എഴുതുന്നതുപോലെ ഉച്ചരിക്കാവുന്നതും ഉച്ചരിക്കുന്നതുപോലെ എഴുതാവുന്നതുമായ ഭാഷയാണ് മലയാളം. അക്ഷരമാലയും ഉപലിപികളും ശരിയായി ഗ്രഹിച്ചാൽ എഴുത്തിലെ തെറ്റ് ഒഴിവാകും. ശരിയായ ഉച്ചാരണവും നിരന്തരമായ വായനയും തെറ്റുകൂടാതെ എഴുതാനുള്ള അഭ്യാസമാകുന്നു.
ഉച്ചാരണ വൈകല്യം, അജ്ഞത, അശ്രദ്ധ എന്നിവ മൂലമാണ് സ്ഖലിതങ്ങൾ വന്നുകൂടുന്നത്. എല്ലാത്തരം മത്സരപരീക്ഷകളിലും ഒരു വിഭാഗം "തെറ്റു തിരുത്തൽ’ ആണ്. പതിവായി ചോദിക്കുന്ന തെറ്റായ രൂപങ്ങളും അവയുടെ ശരികളും ഈ ലക്കം പരിചയപ്പെടാം.
ആദ്യം തെറ്റ് പിന്നെ ശരി എന്ന ക്രമത്തിൽ താഴെ കൊടുക്കുന്നു. അജ്ഞലി-അഞ്ജലി, അടിമത്വം-അടിമത്തം, അഥിതി-അതിഥി, അന്തക്കരണം-അന്തഃകരണം, അസന്നിഗ്ദ്ധം-അസന്ദിഗ്ദ്ധം, ഇങ്ങിനെ-ഇങ്ങനെ, ഇച്ച-ഇച്ഛ, ഉൽഘാടനം-ഉദ്ഘാടനം, ഉയർപ്പ്-ഉയിർപ്പ്, ഐശ്ചികം-ഐച്ഛികം, കനിഷ്ടൻ-കനിഷ്ഠൻ, കർക്കിടകം-കർക്കടകം, കവിയിത്രി-കവയിത്രി, കല്ല്യാണം-കല്യാണം, കുടിശിഖ-കുടിശിക, ഗരുഢൻ-ഗരുഡൻ, ചിലവ്-ചെലവ്, ദാമോധരൻ-ദാമോദരൻ, ദിനപ്പത്രം-ദിനപത്രം, നിരൂപകൻ-നിരൂപിക, നിശബ്ദം-നിശ്ശബ്ദം, പക്ഷെ-പക്ഷേ, പിന്നോക്കം-പിന്നാക്കം, പ്രവർത്തി-പ്രവൃത്തി, പ്രാരാബ്ധം-പ്രാരബ്ധം, യോഗാദിനം-യോഗദിനം, രാപ്പകൽ-രാപകൽ, ലേഖകൻ-ലേഖിക, വാൽമീകി-വാല്മീകി, വൃച്ഛികം-വൃശ്ചികം, ഓട്ട്-വോട്ട്, വിത്യസ്തം-വ്യത്യസ്തം, വൃണം-വ്രണം, ശദാബ്ധി-ശതാബ്ദി, ശിശ്രൂഷ-ശുശ്രൂഷ, സൽക്കാരം-സത്കാരം, സമകാലീനൻ-സമകാലികൻ, സാമ്രാട്ട്-സമ്രാട്ട്, സാധാരണയായി-സാധാരണമായി, സായൂജ്യം-സായുജ്യം, സ്വൈര്യം-സ്വൈരം, സ്വയരക്ഷ-സ്വയംരക്ഷ, സ്വർണ്ണപണയം-സ്വർണപ്പണയം, സൗഷ്ടവം-സൗഷ്ഠവം, ഹാർദവം-ഹാർദം, ഹൃദം-ഹ്രദം, ഹൃസ്വം-ഹ്രസ്വം.
സംസ്കൃതം ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിൽനിന്നു തദ്സമയമായും തദ്ഭവമായും ഒട്ടേറെ വാക്കുകൾ മലയാളം കടംകൊണ്ടിട്ടുണ്ട്. അവയെക്കുറിച്ചുള്ള സാമാന്യ പരിചയം പദശുദ്ധിക്ക് ആവശ്യമാണ്. തെറ്റില്ലാതെ ഉച്ചരിക്കാനായാലേ തെറ്റില്ലാതെ എഴുതാനാവൂ. സ്വാഭാവികമായി ആർജിക്കുന്ന പദശുദ്ധി മത്സരപ്പരീക്ഷകളുടെ വിജയത്തിന് അനിവാര്യമത്രേ.
തയാറാക്കിയത്:
ഡോ. ഡേവിസ് സേവ്യർ,
മലയാളം വിഭാഗം മേധാവി,
സെന്റ് തോമസ് കോളജ്, പാലാ