ബിരുദധാരികൾക്കു പഞ്ചാബ് നാഷണൽ ബാങ്കിൽ അപ്രന്റിസ് ആകാം. കേരളത്തിൽ ഉൾപ്പെടെ 2,700 ഒഴിവ്. ജൂലൈ 14 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപ്രന്റിസ് ആക്ട് 1961 പ്രകാരം ഒരു വർഷമാണു പരിശീലനം. കേരളത്തിൽ 22 ഒഴിവാണുള്ളത്. തിരുവനന്തപുരം (10), എറണാകുളം (7), കോഴിക്കോട് (5) സർക്കിളുകളിലാണ് അവസരം.
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ ഒൗദ്യോഗിക/പ്രാദേശികഭാഷയിൽ പ്രാവീണ്യം വേണം. പ്രായം: 20-28 (അർഹർക്കു നിയമാനുസൃത ഇളവ്), പട്ടികവിഭാഗത്തിന് അഞ്ചും മറ്റു പിന്നാക്ക വിഭാഗക്കാർക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവ്.
വിധവകൾക്കും വിവാഹമോചിതരായ സ്ത്രീകൾക്കും ഇളവുണ്ട്. യോഗ്യതയും പ്രായവും 2024 ജൂണ്‍ 30 അടിസ്ഥാനമാക്കി കണക്കാക്കും. തെരഞ്ഞെടുപ്പ്: ഓണ്‍ലൈൻ പരീക്ഷ, പ്രാദേശികഭാഷാ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിൽ. ജൂലൈ 28നാണു പരീക്ഷ.
ജനറൽ ഫിനാൻഷ്യൽ അവെയർനെസ്, ജനറൽ ഇംഗ്ലീഷ്, ക്വാണ്ടിറ്റേറ്റിവ് ആൻഡ് റീസണിംഗ് ആപ്റ്റിറ്റ്യൂഡ്, കംപ്യൂട്ടർ നോളജ് എന്നിവയുൾപ്പെടുന്ന ഒരു മണിക്കൂർ പരീക്ഷയാണ്. പത്ത് അല്ലെങ്കിൽ 12-ാം ക്ലാസ് വരെ പ്രാദേശികഭാഷ പഠിച്ചതിന്റെ രേഖ (മാർക്ക് ഷീറ്റ്/സർട്ടിഫിക്കറ്റ്) ഹാജരാക്കുന്നവർക്കു ലോക്കൽ ലാംഗ്വേജ് ടെസ്റ്റ് ബാധകമല്ല.
അപേക്ഷാഫീസ്: 800 രൂപ (പട്ടികവിഭാഗം, വനിതകൾക്ക് 600 രൂപ, ഭിന്നശേഷിക്കാർക്കു 400 രൂപ). ഓണ്‍ലൈനായി അടയ്ക്കാം. അപേക്ഷിക്കേണ്ട വിധം: രജിസ്ട്രേഷൻ ഉൾപ്പെടെ കാര്യങ്ങൾ www.bfsissc.com എന്ന വെബ്സൈറ്റിലൂടെയാണു ചെയ്യേണ്ടത്. ഓണ്‍ലൈൻ രജിസ്ട്രേഷൻ സംബന്ധിച്ച വിശദവിവരങ്ങൾ www.pnbindia.in എന്ന വെബ്സൈറ്റിൽ.