ന്യൂഡൽഹി: അബ്ദുൾ നാസർ മഅദനി പ്രതിയായ ബംഗളൂരു സ്ഫോടനക്കേസിൽ നാല് മാസത്തിനകം വിചാരണക്കോടതി വിധി പറയണമെന്ന് സുപ്രീംകോടതി.
നാലുമാസത്തിനകം അന്തിമവാദം പൂർത്തിയാക്കി വിധി പറയണമെന്ന് ജസ്റ്റീസ് എം.എം. സുന്ദരേഷ് അധ്യക്ഷനായ ബെഞ്ചാണ് വിചാരണക്കോടതിക്ക് നിർദേശം നൽകിയത്.
കേസിലെ മറ്റൊരു പ്രതി താജുദ്ദീൻ നൽകിയ ഹർജിയിലാണ് ഉത്തരവ്. 16 വർഷമായി വിചാരണ പൂർത്തിയാകാതെ താൻ ജയിലിൽ ആണെന്ന് ചൂണ്ടിക്കാട്ടി താജുദ്ദീൻ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
പിന്നാലെ ഹർജി പരിഗണിച്ച കോടതി അന്തിമവാദങ്ങൾ പൂർത്തിയാക്കി വിധി പറയണമെന്ന് നിർദേശം നൽകുകയായിരുന്നു. 2008ല് ബംഗളൂരുവിൽ നടന്ന സ്ഫോടന പരമ്പരകളിൽ 31ാം പ്രതിയാണ് മഅദനി. കേസിലെ 28ാം പ്രതിയാണ് താജുദ്ദീൻ.
കേസിൽ വിചാരണ തടവുകാരനായി പരപ്പന അഗ്രഹാര ജയിലിൽ കഴിയുകയായിരുന്ന മഅദനി നിലവിൽ ജാമ്യത്തിലാണ്. രോഗിയായ അദ്ദേഹം സുപ്രീംകോടതി നൽകിയ ജാമ്യവ്യവസ്ഥയിൽ കേരളത്തിൽ ചികിത്സയിലാണ്.