സിവിൽസർവീസിന്റെ എഴുത്തുപരീക്ഷയിൽ അവധാനതയോടെ പഠിക്കേണ്ട വിഷയമാണ് കന്പൽസറി മലയാളം. വ്യാകരണ വിഭാഗത്തിൽ നിന്നുള്ള അടിസ്ഥാന കാര്യങ്ങൾ ചോദ്യത്തിലുണ്ടാകും. പദശുദ്ധി, വാക്യശുദ്ധി, ലിംഗവ്യവസ്ഥ, സന്ധി, സമാസം, നാനാർഥം, പര്യായപദം, വിപരീതപദം എന്നീ വിഭാഗങ്ങളിൽനിന്ന് നിർബന്ധമായി ചോദ്യങ്ങളുണ്ടാകും. ഭാഷയിലെ അടിസ്ഥാന വിവരങ്ങൾ ലഭ്യമാക്കുന്ന ഗ്രന്ഥങ്ങളുടെ സഹായത്തോടെ മുൻവർഷങ്ങളിലെ ചോദ്യോത്തരങ്ങൾ പരിശീലിക്കുന്നത് ഏറെ ഫലപ്രദം.
2019 ഒക്ടോബറിൽ നടന്ന പരീക്ഷയിലെ കന്പൽസറി മലയാളത്തിനു ചോദിച്ച ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും പരിചയപ്പെടാം.
സന്ധിവിഭാഗത്തിൽ നിന്ന് രണ്ടു മാർക്ക് വീതമുള്ള അഞ്ച് ചോദ്യങ്ങൾ: രാക+ഇന്ദു= രാകേന്ദു; അഭി+സേകം=അഭിഷേകം; കണ്+നീർ=കണ്ണീർ; അണു+ആയുധം=അണ്വായുധം; തീ+കനൽ = തീക്കനൽ. കണ്ണീർ, തീക്കനൽ എന്നിവയിൽ മലയാള സന്ധിയും മറ്റുള്ളവയിൽ സംസ്കൃത സന്ധി നിയമവുമാണ് പ്രവർത്തിക്കുന്നത്. സംസ്കൃതത്തിലെയും മലയാളത്തിലെയും അടിസ്ഥാന സന്ധികാര്യങ്ങൾ മനസിലാക്കിയാലേ ഇത്തരം ചോദ്യങ്ങൾക്കു ശരിയായ ഉത്തരം എഴുതാനാകൂ.
അഞ്ച് പുല്ലിംഗ ശബ്ദങ്ങളുടെ സ്ത്രീലിംഗ രൂപങ്ങൾ രണ്ടാം വിഭാഗത്തിൽ കണ്ടെത്തണം. ശാസ്ത്രി - ശാസ്ത്രിണി; ജേതാവ് - ജേത്രി; കാമരൂപൻ - കാമരൂപിണി; തസ്കരൻ - തസ്കരി; വിദ്വാൻ - വിദുഷി. ഓരോ ഉത്തരത്തിനും രണ്ടു മാർക്ക് വീതം. സംസ്കൃത പുല്ലിംഗ ശബ്ദങ്ങളാണ് സ്ത്രീലിംഗരൂപ നിർമിതിക്കു നൽകിയിട്ടുള്ളത് എന്ന വസ്തുത പ്രത്യേകം ശ്രദ്ധിക്കുക.രണ്ട് മാർക്ക് വീതമുള്ള “തെറ്റുണ്ടെങ്കിൽ തിരുത്തുക’’ എന്ന വിഭാഗത്തിലും അഞ്ച് പദങ്ങൾ നൽകിയിട്ടുണ്ട്. “തെറ്റുണ്ടെങ്കിൽ തിരുത്തുക” എന്ന നിർദേശത്തിൽ നിന്ന് തെറ്റില്ലാത്ത പദങ്ങളും ചോദ്യകർത്താവ് നൽകാനിടയുണ്ട് എന്ന് സൂചിപ്പിച്ചിരിക്കുന്നു.
മഠയൻ, ആരൂഢം, മോദിരം, ന്യായാഥിപൻ, മൃത്യുജ്യം എന്നീ തെറ്റായ രൂപങ്ങളുടെ ശരികൾ യഥാക്രമം മടയൻ, ആരൂഢം, മോതിരം, ന്യായാധിപൻ, മൃത്യുഞ്ജയം എന്നിവയാണ്. ആരൂഢം എന്ന ശുദ്ധരൂപത്തെ തെറ്റുകളുടെ പട്ടികയിൽപെടുത്തിയിരിക്കുന്നു. അത് തിരിച്ചറിയാൻ പരീക്ഷാർഥിക്ക് കഴിയുന്നുണ്ടോ എന്നാണ് അതുകൊണ്ട് ലക്ഷ്യമാക്കുന്നത്. ആരൂഢത്തിന് കരേറിയത്, വർധിച്ചത്, ഉയർച്ച, പദവി എന്നെല്ലാം അർഥങ്ങൾ.
ഒരുക്കമില്ലാതെയും ഉദാസീനതയോടെയും ഒരു പരീക്ഷയെയും സമീപിക്കരുത്. പരീക്ഷയുടെ സ്വഭാവമനുസരിച്ച് കൃത്യമായ ആസൂത്രണവും പരിശീലന പദ്ധതികളും സമയബന്ധിതമായി പൂർത്തിയാക്കണം.
തയാറാക്കിയത്:
ഡോ. ഡേവിസ് സേവ്യർ,
മലയാളം വിഭാഗം മേധാവി,
സെന്റ് തോമസ് കോളജ്, പാലാ