മാവേലിക്കര: പാവങ്ങളുടെ പക്ഷംപിടിച്ച മനുഷ്യ സ്നേഹത്തിന് മഹനീയ മാതൃക പകർന്ന വലിയ ഇടയനായിരുന്നെന്നു ഫ്രാൻസിസ് മാർപാപ്പയെന്ന് മാവേലിക്കര ബിഷപ്പും കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ ചെയർമാനുമായ ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത.
തന്റെ വ്യത്യസ്ഥമായ അജപാലന നിലപാടുകളിലൂടെ വർത്തമാനകാലത്തിന്റെ ശബ്ദമായിരുന്നു മാർപാപ്പ. മനുഷ്യ സമൂഹത്തിലെ നിരാലംബർക്ക് അദ്ദേഹം അവസാന അത്താണിയായിരുന്നു. കാലത്തിന് അനുസൃതമായി സഭയെയും സമൂഹത്തെയും നയിച്ച വ്യക്തിത്വമാണ് മാർപാപ്പയുടേതെന്നും അദ്ദേഹം അനുസ്മരിച്ചു.
സമാധാനം കാംക്ഷിച്ച സകലർക്കും പിന്തുണയും പ്രോത്സാഹനവും മാർപാപ്പ നൽകി. നിസ്വനരുടെ സ്വന്തം എന്ന നിലയിൽ പാവങ്ങളെയും തടവറവാസികളെയും കരുതലോടെ ഉൾക്കൊണ്ടു. പരിസ്ഥിതിയുടെ മൂല്യവും വിശുദ്ധിയും മാർപാപ്പ ഉയർത്തിക്കാട്ടി. പരിസ്ഥിതിയുടെ താളക്രമത്തിന് വരുത്തുന്ന ഓരോ വ്യതിയാനവും ഏറ്റു പറയേണ്ട പാപമാണെന്ന് അദ്ദേഹം പഠിപ്പിച്ചു.
മാനവികതയുടെ വക്താവായി അസഹിഷ്ണുതയെ മാർപാപ്പ എന്നും അപലപിച്ചു. ആട്ടിയോടിക്കപ്പെടുന്ന അഭയാർഥികളെ കരുണയോടെ ചേർത്ത് നിർത്തിയ പൊതുഭവനത്തിന്റെ കാവലാളായിരുന്ന അദ്ദേഹം. ആടുകളുടെ മണമുള്ള ഇടയൻ എന്ന വിശേഷണം അന്വർഥമാക്കിയുള്ള അജപാലന സമീപനമാണ് മാർപാപ്പ സ്വീകരിച്ചത്.
സ്വരമില്ലാത്തവരുടെ സ്വരമായ ഇടയൻ, അവഗണിക്കപ്പെട്ടവരെ ആശ്വസിപ്പിച്ച ഇടയൻ, പാർശ്വത്ക്കരിക്കപ്പെട്ടവരെ പേരെടുത്തു വിളിച്ച ഇടയൻ തുടങ്ങി ലാളിത്യത്തിന്റെ ആൾരൂപമായ മാർപാപ്പയുടെ വിശേഷണങ്ങൾ നിരവധിയാണ്.
ദൈവത്തിനും ദൈവജനത്തിനുമായി സമർപ്പിതമായ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. യുദ്ധക്കെടുതികളെ മുഖം നോക്കാതെ അദ്ദേഹം എന്നും അപലപിച്ചിരുന്നു. വിഭാഗീയതയുടെയും വെറുപ്പിന്റേയും സംസ്കാരത്തിൽ കൂട്ടായ്മയുടെ മാതൃക കാട്ടിയ സ്നേഹഗായകനായ മാർപാപ്പ ലാളിത്യം ജീവിതത്തിലും പ്രവർത്തനത്തിലും പ്രകടിപ്പിച്ച നല്ലയിടനായിരുന്നുവെന്നും ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് അനുസ്മരിച്ചു.