നോൺ കോമ്പാറ്റൻഡ്
ഇന്ത്യൻ എയർഫോഴ്സിൽ അഗ്നിവീർ വായു നോൺ കോമ്പാറ്റൻഡ് (01/2025) തെരഞ്ഞെടുപ്പിന് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ പുരുഷന്മാർക്ക് അപേക്ഷിക്കാം. ഹോസ്പിറ്റാലിറ്റി സ്ട്രീമിലും ഹൗസ്കീപ്പിംഗ് സ്ട്രീമിലുമായിരിക്കും നിയമനം.
വിദ്യാഭ്യാസ യോഗ്യത: പത്താം ക്ലാസ് വിജയം/ തത്തുല്യം. പ്രായം: 2004 ജനുവരി രണ്ടിനും 2007 ജൂലൈ രണ്ടിനും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ). എന്റോൾമെന്റ് സമയത്ത് 21 കവിയരുത്.
ശമ്പളം: നാല് വർഷത്തെ സർവീസിൽ ആദ്യവർഷം 30,000 രൂപ, രണ്ടാംവർഷം 33,000 രൂപ, മൂന്നാംവർഷം 36,000 രൂപ, അവസാനവർഷം 40,000 രൂപ എന്നിങ്ങനെയാണ് പ്രതിമാസം ശമ്പളം. ഇതിൽ ആദ്യ വർഷം 9,000 രൂപയും രണ്ടാംവർഷം 9,900 രൂപയും മൂന്നാംവർഷം 10,950 രൂപയും അവസാനവർഷം 12,000 രൂപയും കോർപസ് ഫണ്ടിലേക്ക് മാറ്റും.
ഇങ്ങനെ മാറ്റിവയ്ക്കുന്ന തുകയും സർക്കാർ അനുവദിക്കുന്ന തുല്യമായ തുകയും ചേർത്തുള്ള 10.04 ലക്ഷം രൂപ സേവാനിധിയിൽ സമ്പാദ്യമായി ഉണ്ടാകും.
പരീക്ഷ: എഴുത്തുപരീക്ഷ.കായികക്ഷമതാപരീക്ഷ, സ്ട്രീം സ്യൂട്ടബിലിറ്റി ടെസ്റ്റ് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ്. അപേക്ഷ അയച്ച വായുസേനാ സ്റ്റേഷൻ സ്ഥലത്ത് പരീക്ഷാകേന്ദ്രമുണ്ടായിരിക്കും.
സിബിഎസ്ഇ പത്താംക്ലാസ് അടിസ്ഥാനമാക്കിയുള്ള ജനറൽ ഇംഗ്ലീഷ്, പൊതു വിജ്ഞാനം എന്നിവയിൽനിന്നായിരിക്കും ചോദ്യങ്ങൾ. ഓരോ വിഷയത്തിനും 10 വീതം ആകെ 20 മാർക്കാണുണ്ടാവുക. പരീക്ഷ വിജയിക്കാൻ കുറഞ്ഞത് 10 മാർക്കെങ്കിലും നേടണം. എഴുത്തുപരീക്ഷയ്ക്കുശേഷം കായികക്ഷമതാ പരീക്ഷയും മെഡിക്കൽ പരിശോധനയുമുണ്ടായിരിക്കും.
നിയമനം: ഓരോ അഗ്നിവീർ ബാച്ചിൽനിന്നും 25 ശതമാനം പേർക്കു വായുസേനയിലേക്ക് തെരഞ്ഞെടുക്കപ്പെടാൻ അവസരമുണ്ടായിരിക്കും. സേവനകാലത്ത് ആരോഗ്യപരിരക്ഷ, 48 ലക്ഷം രൂപയുടെ ലൈഫ് ഇൻഷ്വുറൻസ് തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കും.
അപേക്ഷ: സാധാരണ തപാലിൽ രാജ്യത്തെ വിവിധ സ്ഥലങ്ങളിലുള്ള 78 വായുസേനാ സ്റ്റേഷനുകളിൽ ഏതെങ്കിലുമൊന്നിന്റെ വിലാസത്തിലേക്ക് അയയ്ക്കാം. വിലാസം വെബ്സൈറ്റിൽ ലഭ്യമാണ്. കേരളത്തിൽ തിരുവനന്തപുരം ശംഖുമുഖം എയർഫോഴ്സ് സ്റ്റേഷനിലേക്കും ആക്കുളം സതേൺ എയർകമൻഡാന്റിന്റെ ആസ്ഥാനത്തേക്കും അപേക്ഷ അയയ്ക്കാം.
ഒരാൾ ഒരു അപേക്ഷ മാത്രമേ അയയ്ക്കാവൂ. പത്താംക്ലാസ്/മെട്രിക്കുലേഷൻ സർട്ടിഫിക്കറ്റ്, ഫോട്ടോ (നിർദേശിച്ചിരിക്കുന്ന മാതൃകയിൽ), അനുമതിപത്രം (18 വയസിൽ താഴെയുള്ളവർക്ക് രക്ഷിതാവിന്റേതായിരിക്കണം) എന്നിവ അപേക്ഷയോടൊപ്പം അയയ്ക്കണം.
വിശദവിവരങ്ങൾക്കുള്ള വെബ്സൈറ്റ്: https:// agnipathvayu.cdac.in.