്ഷണത്തിനു വിളിയെന്നും ക്ഷണനത്തിന് വധമെന്നും അർത്ഥം. താങ്കളെ ഇന്നദിവസം വധിക്കും എന്നാണ് കത്തിന്റെ ഉള്ളടക്കമെങ്കിൽ ക്ഷണനക്കത്ത് എന്നെഴുതാം. വിളിക്കാനാണെങ്കിൽ ക്ഷണക്കത്തു മതി.
പക്ഷപാതത്തിന് ഒരു പക്ഷത്തോടുള്ള ചായ്വ് എന്നും പക്ഷവാതത്തിന് തളർച്ചരോഗമെന്നും പക്ഷവാദത്തിന് പക്ഷംചേർന്നു വാദിക്കൽ എന്നും വിവക്ഷിതങ്ങൾ. ഇവ പരസ്പരം മാറിപ്പോയാലുണ്ടാകുന്ന അപകടം ഉൗഹിക്കാമല്ലോ. പന്ഥാവ് എന്നാൽ വഴി. പന്ഥാവ് ജീവിതത്തോടു ചേരുന്പോൾ ജീവിതപഥമാകും. താരാപന്ഥാവും ഭാഷയെ ശരിയായ പന്ഥാവിലേക്കു നയിക്കുന്നില്ല. താലവൃന്തം വിശറിയാണെന്നും താലവൃന്ദം പനകളുടെ കൂട്ടമാണെന്നും മനസിലാക്കണം. ഇതറിയാതെ താലവൃന്ദത്തെ വീശാനെടുത്താൽ എന്താവും കഥ.
ഇങ്ങനെ തെറ്റിപ്പോകാനിടയുള്ള ഒട്ടേറെ വാക്കുകൾ ഭാഷയിലുണ്ട്. ഉച്ചാരണശുദ്ധിയിൽ സംഭവിക്കുന്ന വീഴ്ചകളാണ് സ്ഖലിതങ്ങൾക്ക് പലപ്പോഴും കാരണമാകുന്നത്. ശരിയായ ഉച്ചാരണവും ശരിയായ എഴുത്തും മത്സരപ്പരീക്ഷകൾ വിജയിക്കാൻ സഹായകമാകും.
തയാറാക്കിയത്:
ഡോ. ഡേവിസ് സേവ്യർ,
മലയാളം വിഭാഗം മേധാവി,
സെന്റ് തോമസ് കോളജ്, പാലാ