പൊതുമേഖലാ ബാങ്കുകളിലെ പ്രൊബേഷണറി ഓഫീസർ (PO)/ മാനേജ്മെന്റ് ട്രെയിനി, സ്പെഷലിസ്റ്റ് ഓഫീസർ നിയമനത്തിനായി നടത്തുന്ന പൊതുപ്രവേശന പരീക്ഷയ്ക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ (ഐബിപിഎസ്) അപേക്ഷ ക്ഷണിച്ചു.
നിയമനപക്രിയയിൽ പങ്കെടുക്കുന്ന 11 ബാങ്കുകളിലായി പ്രൊബേഷണറി ഓഫീസർ (PO)/ മാനേജ്മെന്റ് ട്രെയിനി 4455 ഒഴിവുകളും 896 സ്പെഷലിസ്റ്റ് ഓഫീസർ ( SO) ഒഴിവുകളുമാണ് നിലവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒഴിവുകളുടെ എണ്ണം വർധിച്ചേക്കാം. വ്യത്യസ്ത വിജ്ഞാപനങ്ങളാണ്. ഓൺലൈൻ അപേക്ഷ ഓഗസ്റ്റ് 21 വരെ.
ബാങ്കുകളിൽ അവസരം
പൊതുമേഖലാ ബാങ്കുകളിലെ നിയമനത്തിനായി ഐബിപിഎസ് നടത്തുന്ന 14-ാമത് പൊതുപരീക്ഷയാണിത്. ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കാനറ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്, യൂക്കോ ബാങ്ക്, യൂണിയൻ ബാങ്ക് എന്നിവയിലാണ് അവസരം.
2025 -26 വർഷത്തെ ഒഴിവുകളിലേക്കാണ് തെരഞ്ഞെടുപ്പ്. ഐബിപിഎസ് പൊതുപരീക്ഷയിൽ നേടുന്ന സ്കോറിന്റെ അടിസ്ഥാനത്തിലാണ് പ്രാഥമിക തെരഞ്ഞെടുപ്പ്. തുടർന്നുള്ള മെയിൻ പരീക്ഷയിൽ ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെട്ടവരെ പ്രത്യേക കേന്ദ്രങ്ങളിൽ നടക്കുന്ന അഭിമുഖത്തിന് ക്ഷണിക്കും.
മെയിൻ പരീക്ഷയിലെ മാർക്കും അഭിമുഖത്തിലും ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ ലിസ്റ്റ് ചെയ്യപ്പെടുന്നവരെ ബാങ്കുകളിലേക്ക് അലോട്ട് ചെയ്യും. ഈ വിജ്ഞാപനപ്രകാരം 2026 മാർച്ച് 31 വരെ നിയമനം നടത്തും.
ക്രെഡിറ്റ് സ്കോർ: അപേക്ഷകർ മികച്ച ക്രെഡിറ്റ് ഹിസ്റ്ററി നിലനിറുത്തുന്നവരാകണം. അതതു ബാങ്കുകൾ നിർദേശിക്കുന്ന ക്രെഡിറ്റ് സ്കോർ നിയമനസമയത്ത് ആവശ്യമായി വരും.
പ്രൊബേഷണറി ഓഫീസർ
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം. 2024 ഓഗസ്റ്റ് 1 അടിസ്ഥാനമാക്കി യോഗ്യത കണക്കാക്കും. പ്രായം: 20-30. പട്ടിക വിഭാഗക്കാർക്ക് 10 വർഷം ഇളവ്. വിമുക്ത ഭടന്മാർക്കും നിയമാനുസൃത ഇളവ്. 2024 ഓഗസ്റ്റ് 1 അടിസ്ഥാനമാക്കി പ്രായം കണക്കാക്കും.
പരീക്ഷയും സിലബസും: പ്രിലിമിനറി, മെയിൻ എന്നിങ്ങനെ രണ്ടുഘട്ടമായാണ് ഓൺലൈൻ എഴുത്തു പരീക്ഷ. രണ്ടിനും ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളാണ്. പ്രിലിമിനറി പരീക്ഷ ഒക്ടോബറിൽ.
ഒരു മണിക്കൂർ പരീക്ഷയിൽ ഇംഗ്ലീഷ് ലാഗ്വേജ്, ക്വാണ്ടിറ്റി അപ്റ്റിറ്റ്യൂഡ്, റീസണിംഗ് എബിലിറ്റി വിഷയങ്ങളിൽനിന്നു ചോദ്യങ്ങളുണ്ടാകും. (ഓരോ വിഷയത്തിനും 20 മിനിറ്റ്, ആകെ നൂറു ചോദ്യം, 100 മാർക്ക്.) നെഗറ്റീവ് മാർക്കുണ്ട്.
മെയിൻ പരീക്ഷ നവംബറിൽ. മൂന്നു മണിക്കൂർ ദൈർഘ്യമുള്ള 200 മാർക്കിന്റെ ഒബ്ജക്ടീവ് ടൈപ്പ് പരീക്ഷയും 30 മിനിറ്റ് ദൈർഘ്യമുള്ള 25 മാർക്കിന്റെ ഇംഗ്ലീഷ് ലെറ്റർ റൈറ്റിംഗ് ആൻഡ് എസ്സേ പരീക്ഷയും ഉൾപ്പെടുന്നതാണ് മെയിൻ പരീക്ഷ.
സിലബസും വിശദാംശങ്ങളും വെബ്സൈറ്റിൽ. ഇന്റർവ്യുവിന് 100 മാർക്കുണ്ട്. ജനുവരി/ ഫെബ്രുവരി മാസങ്ങളിലാണ് ഇന്റർവ്യു. തുടർന്ന് ഏപ്രിലിൽ പ്രൊവിഷണൽ അലോട്ട്മെന്റ്.
പരീക്ഷാകേന്ദ്രങ്ങൾ: സംസ്ഥാനത്ത് ആല പ്പുഴ, കണ്ണൂർ, എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, മലപ്പു റം, പാലക്കാട് എന്നിവിടങ്ങളിലാണു പരീക്ഷാകേ ന്ദ്രം. മെയിൻ പരീക്ഷയ്ക്ക് എറണാകുളത്തും തി രുവനന്തപുരത്തും കോഴിക്കോടുമാണു കേന്ദ്രം.
അപേക്ഷാ ഫീസ്: 850 രൂപ. പട്ടികവിഭാഗം/ ഭിന്നശേഷിക്കാർക്ക് 175 രൂപ ഓൺലൈനിൽ ഫീസ് അടയ്ക്കാം. ഓൺലൈൻ അപേക്ഷ: www.ibps.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. അപേക്ഷാ നിർദേശങ്ങൾ വെബ്സൈറ്റിൽ.
സ്പെഷലിസ്റ്റ് ഓഫീസർ
തസ്തികകളും ഒഴിവും: അഗ്രികൾച്ചർ ഫീൽഡ് ഓഫിസർ (സ്കെയിൽ-1)-346, മാർക്കറ്റിംഗ് ഓഫീസർ (സ്കെയിൽ-1)-205, ഐടി ഓഫീസർ (സ്കെയിൽ-1)-170, ലോ ഓഫീസർ (സ്കെയിൽ-1)-125, രാജ്ഭാഷ അധികാരി (സ്കെയിൽ-1)-25. എച്ച്ആർ/പഴ്സനൽ ഓഫീസർ (സ്കെയിൽ-1)-25.
ബാങ്ക്, സംവരണം തിരിച്ചുള്ള ഒഴിവുകളുടെ എണ്ണം വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ.
തസ്തികയും യോഗ്യതയും
ഐടി ഓഫിസർ (സ്കെയിൽ-1): കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ ആപ്ലിക്കേഷൻസ്/ഐടി ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻസ് /ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എന്നിവയിൽ 4 വർഷ എൻജിനിയറിംഗ്/ടെക്നോളജി ബിരുദം അല്ലെങ്കിൽ ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ കംപ്യൂട്ടർ സയൻസ്/ കംപ്യൂട്ടർ ആപ്ലിക്കേഷൻസ്/ഐടി പിജി ബിരുദം അല്ലെങ്കിൽ ബിരുദവും DOEACC -B Level ജയവും.
അഗ്രികൾച്ചറൽ ഫീൽഡ് ഓഫീസർ (സ്കെയിൽ-1): അഗ്രികൾച്ചർ/ഹോർട്ടികൾച്ചർ അനിമൽ ഹസ്ബൻഡറി/വെറ്ററിനറി സയൻസ്/ഡെയറി സയൻസ്/ഫിഷറി സയൻസ്/പിസികൾചർ അഗ്രി മാർക്കറ്റിംഗ് ആൻഡ് കോഓർപറേഷൻ/കോഓർപറേഷൻ ആൻഡ് ബാങ്കിംഗ്/ അഗ്രോ ഫോറസ്ട്രി /ഫോ റസ്ട്രി /അഗ്രികൾച്ചറൽ ബയോടെക്നോളജി/ ബിടെക് ബയോടെക്നോളജി/ ഫുഡ് സയൻസ് /അഗ്രികൾച്ചറൽ ബിസിനസ് മാനേജ്മെന്റ്/ ഫുഡ് ടെക്നോളജി/ ഡെയറി ടെക്നോളജി/അഗ്രികൾച്ചറൽ എൻജിനിയറിംഗ്/ സെറികൾച്ചർ/ ഫിഷറീസ് എൻജിനിയറിംഗ് എന്നിവയിൽ നാലുവർഷ ബിരുദം.
രാജ്ഭാഷാ അധികാരി (സ്കെയിൽ-1): ബിരുദതലത്തിൽ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച് ഹിന്ദി ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ഹിന്ദിയും ഇംഗ്ലീഷും വിഷയമായി പഠിച്ചു സംസ്കൃതം പിജി ബിരുദം.
ലോ ഓഫീസർ (സ്കെയിൽ -1): നിയമബിരുദം (എൽഎൽബി). ബാർ കൗൺസിലിൽ അഡ്വക്കേറ്റായി എൻറോൾ ചെയ്തവരാകണം.
എച്ച്ആർ/പഴ്സണൽ ഓഫീസർ (സ്കെയിൽ-1): ബിരുദവും പഴ്സണൽ മാനേജ്മെന്റ്/ ഇൻഡസ്ട്രിയൽ റിലേഷൻസ്/എച്ച്ആർ/ എച്ച്ആർഡി/സോഷ്യൽ വർക്ക്/ ലേബർ ലോയിൽ 2 വർഷ ഫുൾ ടൈം പിജി ബിരുദം/പിജി ഡിപ്ലോമയും.
മാർക്കറ്റിംഗ് ഓഫീസർ (സ്കെയിൽ-1): ബിരുദവും 2 വർഷ ഫുൾ ടൈം എംഎംഎസ് (മാർക്കറ്റിംഗ്)/എംബിഎ (മാർക്കറ്റിംഗ്)/മാർക്കറ്റിംഗ് സ്പെഷലൈസേഷനോടെ ഫുൾ ടൈം 2 വർഷ പിജിഡിബിഎ/പിജിഡിബിഎം/പിജിപിഎം/പിജിഡിഎം യോഗ്യതയും.
മറ്റു മാനദണ്ഡങ്ങൾ
ഏതെങ്കിലും ഒരു തസ്തികയിലേക്കു മാത്രം അപേക്ഷിക്കുക. അപേക്ഷകർ കംപ്യൂട്ടർ പ്രവർത്തിപ്പിക്കാനും ഉപയോഗിക്കാനും അറിവുള്ളവരാകണം. ഐടി ഓഫീസർ ഒഴികെ തസ്തികകളിലെ അപേക്ഷകർക്കു കംപ്യൂട്ടർ ഓപ്പറേഷൻസ്/ലാംഗ്വേജിൽ സർട്ടിഫിക്കറ്റ്/ഡിപ്ലോമ/ഡിഗ്രി യോഗ്യത ഉണ്ടായിരിക്കണം അല്ലെങ്കിൽ ഹൈസ്കൂൾ/കോളജ്/ഇൻസ്റ്റിറ്റ്യൂട്ട് തലത്തിൽ കംപ്യൂട്ടർ/ഐടി ഒരു വിഷയമായി പഠിച്ചിരിക്കണം.
യോഗ്യത 2024 ഓഗസ്റ്റ് 21 അടിസ്ഥാനമാക്കി കണക്കാക്കും. അപേക്ഷകർ 20നും 30നും മധ്യേ പ്രായമുള്ളവരാകണം. പ്രായം 2024 ഓഗസ്റ്റ് 1 അടിസ്ഥാനമാക്കി കണക്കാക്കും. പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവ്. വിമുക്തഭടന്മാർക്കു നിയമാനുസൃത ഇളവ്.
പരീക്ഷയും സിലബസും
പ്രിലിമിനറി ഓൺലൈൻ എഴുത്തുപരീക്ഷ നവംബറിൽ നടത്തും. ലോ ഓഫീസർ, രാജ്ഭാഷാ അധികാരി തസ്തികകളിൽ റീസണിംഗ്. ഇംഗ്ലീഷ് ലാംഗ്വേജ്, ജനറൽ അവയർനെസ് വിത്ത് സ്പെഷൽ റഫറൻസ് ടു ബാങ്കിംഗ് ഇൻഡസ്ട്രി എന്നീ വിഷയങ്ങളിൽനിന്നു ചോദ്യങ്ങളുണ്ടാകും.
മറ്റു തസ്തികകളിൽ റീസണിംഗ്, ഇംഗ്ലീഷ് ലാംഗ്വേജ്. ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് എന്നീ വിഷയങ്ങളിൽനിന്നുള്ള ചോദ്യങ്ങളാണുണ്ടാവുക. നെഗറ്റീവ് മാർക്കുണ്ട്. മെയിൻ പരീക്ഷ ഡിസംബറിൽ. ഫെബ്രുവരി/മാർച്ചിൽ ഇന്റർവ്യൂ. 100 മാർക്കിന്റേതാണ് ഇന്റർവ്യൂ. അലോട്ട്മെന്റ് ഏപ്രിലിൽ.
പരീക്ഷാകേന്ദ്രങ്ങൾ: കേരളത്തിൽ കണ്ണൂർ, എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, ത്യശൂർ, തിരുവനന്തപുരം, മലപ്പുറം, പാലക്കാട്, ആലപ്പുഴ എന്നിവിടങ്ങളിലാണു പരീക്ഷാകേന്ദ്രം. എറണാകുളത്തും കോഴിക്കോടും തിരുവനന്തപുരത്തുമാണു മെയിൻ പരീക്ഷാകേന്ദ്രം.
അപേക്ഷാഫീസ്: 850 രൂപ. പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്കു 175 രൂപ. ഓൺലൈനിലൂടെ ഫീസ് അടയ്ക്കാം.
ഓൺലൈൻ അപേക്ഷ: www.ibps.in എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ അപേക്ഷ അയയ്ക്കാം. നിർദേശങ്ങൾ വെബ്സൈറ്റിൽ.