സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാകുന്പോൾ അന്യൂനമായ ഭാഷാബോധം ഒരു വിദ്യാർഥിക്ക് ഉണ്ടാകുന്നു. അതോടെ ഭാഷയിൽ സാമാന്യമായ അറിവു ലഭിച്ചുകഴിഞ്ഞു എന്നത്രേ വിശ്വാസം! എന്നാൽ, ഇന്നത്തെ സ്ഥിതി ബിരുദാനന്തര ബിരുദധാരികൾക്കു പോലും ഭാഷ ശരിയായി കൈകാര്യം ചെയ്യാൻ കഴിയുന്നില്ല എന്നതാണ്.
തെറ്റുകൾ കൂടാതെ പദങ്ങളോ വാക്യങ്ങളോ എഴുതാൻ പലരും ബുദ്ധിമുട്ടുന്നു. ഇതിനുള്ള ഏക പരിഹാരം ശരിയായ ഉച്ചാരണവും നിരന്തരമായ വായനയും എഴുതിയുള്ള പരിശീലനവുമാണ്.
വായനയിൽ ഒന്നാം സ്ഥാനം നല്കേണ്ടത് പത്രപാരായണത്തിനാണ്. ദൈനംദിന കാര്യങ്ങൾ അറിയുക മാത്രമല്ല പത്രവായനയുടെ ധർമം. ഒരു സംഭവത്തിന്റെ വസ്തുനിഷ്ഠമായ അവതരണവും അതിൽ പ്രധാനമാണ്. ആശയത്തെ ആവിഷ്കരിക്കാൻ തെരഞ്ഞെടുത്തിരിക്കുന്ന വാക്കുകൾ, അവ ഉപയോഗിച്ചുള്ള വാക്യങ്ങൾ, അവ ചേർന്നുവരുന്ന ഖണ്ഡികകൾ എല്ലാം ചേർന്ന് ആശയത്തെ നിയന്ത്രിക്കുന്നു. ഇങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ചുള്ള അന്വേഷണവും പത്രപാരായണത്തിന്റെ പരിധിയിൽപ്പെടും. ഘടകാപഗ്രഥന വായന എന്നതിനെ വിളിക്കാം.
ഒരു സംഭവം വിവിധ തരത്തിൽ എങ്ങനെ റിപ്പോർട്ട് ചെയ്യും എന്നറിയാൻ പല പത്രങ്ങൾ വായിച്ചാൽ മതിയാകും. കാഴ്ചകോണുകൾ ആശയത്തെ നിയന്ത്രിക്കുന്നതെങ്ങനെയെന്ന് സൂക്ഷ്മവായനയിൽനിന്ന് മനസിലാക്കാം. ഒരു വാർത്ത പലവിധം ആശയം ചോരാതെ ആവിഷ്കരിക്കാമെന്നിരിക്കേ, അനേകം സാധ്യതകൾ ഉണ്ട് എന്ന തിരിച്ചറിവാണ് എഴുത്തിന്റെ വഴി തുറന്നുകിട്ടാൻ സഹായകമാകുന്നത്.
ഓരോ പത്രത്തിന്റെയും കാഴ്ചപ്പാടുകൾ എഡിറ്റോറിയൽ കോളത്തിൽ പ്രത്യക്ഷപ്പെടും. പല പത്രങ്ങളുടെ എഡിറ്റോറിയൽ വായിക്കുന്നത് ശീലമാക്കണം. സ്വന്തമായ കാഴ്ചപ്പാടുകൾ രൂപപ്പെടാൻ എഡിറ്റോറിയലുകൾ സഹായിക്കും. സാവധാനം സ്വന്തം വീക്ഷണവഴികളിലേക്ക് വളരാൻ ഇത്തരം വായനകളെ പ്രയോജനപ്പെടുത്താം. സമൂഹമാധ്യമങ്ങളുടെ കടന്നുവരവ് അച്ചടിമാധ്യമങ്ങളുടെ പ്രാധാന്യം കുറച്ചു എന്നു തോന്നാമെങ്കിലും തെറ്റില്ലാതെ വാക്യമെഴുതുന്നതിലും ആശയം ആവിഷ്കരിക്കുന്നതിലും അച്ചടിമാധ്യമങ്ങൾത്തന്നെയാണ് മുൻപന്തിയിൽ നിൽക്കുന്നത്.
മൂന്നരക്കോടി ആളുകളുള്ള കേരളത്തിൽ പ്രതിദിനം അച്ചടിക്കപ്പെടുന്നത് അറുപത് ലക്ഷത്തോളം പത്രങ്ങളാണ്. ആറിലൊരാൾക്ക് ഒരു പത്രം എന്നു പറയാം. കുട്ടികളെ ഒഴിവാക്കിയാൽ അഞ്ചിലൊന്ന്. ലോകത്തിലെ ഏറ്റവും ഉയർന്ന പത്രസാന്ദ്രതയായി ഇതിനെ കണക്കാക്കാം.
തയാറാക്കിയത്:
ഡോ. ഡേവിസ് സേവ്യർ,
മലയാളം വിഭാഗം മേധാവി,
സെന്റ് തോമസ് കോളജ്, പാലാ